Sat. Apr 20th, 2024

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം: ഫെബ്രുവരി 19 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

Keralanewz.com

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം ഫെബ്രുവരി 19 വൈകുന്നേരം മൂന്ന് മണിക്ക് കോവളം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥികളായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ പങ്കെടുക്കും.

പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവ് ബല്‍വന്ത് റായ് മേത്തയുടെ ജന്‍മദിനമായ 19ന് സംഘടിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ വേദിയില്‍ വെച്ചാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നടത്തുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ‘വകുപ്പ് സംയോജനത്തിന് മുമ്ബ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പഞ്ചായത്ത് ദിനാഘോഷവും മുനിസിപ്പല്‍ ദിനാഘോഷവുമൊക്കെ നടത്തിയിരുന്നു. വകുപ്പ് സംയോജനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇനി മുതല്‍ തദ്ദേശ സ്വയംഭരണ ദിനാഘോഷമാണ് സംഘടിപ്പിക്കുക. തദ്ദേശ സ്വയംഭരണ ദിനാഘോഷം ഗ്രാമ-നഗര സംവിധാനങ്ങള്‍ ഒന്നിച്ച്‌ നടത്തുന്നതിനാല്‍ ത്രിതല പഞ്ചായത്ത് അസോസിയേഷനുകളെ കൂടാതെ മുനിസിപ്പല്‍ ചെയര്‍മാന്‍, മേയര്‍ അസോസിയേഷനുകളും സംഘാടകസമിതിയുടെ ഭാഗമാകുമെന്ന്’ മന്തി പറഞ്ഞു.

‘മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫിയും മഹാത്മാ തൊഴിലുറപ്പ് പദ്ധതിയിലും മഹാത്മാ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലും മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരവും ഇതോടനുബന്ധിച്ച്‌ വിതരണം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ പുരസ്‌കാരങ്ങളും ഇതോടൊപ്പം നല്‍കും. പഞ്ചായത്ത് സംവിധാനത്തിന് നല്‍കിയിരുന്ന സ്വരാജ് ട്രോഫി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഈ വര്‍ഷം മുതല്‍ നല്‍കും. തൊഴിലുറപ്പ് മേഖലയില്‍ ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്‌കാരം നഗരമേഖലയിലും ഏര്‍പ്പെടുത്തുകയാണെന്നും’ മന്ത്രി വ്യക്തമാക്കി.

‘സംയോജിത തദ്ദേശ സ്വയംഭരണ സര്‍വ്വീസ്, നവകേരള കര്‍മ്മ പരിപാടി എന്നീ വിഷയങ്ങളെ ആസ്പദമാക്കി 19ന് സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷം: പുതുതലമുറ വെല്ലുവിളികളും സാധ്യതകളും, അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയയില്‍ നിന്നും സമാനതകളില്ലാത്ത ദാരിദ്ര്യ ലഘൂകരണ പ്രക്രിയയിലേക്ക്, വാതില്‍പ്പടി സേവനം-സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ 18ന് ഓണ്‍ലൈന്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ല ഒഴികെയുള്ള ജില്ലകളില്‍ 19ന് ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും സെമിനാറുകളും ചര്‍ച്ചയും സംഘടിപ്പിക്കും. ജില്ലാ തല ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാതല ആഘോഷ പരിപാടിയില്‍ വിതരണം ചെയ്യുമെന്ന്’ അദ്ദേഹം അറിയിച്ചു.

‘അഞ്ച് വകുപ്പുകളിലുള്ള മുപ്പതിനായിരത്തിലേറെ വരുന്ന ജീവനക്കാരെ ഏകീകരിച്ചാണ് ഏകീകൃത വകുപ്പ് നിലവില്‍ വരുന്നത്. പ്രാദേശിക വികസന കാര്യങ്ങളിലും ആസൂത്രണത്തിലും ദുരന്തനിവാരണം, മാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങളിലും യോജിച്ച്‌ പ്രവര്‍ത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിലവില്‍ വ്യത്യസ്ത വകുപ്പുകളിലായി പരസ്പര ബന്ധമില്ലാതെയിരിക്കുന്ന അവസ്ഥയ്ക്ക് വകുപ്പ് ഏകീകരണത്തോടെ വിരാമമാകും. ജീവനക്കാര്‍ പൊതുസര്‍വ്വീസിന്റെ ഭാഗമാകുന്നതോടെ ത്രിതല പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഇടയില്‍ ഉണ്ടാവേണ്ട സഹകരണം സ്വാഭാവികമായും യാഥാര്‍ത്ഥ്യമാകും. കാലോചിതമായ മാറ്റത്തിലൂടെ ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതയും പ്രവര്‍ത്തനവേഗവും വര്‍ധിക്കുമ്ബോള്‍ ജനങ്ങള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാകുമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post