Sat. Apr 20th, 2024

ഏകീകൃത കുര്‍ബാന ഞായര്‍ മുതല്‍; അങ്കമാലി അതിരൂപത ആര്‍ച്ച്‌ ബിഷപ്പിന്‍റെ സര്‍ക്കുലര്‍ അസാധുവാക്കി

By admin Apr 8, 2022 #news
Keralanewz.com

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന (Mass Unification) ഓശാന ഞായര്‍ മുതല്‍ ആരംഭിക്കുമെന്ന് സീറോ മലബാര്‍ സഭാ സിനഡ്.

ഡിസംബര്‍ 25 വരെ ജനാഭിമുഖ കുര്‍ബാന തുടരാന്‍ അതിരൂപതയിലെ പള്ളികള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ഇറക്കിയ സര്‍ക്കുലര്‍ സിനഡ് അസാധുവാക്കി.

ഓശാന ഞായര്‍ ദിവസം എറണാകുളം ബസിലിക്ക പള്ളിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്‌ ബിഷപ്പ് ആന്റണി കരിയില്‍ എന്നിവര്‍ സംയുക്തമായി ഏകീകൃത കുര്‍ബാന അര്‍പ്പിക്കും. അതിരൂപതയ്ക്ക് കീഴിലുള്ള ഏതെങ്കിലും പള്ളികളില്‍ പുതിയ ആരാധനാക്രമം ഏര്‍പ്പെടുത്താന്‍ അസൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ച്ച്‌ ബിഷപ്പിനോട് ഇളവ് തേടാവുന്നതാണ്. ഇക്കാര്യത്തില്‍ കര്‍ദ്ദിനാളിന്റെ അംഗീകാരത്തോടെ സമയപരിധി നിശ്ചയിച്ച്‌ ഇളവ് അനുവദിക്കാമെന്നും സിനഡ് വ്യക്തമാക്കിയിട്ടുണ്ട്. ഓശാന ഞായര്‍ മുതല്‍ പരിഷ്കരിച്ച കുര്‍ബാന രീതിയിലേക്ക് മാറാന്‍ മാര്‍പാപ്പ അതിരൂപതയ്ക്ക് കത്ത് നല്‍കിയിരുന്നു.

ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെയായിരുന്നു വത്തിക്കാന്‍റെ നിര്‍ണായക ഇടപെടല്‍. ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന് അര്‍ത്ഥശങ്കയ്ക്കടയില്ലാത്തവിധം വൃക്തമാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരിട്ടാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്ത് അയച്ചത്. തര്‍ക്കത്തില്‍ ആദ്യമായാണ് മാര്‍പ്പാപ്പയുടെ നേരിട്ടുള്ള ഇടപെടല്‍. അതിരൂപത മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്, വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ എന്നിവര്‍ക്കാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കത്ത്. സിനഡ് നിശ്ചയിച്ച പോലെ 2021 നവംബര്‍ 28 മുതല്‍ എറണാകുളം-അങ്കമാലി അതിരൂപത മാത്രം ഏകീകൃത കുര്‍ബാന നടപ്പാക്കാത്ത് ഖേദകരമാണ്. ഈസ്റ്ററിന് മുമ്ബ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുര്‍ബാനയിലേക്ക് മാറണം എന്നാണ് കത്തിലെ നിര്‍ദ്ദേശം.

വേദനാജനകമാണെങ്കിലും ത്യാഗത്തിന് തയ്യാറാകണം. ഏകീകൃത ക്രമത്തിലേക്ക് മാറാന്‍ സമയം വേണമെങ്കില്‍ ഇടവകള്‍ക്ക് ആവശ്യപ്പെടാം. കാനന്‍ നിയമത്തിന് അനുസൃതമായി സമയ ബന്ധിതമായ ഇളവ് നല്‍കും. കര്‍ത്താവില്‍ വിതച്ചാല്‍ അവിടത്തൊടൊത്ത് കൊയ്യാമെന്നും കാറ്റ് വിതച്ചാല്‍ കൊടുങ്കാറ്റ് കൊയ്യേണ്ടി വരുമെന്നും വ്യക്തമാക്കിയാണ് മാര്‍പ്പാപ്പ കത്ത് ചുരുക്കുന്നത്.

എന്താണ് നിലവിലെ കുര്‍ബാന ഏകീകരണ തര്‍ക്കം

1999ലാണ് സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാന്‍ സിനഡ് ശുപാര്‍ശ ചെയ്തത്. അതിന് വത്തിക്കാന്‍ അനുമതി നല്‍കിയത് ഈ വര്‍ഷം ജൂലൈയിലാണ്. കുര്‍ബാന അര്‍പ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുര്‍ബാനയുടെ ആമുഖ ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവില്‍ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാല്‍ എറണാകുളം അങ്കമാലി അതിരൂപത,തൃശ്ശൂര്‍, തലശ്ശേരി അതിരൂപതകളില്‍ ജനാഭിമുഖ കുര്‍ബനയാണ് നിലനില്‍ക്കുന്നത്. കുര്‍ബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അര്‍പ്പിക്കുന്ന രീതിയിലാണ് തര്‍ക്കം.

എതിര്‍ക്കുന്നവരുടെ വാദങ്ങള്‍

  • അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുത്.
  • അഭിപ്രായഐക്യം ഉണ്ടാകും വരെ സിനഡ് തീരുമാനം നടപ്പാക്കരുത്
  • കുര്‍ബാന രീതി മാറ്റാന്‍ മാര്‍പ്പാപ്പയെ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയമുണ്ട്
Facebook Comments Box

By admin

Related Post