Fri. Mar 29th, 2024

ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നു, ആരോഗ്യമന്ത്രി വേദിയിലിക്കെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളെ രൂക്ഷമായി വിമര്‍ശിച്ച്‌ ഗണേശ് കുമാര്‍

Keralanewz.com

പത്തനാപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വേദിയിലിരിക്കെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളെ രൂക്ഷമായി വിമര്‍ശിച്ച്‌ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ.

തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ കെട്ടിട ഉത്ഘാടന ചടങ്ങിലാണ് എംഎല്‍എയുടെ വിമര്‍ശനം. ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നത് കേട്ടു എന്ന് ഗണേശ് കുമാര്‍ പറഞ്ഞു. ഡോക്ട‌ര്‍മാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു എംഎല്‍എയുടെ വിമര്‍ശനം. സിനിമാ നടനായ തന്‍്റെ വീട്ടിലിട്ടിരിക്കുന്നതിനെക്കാളും മികച്ച ടെെല്‍സുകളാണ് ആശുപത്രിയിലെതെന്ന് ഗണേശ് കുമാര്‍ പറഞ്ഞു. സിഎംഒയെ വിമര്‍ശിച്ചു എന്ന ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളുടെ ആരോപണം എംഎല്‍എ തള്ളി. സിഎംഒയ്‌ക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടല്ലെന്ന് ഗണേശ് കുമാ‌ര്‍ പറഞ്ഞു. ഡോക്ട‌ര്‍മാരുടെ ആരോപണങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് കൊണ്ടാണ് ഗണേശ് കുമാര്‍ ഇവര്‍ക്ക് മറുപടി നല്‍കിയത്.

നേരത്തെ തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ നടത്തിയ മിന്നല്‍ പരിശോധന ഏറെ വിവാദമായിരുന്നു. ആശുപത്രിയും പരിസരവും വൃത്തിഹീനമാണെന്ന് പറഞ്ഞ് കൊണ്ട് ജീവനക്കാരെയും ഡോക്ടര്‍മാരെയും എംഎല്‍എ ശാസിച്ചിരുന്നു. കോടിക്കണക്കിന് രൂപ മുടക്കി ചെലവാക്കിക്കൊണ്ട് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെ ഡോക്ടര്‍മാരും ജീവനക്കാരും ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഗണേശ് കുമാര്‍ ആരോപിച്ചിരുന്നു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വെെറലായതോടെ എംഎല്‍എയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി.

എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് സര്‍ക്കാര്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തിയത്. ഉപകരണങ്ങള്‍ വാങ്ങി ഇട്ടാല്‍ മാത്രം പോരാ എന്നും ഇവ ശരിയായി പരിപാലിക്കാന്‍ വേണ്ട ജീവനക്കാരില്ലെന്ന യാഥാര്‍ത്ഥ്യം എംഎല്‍എ മനസിലാക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടനകള്‍ ആരോപിച്ചിരുന്നു. ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളായ കേരള സ്‌റ്റേറ്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും, കേരള ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് ഫെഡറേഷനും എംഎല്‍എയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് ആരോഗ്യമന്ത്രിയുള്‍പ്പെടെ ഉണ്ടായിരുന്ന വേദിയില്‍ വച്ച്‌ ഗണേശ് കുമാര്‍ നല്‍കിയത്. പ്രചരിച്ച വീഡിയോയുടെ പേരില്‍ ഡോക്ടര്‍ക്ക് എതിരെയോ സ്റ്റാഫുകള്‍ക്കെതിരെയോ നടപടിയെടുക്കരുതെന്ന് ഗണേശ് കുമാര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനോട് അഭ്യര്‍ത്ഥിച്ചു. ആരോടും വിരോധമില്ലെന്നും നാടിന്‍്റെ നന്മയ്‌ക്കായാണ് ഇതെല്ലാം പറഞ്ഞതെന്നും ഗണേശ് കുമാര്‍ കൂട്ടിചേര്‍ത്തു.

Facebook Comments Box

By admin

Related Post