Sat. Apr 27th, 2024

ഒന്നരവയസുകാരിയുടെ കൊലപാതകം : മുത്തശ്ശിയും കുഞ്ഞിന്റെ പിതാവും അറസ്‌റ്റില്‍; തുണിയുരിയല്‍ നാടകമേറ്റില്ല!

By admin Mar 13, 2022 #police #sipsy
Keralanewz.com

തിരുവനന്തപുരം/കൊച്ചി : എറണാകുളം കലൂരിലെ ലോഡ്‌ജില്‍ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ മുത്തശ്ശി അറസ്‌റ്റില്‍.

കേസില്‍ നേരത്തേ അറസ്‌റ്റിലായ മുഖ്യപ്രതി ജോണ്‍ ബിനോയ്‌ ഡിക്രൂസിന്റെ കാമുകിയും അങ്കമാലി സ്വദേശിയുമായ സിപ്‌സി(50)യെയാണ്‌ തിരുവനന്തപുരം ബീമാപള്ളി പരിസരത്തുനിന്നു പൂന്തുറ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തുടര്‍ന്ന്‌, കേസ്‌ അന്വേഷിക്കുന്ന എറണാകുളം നോര്‍ത്ത്‌ പോലീസിനു കൈമാറി.
കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്‌ച വരുത്തിയെന്ന കേസില്‍ പിതാവ്‌ അങ്കമാലി പാറക്കടവ്‌ കോടുശേരി കോളനിയില്‍ സജീവിനെ എറണാകുളം ടൗണ്‍ നോര്‍ത്ത്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
ഒളിവില്‍ താമസിക്കാന്‍ സൗകര്യം തേടിയാണു സിപ്‌സി ബീമാപള്ളി ഭാഗത്തെത്തിയത്‌. കഴിഞ്ഞ വെള്ളിയാഴ്‌ച തിരുവനന്തപുരത്തെത്തിയ സിപ്‌സി തമ്ബാനൂരിലെ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. തുടര്‍ന്ന്‌, ഇന്നലെ രാവിലെ വേഷപ്രച്‌ഛന്നയായി ബീമാപള്ളി പരിസരത്തെത്തി. രഹസ്യവിവരം ലഭിച്ച പോലീസ്‌ ഇവിടെയെത്തി സിപ്‌സിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ ക്രിമിനല്‍ പശ്‌ചാത്തലം വിശദമായി അന്വേഷിച്ചശേഷമായിരുന്നു പോലീസിന്റെ നീക്കങ്ങള്‍. പിടിയിലായ സിപ്‌സി വിവസ്‌ത്രയാകാന്‍ ശ്രമിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്‌തു. മറ്റു കേസുകളില്‍ മുമ്ബു പിടിയിലായിട്ടുള്ളപ്പോഴും ഇവര്‍ സ്വയം വിവസ്‌ത്രയായി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്‌. സിപ്‌സിയുടെ ഈ രീതിയറിയാവുന്ന പോലീസ്‌ ഇക്കുറി തന്ത്രപരമായാണു സാഹചര്യം കൈകാര്യംചെയ്‌തത്‌. കുഞ്ഞിനെ സംരക്ഷിക്കാത്തതിനു ബാലനീതി നിയമം 77-ാം വകുപ്പുപ്രകാരമാണ്‌ അറസ്‌റ്റ്‌.
ബീമാപള്ളി ഭാഗത്തെ മിനിയെന്ന സുഹൃത്ത്‌ മുഖേന ഒളിവില്‍ കഴിയാമെന്നു കരുതിയാണെത്തിയതെന്നു സിപ്‌സി പോലീസിനോടു പറഞ്ഞു. സിപ്‌സിക്കു മയക്കുമരുന്ന്‌ ഇടപാടുള്‍പ്പെടെയുള്ളതിനാല്‍ സുഹൃത്തിനെക്കുറിച്ചും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. കസ്‌റ്റഡിയിലെടുത്ത സിപ്‌സിയെ തിരുവനന്തപുരം ഫോര്‍ട്ട്‌ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കു വിധേയയാക്കി. പ്രമേഹരോഗിയായ ഇവര്‍ക്ക്‌ ഇന്‍സുലിനും നല്‍കിയശേഷം തമ്ബാനൂര്‍ പോലീസ്‌ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നീടു കൊച്ചിയില്‍നിന്നെത്തിയ പോലീസ്‌ സംഘത്തിനു കൈമാറി. കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ പങ്കില്ലെന്നാണു സിപ്‌സി പ്രാഥമിക ചോദ്യംചെയ്യലില്‍ നല്‍കിയ മൊഴി.
സജീവിനെതിരേ ബാലനീതി നിയമം സെക്ഷന്‍ 85 പ്രകാരം പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. കുട്ടിക്ക്‌ ആവശ്യമായ സംരക്ഷണം നല്‍കിയില്ലെന്നും അതു കുട്ടിയുടെ മരണത്തിലേക്കു നയിെച്ചന്നും ചൂണ്ടിക്കാട്ടിയാണ്‌ സജീവിനെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌.
സജീവന്‍-ഡിക്‌സി ദമ്ബതികളുടെ രണ്ടു മക്കളില്‍ ഇളയവളാണു കൊല്ലപ്പെട്ട ഒന്നര വയസുകാരി നോറ മരിയ. കഴിഞ്ഞ അഞ്ചിനാണു സിപ്‌സിയും കാമുകന്‍ ജോണും കലൂരിലെ ലെനില്‍ സെന്ററിനു സമീപമുള്ള ലോഡ്‌ജില്‍ നോറയെയും നാലുവയസുള്ള സഹോദരനെയും കൂട്ടി മുറിയെടുത്തത്‌. ഏഴിനു രാത്രി നോറ കൊല്ലപ്പെട്ടു. ലോഡ്‌ജിലുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ സിപ്‌സി പുറത്തേക്കു പോകുകയും രാത്രി തിരിച്ചുവരുകയുമായിരുന്നു പതിവ്‌. ജോണായിരുന്നു ഈ സമയം കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്‌. ഏഴിനു രാവിലെ ജോണും സിപ്‌സിയും തമ്മില്‍ വാക്കുതര്‍ക്കുമുണ്ടായി.
നോറയുടെ പിതൃത്വത്തെച്ചൊല്ലിയായിരുന്നു തര്‍ക്കം. ഇതില്‍ പ്രകോപിതനായ ജോണ്‍ കുട്ടിയെ തലകീഴായി വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.
സിപ്‌സിക്കെതിരേ അങ്കമാലി, ചാലക്കുടി സ്‌റ്റേഷനുകളില്‍ മയക്കുമരുന്ന്‌ വില്‍പ്പന, അടിപിടി, ഭീഷണിപ്പെടുത്തല്‍, മോഷണം തുടങ്ങി നിരവധി കേസുകളുണ്ട്‌. അങ്കമാലി സ്‌റ്റേഷനിലെ റൗഡി പട്ടികയിലും ഇവരുണ്ട്‌.

Facebook Comments Box

By admin

Related Post