Fri. Mar 29th, 2024

ബാലവേല: വിവരം നല്‍കുന്ന വ്യക്തിക്ക് പാരിതോഷികം: മന്ത്രി വീണാ ജോർജ്

By admin Dec 14, 2021 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ബാലവേല തടയുന്നതിൻ്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ, വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ്. ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തിക്ക് 2,500 രൂപയാണ് ഇന്‍സന്റീവ് നല്‍കുന്നത്. ബാലവേല നിയമപരമായി നിരോധിയ്ക്കുകയും അത് ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്തിട്ടുണ്ട്.

ബാലവേല കേരളത്തില്‍ കുറവാണെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളോടൊപ്പവും ഇടനിലക്കാര്‍ വഴിയും കുട്ടികളെ കേരളത്തില്‍ ജോലി ചെയ്യിപ്പിക്കുന്നതിനായി കൊണ്ടുവരുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. പൊതുജനങ്ങളുടെ പങ്കാളിത്തം ഉണ്ടെങ്കില്‍ മാത്രമേ ഇത്

തടയുന്നതിന് സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ചൈല്‍ഡ് ആന്റ് അഡോളസെന്റ് ലേബര്‍ (പ്രൊഹിബിഷന്‍ ആന്റ് റെഗുലേഷന്‍) നിയമപ്രകാരം 14 വയസ് പൂര്‍ത്തിയാകാത്ത കുട്ടികളെ ജോലിയില്‍ ഏര്‍പ്പെടുത്താന്‍ പാടില്ല.

14 വയസ് കഴിഞ്ഞതും 18 വയസ് പൂര്‍ത്തിയാകാത്തതുമായ കുട്ടികളെ അപകടകരമായ ജോലികളില്‍ ഏര്‍പ്പെടുത്താന്‍ പാടില്ലായെന്നും നിയമത്തില്‍ പരാമര്‍ശിയ്ക്കുന്നു. പല കാരണങ്ങള്‍ കൊണ്ട് കുട്ടികള്‍ ജോലി ചെയ്യേണ്ടി വരുമ്പോള്‍ അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ ദോഷകരമായി ബാധിയ്ക്കുന്നു. കോവിഡ് കാലത്ത് പല സ്ഥലങ്ങളിലും ബാലവേല റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യവുമുണ്ടായിരുന്നു. അതിനാലാണ് ബാലവേല തടയാന്‍ പൊതുജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്താന്‍ ഈ പദ്ധതി ആരംഭിക്കുന്നത്.

ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അല്ലെങ്കില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെയായിരിക്കണം രഹസ്യ വിവരങ്ങള്‍ അറിയിക്കേണ്ടത്. ഇവരുടെ ഫോണ്‍ നമ്പരുകള്‍ http://wcd.kerala.gov.in/offices_icps.php എന്ന ലിങ്കില്‍ നല്‍കിയിട്ടുണ്ട്. വ്യക്തികള്‍ നല്‍കുന്ന വിവരത്തിൻ്റെ  അടിസ്ഥാനത്തില്‍ ഈ ഉദ്യോഗസ്ഥന്‍, തൊഴില്‍, പോലീസ്, മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടെ ബാലവേല തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. അര്‍ഹരായവര്‍ക്ക് രഹസ്യ സ്വഭാവത്തോടെ പാരിതോഷിക തുക നല്‍കുന്നതാണ്

Facebook Comments Box

By admin

Related Post