Thu. Mar 28th, 2024

പി ജയരാജനെയും ഷംസീറിനെയും വെട്ടിനിരത്തിയതിന് പിന്നില്‍ കാരണങ്ങള്‍ പലത്, പാര്‍ട്ടിയില്‍ തുറക്കുന്നത് പുതിയ പോര്‍മുഖം

Keralanewz.com

കൊച്ചി: ഗ്രൂപ്പിസത്തിന്റെ ചൂടും ചൂരുമില്ലാതെ ഇത്തവണത്തെ സി പി എം സംസ്ഥാന സമ്മേളനം സമാപനത്തോട് അടുക്കുകയാണ്

പുറമേ പൊട്ടലും ചീറ്റലുമൊന്നുമില്ലാതെ, മാദ്ധ്യമങ്ങള്‍ക്ക് ചൂടുള്ള വാര്‍ത്തകള്‍ സമ്മാനിക്കാതെ സംസ്ഥാന സമിതിയിലേക്കും സെക്രട്ടേറിയറ്റിലേക്കുമുള്ളവരുടെ തിരഞ്ഞെടുപ്പും കഴിഞ്ഞു. കേന്ദ്രകമ്മിറ്റി മുന്നോട്ടുവച്ച 75 വയസെന്ന പ്രായപരിധി കര്‍ശനമായി പാലിച്ച്‌ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ കമ്മിറ്റികളില്‍ നിന്നൊഴിവാക്കുകയും യുവതലമുറയെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പ്രശ്നങ്ങളില്ലാത്ത സമ്മേളനം എന്ന് നേതൃത്വം ഇടയ്ക്കിടെ അടിവരയിട്ട് പറയുന്നുണ്ടെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇത്തവണയും ചില വെട്ടിനിരത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പാര്‍ട്ടിയോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. പി ജയരാജന്‍, എ എന്‍ ഷംസീര്‍ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നൊഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇപ്പോഴും കണ്ണിലെ കരടുതന്നെ

ഏറെ നാളായി സി പി എം സംസ്ഥാന നേതൃത്വത്തിന് പി ജയരാജന്‍ അനഭിമതനാണ്. വ്യക്തി പൂജാ വിവാദത്തോടയാണ് ഇതിന് തുടക്കം കുറിച്ചത്. പി ജയരാജനെ ഉയര്‍ത്തിക്കാട്ടുന്ന പാട്ടുകളും, ബോര്‍ഡുകളും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളുമാണ് വിവാദമായത്. കണ്ണൂ‍ര്‍ തളാപ്പില്‍ സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് സിപിഎമ്മിലേക്ക് എത്തിയ ‘അമ്ബാടിമുക്ക് സഖാക്കള്‍’ എന്നറിയപ്പെടുന്നവര്‍ പിണറായി വിജയനെ അര്‍ജുനനായും പി ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച്‌ വലിയ ബോര്‍ഡുകള്‍ വച്ചിരുന്നു. പിന്നീട് ജില്ലയില്‍ പലയിടത്തും ജയരാജനെ വ്യക്തിപരമായി ഉയര്‍ത്തിക്കാട്ടുന്ന പോസ്റ്ററുകളും ബോ‍ര്‍ഡുകളും ഉയര്‍ന്നു. ‘പി ജെ ആര്‍മി’ എന്ന പേരിലുള്ള സാമൂഹ്യ മാദ്ധ്യമ പേജ് ജയരാജനെ പുകഴ്ത്തിയുള്ള പോസ്റ്റുകളുമായി സജീവമായിരുന്നു. പാര്‍ട്ടി വേദികളില്‍ ജയരാജന് കിട്ടുന്ന കയ്യടിയും നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു.

ഇതോടെ, വ്യക്ത്യി കേന്ദ്രീകൃതമായ ആരാധനയെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്യണമെന്ന അടിസ്ഥാന തത്വം പാലിക്കാന്‍ നിര്‍ദേശിച്ച്‌ സിപിഎം നേതൃത്വം ജയരാജന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി. ഇതിനിടെ പാര്‍ട്ടിക്ക് അതീതനായി വളരുന്നു എന്ന ആരോപണം പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവച്ചു. ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മീഷനെയും ചുമതലപ്പെടുത്തി. കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ബാേര്‍ഡുകളിലും സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലും പി ജയരാജന് പങ്കില്ലെന്ന് കണ്ടെത്തി. എന്നാല്‍ വ്യക്തിപ്രഭാവം ഉയര്‍ത്തുന്ന നിലയിലുള്ള പ്രചാരണം നടന്നതിന് ജയരാജന്‍ ജാഗ്രത കാട്ടിയില്ലെന്ന് ആക്ഷേപമുയര്‍ന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തെ നേതൃത്വം ശാസിക്കുകയും ചെയ്തു.

