Fri. Apr 19th, 2024

പിഎസ്‌സി തീരുമാനം അംഗീകരിച്ച്‌ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍

By admin Jan 29, 2022 #psc
Keralanewz.com

തിരുവനന്തപുരം∙ പിഎസ്‌സി ചുരുക്കപ്പട്ടികയുടെ വലുപ്പം കൂട്ടണമെന്ന ആവശ്യം നിലനില്‍ക്കില്ലെന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍.

ചുരുക്കപ്പട്ടിക സംബന്ധിച്ച പിഎസ്‍സി തീരുമാനം നിയമാനുസൃതമാണെന്ന് അംഗീകരിച്ച ട്രൈബ്യൂണല്‍, പട്ടിക വിപുലീകരിക്കണമെന്ന ആവശ്യം തള്ളിയെന്നും പിഎസ്‍സി സെക്രട്ടറി അറിയിച്ചു.

മലപ്പുറം ജില്ലയില്‍ എല്‍പി സ്കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് കഴിഞ്ഞ ഓഗസ്റ്റ് 26നു പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം നിശ്ചയിച്ചതു നിയമാനുസൃതമാണെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബര്‍ 8ന് ആണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മലപ്പുറം ജില്ലയില്‍ ചുരുക്കപ്പട്ടിക തയാറാക്കിയപ്പോള്‍ 477 ഒഴിവ് ഉണ്ടായിരുന്നുവെന്നും അതനുസരിച്ച്‌ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തിയില്ലെന്നും പട്ടികയുടെ വലുപ്പം കൂട്ടാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു 3 ഉദ്യോഗാര്‍ഥികളാണു ട്രൈബ്യൂണലിനെ സമീപിച്ചത്.

സമാന വിഷയങ്ങളിലെ മുന്‍ ഉത്തരവുകളും പിഎസ്‍സി നടപടിക്രമങ്ങളും പരിശോധിച്ച ട്രൈബ്യൂണല്‍, പിഎസ്‍സിയുടെ തീരുമാനം നിയമവിധേയമാണെന്നു കണ്ടെത്തി. റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ നികത്താന്‍ ആവശ്യമായ ഉദ്യോഗാര്‍ഥികളെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അധികാരം പിഎസ്‍സിക്കുണ്ട്. മലപ്പുറം ജില്ലയില്‍ എല്‍പി സ്കൂള്‍ ടീച്ചര്‍ തസ്തികയിലേക്കു റിപ്പോര്‍ട്ട് ചെയ്ത ഒഴിവു നികത്താനുള്ള ഉദ്യോഗാര്‍ഥികളെ മുഖ്യപട്ടികയിലും സപ്ലിമെന്ററി പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി.

തിരഞ്ഞെടുപ്പു പ്രക്രിയ തുടര്‍നടപടിയാണെന്നും നിലവിലെ റാങ്ക്‌പട്ടികയില്‍ ഉള്‍പ്പെട്ടവരെ മാത്രമല്ല, ഭാവിയില്‍ അര്‍ഹത നേടുന്നവരെയും തുല്യനീതിയോടെ കാണണമെന്നാണു ട്രൈബ്യൂണല്‍ നിര്‍ദേശമെന്നും പിഎസ്‍ സി സെക്രട്ടറി അറിയിച്ചു.

Facebook Comments Box

By admin

Related Post