Wed. May 1st, 2024

മരുമകളുടെ പേരുമാറ്റി ലാലു; തേജസ്വിയുടെ വധു റെയ്ച്ചൽ ഇനി രാജശ്രീ

By admin Dec 15, 2021 #news
Keralanewz.com

പട്ന:അമ്മാവൻ സാധുയാദവിന്റെ ഉഗ്രശാസനത്തെ വകവെക്കാതെയാണ് രാഷ്ട്രീയ ജനതാദളിന്റെ യുവനായകൻ തേജസ്വി യാദവ് ക്രിസ്തുമതക്കാരിയായ പ്രണയിനി റെയ്ച്ചൽ ഐറിസിന്റെ കഴുത്തിൽ മിന്നുചാർത്തിയത്. എന്നാൽ, പാർട്ടിയധ്യക്ഷനും അച്ഛനുമായ ലാലു പ്രസാദ് യാദവിന്റെ നിർദേശം ശിരസ്സാവഹിക്കാൻ മടിച്ചില്ല. വധുവിന്റെ േപരു മാറ്റി. രാജശ്രീ എന്ന പേരിലാണ് റെയ്ച്ചൽ ഇനി അറിയപ്പെടുക.

വിളിക്കാനുള്ള സൗകര്യത്തിനായാണ് പേരുമാറ്റമെന്നാണ് തേജസ്വി പറയുന്നത്. അച്ഛനാണ് പുതിയപേരു നിർദേശിച്ചത്. വിശ്വാസമോ മതമോ അതിൽ സ്വാധീനം ചെലുത്തിയിട്ടില്ല. റെയ്ച്ചലിനെ ആരും നിർബന്ധിച്ചിട്ടുമില്ല -മുപ്പത്തിരണ്ടുകാരനായ തേജസ്വി അവകാശപ്പെടുന്നു. ഇരുവരും പഴയ സ്കൂൾ സഹപാഠികളാണ്. രണ്ടു ദശാബ്ദത്തോളം കാത്തുവെച്ച പ്രണയം.

ഡൽഹിയിൽ തികച്ചും സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം. വധുവിന്റെ പേരോ കുടുംബവിവരമോ പുറത്തുവിട്ടിരുന്നില്ല. കല്യാണനിശ്ചയമാണെന്നായിരുന്നു ആദ്യറിപ്പോർട്ടുകൾ. വിവാഹശേഷമാണ് വിവരം പുറംലോകമറിയുന്നത്. അതിനും തേജസ്വിക്കു കാരണങ്ങളുണ്ട്. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയുമൊക്കെ വിളിച്ച് ആർഭാടമാക്കാമായിരുന്നു. എന്നാൽ, രണ്ടു കുടുംബങ്ങൾക്കും പരസ്പരം ഇടപഴകാനും പരിചയപ്പെടാനുമൊക്കെ അവസരമൊരുക്കാൻ വേണ്ടിയാണ് ചടങ്ങ് സ്വകാര്യമാക്കിയത്. കോവിഡും കല്യാണം ലളിതമായിനടത്താൻ കാരണമായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ അൻപതിലേറെ പേരാണ് പങ്കെടുത്തത്. ലാലു-റാബ്രിദേവി ദമ്പതിമാരുടെ ഇളയമകനും ബിഹാറിലെ പ്രതിപക്ഷനേതാവുമായ തേജസ്വിക്കു പക്ഷേ, നാട്ടുകാരെ അങ്ങനെയങ്ങ് ഉപേക്ഷിക്കാനാവില്ല. കല്യാണവിരുന്ന് പട്നയിൽ ഒരാഴ്ചയ്ക്കുള്ളിലുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുപറയുന്നു.

ഡൽഹിയിൽ നാലുദിവസത്തെ ആഘോഷത്തിനു ശേഷം തിങ്കളാഴ്ച രാത്രിയാണ് തേജസ്വിയും നവവധുവും പട്നയിലെത്തിയത്. പാർട്ടിക്കാരുണ്ടോ വെറുതെ വിടുന്നു, ബാന്റ് മേളവും നൃത്തവും പാട്ടുമായി വിമാനത്താവളത്തിൽനിന്ന് ആഘോഷമായാണ് വധൂവരന്മാരെ വീട്ടിലെത്തിച്ചത്.

എന്നാൽ, അമ്മാവനും മുൻ എം.പി.യുമായ സാധു യാദവിന്റെ രോഷമടങ്ങിയിട്ടില്ല. “അന്യമതത്തിൽപ്പെട്ട പെൺകുട്ടിയെ ആരോടും ചോദിക്കാതെ കല്യാണം കഴിച്ച അവൻ കുടുംബത്തിന്റെ പേരു കളഞ്ഞുകുളിച്ചു. ഞങ്ങളെ ഭരിക്കാൻ നോക്കുകയാണവൻ. അവനെ പാഠം പഠിപ്പിക്കുകതന്നെ ചെയ്യും. ബിഹാറിന്റെ പ്രതിപക്ഷനേതാവായിരിക്കാൻ അവന് ഒരർഹതയുമില്ല” -റാബ്രിദേവിയുടെ സഹോദരനായ സാധു പറയുന്നു.

തത്കാലം അമ്മാവനെ പിണക്കേണ്ടെന്നാണ് തേജസ്വിയുടെ നിലപാട്. “കുടുംബത്തിലെ മൂത്തവരിലൊരാളാണ് അദ്ദേഹം. അതിന്റെ ബഹുമാനം എനിക്കുണ്ട്. എന്നാൽ, ഞങ്ങൾ സോഷ്യലിസ്റ്റുകളാണ്, രാംമനോഹർ ലോഹ്യയുടെ അനുയായികളാണ്. ജാതിയിലും മതത്തിലുമൊന്നുമല്ല പ്രാധാന്യം കൊടുക്കുന്നത്” -തേജസ്വി പറയുന്നു

Facebook Comments Box

By admin

Related Post