അടുത്തിടെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ പരിധി വിട്ട പെരുമാറ്റത്തിന്റെ പേരിലും പി ജയരാജന് സംസ്ഥാന സമിതിയുടെ താക്കീത് ലഭിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ് പ്രതികളില്‍ ചിലരുടെ പാര്‍ട്ടി ബന്ധം സംബന്ധിച്ച ചര്‍ച്ചയാണ് അനിഷ്ട സംഭവങ്ങളിലേക്കു കടന്നത്. പി ജയരാജന്റെ തണല്‍ പറ്റിയാണ് ഇത്തരക്കാര്‍ വളരുന്നത് എന്ന പരാമര്‍ശം യോഗത്തിലുണ്ടായി. ഇതിനുള്ള ജയരാജന്റെ രൂക്ഷമായ വാക്കേറ്റത്തിന് വഴിവയ്ക്കുകായിരുന്നു എന്നാണ് റിപ്പോര്‍ട്ട്..

വടകരയിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയേണ്ടിവന്ന പി ജയരാജന്‍ ഇപ്പോള്‍ വെറും സംസ്ഥാന സമിതി അംഗം മാത്രമാണ്. ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുമെന്ന് കരുതിയിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കുയായിരുന്നു. തീരെ പ്രതീക്ഷിക്കാത്തവര്‍ വരെ സംസ്ഥാന സെക്രട്ടേറിയ
റ്റില്‍ ഇടംപിടിച്ചപ്പോഴാണ് ജയരാജന്‍ ഒഴിവാക്കപ്പെട്ടത്. ഇക്കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല.

സ്ഥാനം തെറിച്ചത് മന്ത്രിയെ വിമര്‍ശിച്ചതിന്‌?

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പാര്‍ട്ടിയിലെ നോമിനിയായാണ് എ എന്‍ ഷംസീര്‍ അറിയപ്പെടുന്നത്. തലശേരിയിലെ സ്ഥാനാര്‍ത്ഥിത്വവും കോടിയേരിയുടെ സംഭാവന തന്നെയായിരുന്നു. പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയതോടെ മന്ത്രിപദവി കിട്ടുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. മുഖ്യമന്ത്രിയുടെ മരുമകനായ മുഹമ്മദ് റിയാസിന് മന്ത്രിപദവി കിട്ടുകയും ചെയ്തു. ഷംസീറിനെ മനപൂര്‍വം ഒഴിവാക്കിയെന്ന ആരോപണം പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു.

സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ റിയാസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഷംസീര്‍ ഉയര്‍ത്തിയത്. എം.എല്‍.എമാര്‍ കരാറുകാരെ കൂട്ടി തന്നെ കാണാന്‍ വരരുത് എന്ന് നിയമസഭയില്‍ പറഞ്ഞതിനെയാണ് ഷംസീര്‍ വിമര്‍ശിച്ചത്. ആരെയൊക്കെ കൂട്ടി കാണാന്‍ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് ഷംസീര്‍ തുറന്നടിക്കുകായിരുന്നു. തുടര്‍ഭരണം കിട്ടിയ സാഹചര്യത്തില്‍ എല്ലാവരും കൂടുതല്‍ വിനയാന്വിതരാകണമെന്ന പാര്‍ട്ടി മാര്‍ഗരേഖ കൂടി ഓര്‍മിപ്പിച്ചാണ് ഷംസീര്‍ അവസാനിപ്പിച്ചത്. ഇത് മാദ്ധ്യമങ്ങളില്‍ വന്‍ വാര്‍ത്തയാവുകയും ചെയ്തു. ഇതാേടെ ഷംസീര്‍ സംസ്ഥാന നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായി തു‌ടങ്ങി. ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ തിരുകി കയറ്റാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും ഷംസീറിന്റെ സാദ്ധ്യത ഇല്ലാതാക്കിയെന്നാണ് കരുതുന്നത്.

പ്രമുഖരായ രണ്ട് നേതാക്കളെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നൊഴിവാക്കിയത് പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറക്കാന്‍ സാദ്ധ്യത ഏറെയാണ് എന്നാണ് പലരും കരുതുന്നത്. ചിലര്‍ക്ക് വളര്‍ന്നുവരാന്‍ ഇരുവരെയും ബലിയാടാക്കുകയായിരുന്നു എന്നും കരുതുന്നുണ്ട്.

Facebook Comments Box

By admin

Related Post