Tue. Apr 16th, 2024

വെള്ളച്ചാട്ടത്തിൽ വീണ യുവതിയേയും ബാലനെയും രക്ഷിക്കാൻ കെഎസ്ആർടിസി ഡ്രൈവർ ചാടിയത് ജീവൻ പോലും തൃണവത്ഗണിച്ച്; കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ കിഷോർ ഇപ്പോൾ നാട്ടുകാരുടെ ഹീറോ

By admin Dec 16, 2021 #news
Keralanewz.com

കോട്ടയം: ശമ്പളം കിട്ടാതെ ദുരിതത്തിലാണ് കെ എസ് ആർ ടി സി ജീവനക്കാർ. എന്നാൽ, തങ്ങളുടെ ദുരിതത്തിനിടയിലും മനുഷ്യസ്നേഹത്തിന്റെ ജ്വലിക്കുന്ന കഥകളാണ് കെഎസ്ആർടിസി ജീവനക്കാരെ കുറിച്ച് പുറത്തുവരുന്നത്. അത്തരത്തിൽ ഒരാളാണ് കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ പിണ്ടിമന സ്വദേശി കിഷോർ. വനമധ്യത്തിലെ പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിൽ മരണത്തെ മുഖാമുഖം കണ്ട വിനോദയാത്ര സംഘത്തിലെ 12 കാരനെയും ബന്ധുവായ യുവതിയെയും സ്വന്തം ജീവൻ പോലും തൃണവത്​ഗണിച്ചാണ് കിഷേർ രക്ഷപെടുത്തിയത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം. കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നുള്ള ‘ജംഗിൾ സഫാരി’ബസ്സിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. മൂവാറ്റുപുഴ രണ്ടാർകര സ്വദേശിനി നിസയും ഇവരുടെ ബന്ധുവായ 12 കാരനുമാണ് വെള്ളത്തിൽ പതിച്ചത്. ഇതുകണ്ട ബസിലെ ഡ്രൈവർ കിഷേർ ഉടൻ വെള്ളത്തിലേയ്ക്ക് ചാടി. മുട്ടിലിരുന്ന് ഇവരെയും വലിച്ചുകയറ്റി പാറപ്പുറത്തെത്തിച്ചു.

ആന ചാടിയാൽ പോലും രക്ഷപെടാറില്ലന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്ന കയത്തിൽ പൊലിയുമായിരുന്ന രണ്ട് ജീവനുകളാണ് കിഷോറിന്റെ തക്കസമയത്തുള്ള ഇടപെടൽ മൂലം രക്ഷപെട്ടത്. രണ്ടു തട്ടായിട്ടാണ് ഇവിടെ വെള്ളം താഴേയ്ക്ക് പതിക്കുന്നത്. ഏതാണ്ട് 7 അടിയോളം ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളം കുറച്ചുദൂരം പരന്നുകിടക്കുന്ന പാറപ്പുറത്തുകൂടി ഒഴുകി പതിക്കും. വെള്ളം നിരന്നൊഴുകുന്ന ഭാഗത്തും ഇരുവശങ്ങളിലു നന്നായി വഴുക്കലുണ്ട്. ഇതുവഴി നടക്കുമ്പോൾ തെന്നിവീണാണ് 12 കാരൻ വെള്ളത്തിൽ പതിച്ചത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബന്ധുവായ യുവതിയും വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു.

കിഷോറിന്റെ കൈകളിൽ നിന്നും വഴുതിപ്പോയിരുന്നെങ്കിൽ ഇവർ ഗർത്തിൽ പതിക്കാൻ സാധ്യതയുണ്ടായിരുന്നെന്നാണ് സംഭവത്തിന് ദൃസാക്ഷികളായവർ പറയുന്നത്. ഈ വള്ളച്ചാട്ടത്തിൽ പതിച്ചാൽ മൃതദ്ദേഹം പോലും ലഭിക്കാൻ സാധ്യതയില്ലെന്നാണ് നാട്ടുകാരുടെ വിവരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. വെള്ളച്ചാട്ടത്തിൽ നിന്ന് കരയ്ക്ക് കയറിയപ്പോൾ കാലിന്റെ മുട്ടുകൾക്ക് വേദന തോന്നിയിരുന്നു.ഇത് വകവയ്ക്കാതെ വീണ്ടും ബസ്സ് ഓടിച്ചു. വൈകുന്നേരമായപ്പോഴേയ്ക്കും കാലിൽ നീരുവയ്ക്കാൻ തുടങ്ങി. ട്രിപ്പ് അവസാനിപ്പിച്ച ശേഷം ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോഴാണ് ചതവുണ്ടെന്ന് വ്യക്തമായത്.

