Sat. Apr 27th, 2024

കാവ്യാ മാധവനെ ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യും; അനൂപിനും സുരാജിനും നോട്ടീസ്

By admin Apr 13, 2022 #news
Keralanewz.com

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ അന്വേഷണ സംഘം ഇന്ന്ു ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാകും ചോദ്യം ചെയ്യല്‍. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരോടും ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി


പോലീസ് ക്ലബ്ബില്‍ എത്താനായിരുന്നു കാവ്യയോട് അന്വേഷണ സംഘം നിര്‍ദേശിച്ചത്. എന്നാല്‍, വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. ഇതേത്തുടര്‍ന്ന് ചോദ്യംചെയ്യലിന്റെ കാര്യത്തില്‍ അവ്യക്തത ഉണ്ടായി. തുടര്‍ന്ന് അന്വേഷണ സംഘം യോഗം ചേരുകയും നിയമോപദേശം തേടാന്‍ തീരുമാനിക്കുകയുമായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വീട്ടില്‍വച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്


നേരത്തെ, തിങ്കളാഴ്ച രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും അതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തോട് അപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍ മാറ്റിയത്.
നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയാണ് കാവ്യ മാധവന്‍. കാവ്യയ്ക്ക് കേസില്‍ പങ്കുണ്ടെന്ന അന്വേഷണസംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിര്‍ണായക ശബ്ദരേഖ പുറത്തുവന്നതോടെയാണ് ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്.

കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.
അതിനിടെ, ദിലീപിന്റെ സഹോദരന്‍ അനൂപിന്റെയും സുരാജിന്റെയും വീടിനു മുന്നില്‍ നോട്ടിസ് പതിപ്പിച്ചു. അനൂപ്, സുരാജ് എന്നിവരെ പലതവണ ഫോണില്‍ വിളിച്ചിട്ടും എടുത്തില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പോലീസ് ക്ലബ്ബില്‍ ബുധനാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവരുടെയും വീടുകളില്‍ നോട്ടീസ് പതിപ്പിച്ചത്

Facebook Comments Box

By admin

Related Post