ഇതെത്തുടർന്നിപ്പോൾ മെഡിക്കൽ ലീവിലാണ്. മാതൃക ഡ്രൈവർ ഉൾപ്പെടെ കെ എസ് ആർ ടി സിയിൽ നിന്നും നിരവധി ബഹുമതികൾ കിഷോറിന് ലഭിച്ചിട്ടുണ്ട്. കോതമംഗലത്തുനിന്നും ആരംഭിച്ച് കുട്ടമ്പുഴ, മാമലക്കണ്ടം, പഴമ്പിള്ളിച്ചാൽ, പെരുമ്പൻകുത്ത്, ലക്ഷി എസ്റ്റേറ്റ് വഴി മൂന്നാറിൽ എത്തുന്ന രീതിയിലാണ് സഫാരി യാത്ര ക്രമീകരിച്ചിട്ടുള്ളത്. പെരുമ്പൻകുത്ത് ജംഗ്ഷനിൽ നിന്നും 400 മീറ്ററോളം അകലെ വനത്തിനുള്ളിലാണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഇവിടേയ്ക്ക് വാഹനസൗകര്യം ഇല്ല. ജംഗ്ഷനിൽ ബസ്സ് നിർത്തിയ ശേഷം കെ എസ് ആർ ടി സി ജീവനക്കാർ യാത്രക്കാരെ വെള്ളച്ചാട്ടം കാണിക്കാൻ കൊണ്ടുപോകുകയാണ് പതിവ്.

കഴിഞ്ഞ ഞായറാഴ്ച ജംഗിൾ സാഫാരി ട്രിപ്പിൽ 5 ബസുകളുണ്ടായിരുന്നു. രണ്ടാർകരയിൽ നിന്നുള്ളവർ പ്രത്യേക ഗ്രൂപ്പായി ബുക്കു ചെയ്യുകയായിരുന്നു. ജനുവരി 31 വരെയുള്ള ദിവസങ്ങളിലെ യാത്രകൾ ഇതിനകം ബുക്കിങ് പൂർത്തിയായികഴിഞ്ഞതായിട്ടാണ് സൂചന. ഇപ്പോൾ മെഡിക്കൽ ലീവിലുള്ള കിഷോറിന് വരും ദിവസങ്ങളിൽ ആദരവ് നൽകുവാനുള്ള ഒരുക്കത്തിലാണ് മുവാറ്റുപുഴ രണ്ടാർ നിവാസികൾ.

മൂന്നാറിന്റെ അതിരിലാണ് മാങ്കുളം. അടിമാലി കഴിഞ്ഞ് കല്ലാറിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞു ഏലക്കാടുകൾക്കിടയിലൂടെയുള്ള കുഞ്ഞുവഴിയാണ് മാങ്കുളത്തേക്കു നമ്മെ നയിക്കുക. മാങ്കുളം പഞ്ചായത്ത് പരിധിയിലാണ് ഒളിഞ്ഞിരിക്കുന്ന പെരുമ്പൻകുത്ത് വെള്ളച്ചാട്ടം. മാങ്കുളം സഞ്ചാരികൾക്ക് ഒരു സ്വപ്നഗ്രാമമാണ്. വെള്ളച്ചാട്ടങ്ങളും കാടും ഗ്രാമങ്ങളുമുള്ള, എന്നാൽ അധികമാരും കയറിച്ചെന്നിട്ടില്ലാത്ത അതിസുന്ദരഗ്രാമം. സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് കെഎസ്ഇബിക്കു നൽകുന്ന പഞ്ചായത്താണ് മാങ്കുളം.

മൂന്നാറിലേക്കു പോകുമ്പോൾ കല്ലാർ വഴി ആനക്കുളത്തൊന്നു കയറാം. അല്ലെങ്കിൽ ആനക്കുളത്തേക്കു മാത്രമായി ചെല്ലുകയുമാകാം. പതിനെട്ടു കിലോമീറ്റർ ദൂരമുണ്ട് മാങ്കുളത്തേക്ക്. വഴിയിൽ ചെറു വെള്ളച്ചാട്ടങ്ങൾ കാണാം.ഇടതുവശത്ത് താഴ്‌‌‌വാരങ്ങൾ. അങ്ങകലെ ചെറുമലനിരകളുടെ മേൽ മഞ്ഞുമേലാപ്പുകെട്ടുന്നുണ്ട്. ആ സാഹസികവഴി എത്തുന്നത് ഒരു ചെറു നദിക്കരയിൽ. അതാണു ആനക്കുളം. മുട്ടോളം വെളളമേയുള്ളൂ പുഴയിൽ. കുളിർജലം. പുഴയോരത്തും പുഴയിലും പച്ചപ്പുല്ലുകൾ. ഇടത്തോട്ടു വേണമെങ്കിൽ പുഴയോരത്തുകൂടി ഏറെദൂരം നടക്കാം. പുഴ കടന്നാൽ അക്കരെ കുട്ടമ്പുഴ വനമേഖല. അവിടെനിന്നാണ് ആനകൾ പുഴയിലേക്കിറങ്ങുക. പുഴയ്ക്കടിയിൽനിന്നു വരുന്ന ഉപ്പുരസമുള്ള കുമിളകൾ ആസ്വദിക്കാനാണത്രേ ആനകൾ വരുന്നത്

Facebook Comments Box

By admin

Related Post