Wed. Apr 24th, 2024

നയതന്ത്ര സ്വർണക്കടത്ത് പുറംലോകമറിഞ്ഞിട്ട് ഇന്ന് ഒരു വർഷം; എങ്ങുമെത്താതെ അന്വേഷണം

By admin Jul 5, 2021 #news
Keralanewz.com

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് പുറംലോകമറിഞ്ഞിട്ട് ഇന്ന് ഒരു വർഷം. 2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി എത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയത്. വിവാദം കത്തി പടർന്ന ആദ്യ നാളുകൾ പിണറായി സർക്കാറിനെ മുൾമുനയിൽ നിർത്തുന്നതായിരുന്നു. സ്വർണ്ണക്കടത്തിലെ നികുതി വെട്ടിപ്പും തീവ്രവാദ ബന്ധവും കള്ളപ്പണ ഇടപാടും അന്വേഷിക്കാൻ 4 കേന്ദ്ര ഏജൻസികളാണ് കേരളത്തിൽ വട്ടമിട്ട് പറന്നത്. സെക്രട്ടറിയേറ്റ് വരെ നീണ്ട അന്വേഷണം ഒരു വർഷം പിന്നിടുമ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് അപ്പുറത്തേക്ക് പ്രതികളില്ലാതെയും പരസ്പര ബന്ധമില്ലാത്ത കണ്ടെത്തലുകളുമായി നിൽക്കുകയാണ് കേന്ദ്ര ഏജൻസികൾ.

ഇത് രാഷ്ട്രീയ കോളിളക്കങ്ങളുണ്ടാക്കി. ജൂലായ് അഞ്ചിന് ഏതാനും ദിവസം മുമ്പ് എത്തിയ സ്വർണം പുറത്തുകടത്താൻ ശ്രമിച്ച് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികളായ സ്വപ്‌ന സുരേഷും മറ്റും ഒളിവിൽ പോവുകയായിരുന്നു.

സ്വപ്ന കസ്റ്റംസ് പിടിയിലായതോടെ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ അറസ്റ്റിലാകുന്നതിലേക്കുവരെ നീണ്ടു കാര്യങ്ങൾ. ലൈഫ് മിഷനെയും വിവാദത്തിലേക്ക് വലിച്ചിഴച്ച സ്വർണക്കടത്ത് കേസിന് അനുബന്ധമായി മറ്റു കേസുകളും പൊങ്ങിവന്നു. ഒരു കൊല്ലം പിന്നിടുമ്പോഴും എങ്ങുമെത്താത്ത അവസ്ഥയിലാണ് അന്വേഷണം.

അന്വേഷണത്തിനായി കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തേക്ക് എത്തിയതും വിവാദമായി. ഇതെല്ലാം സർക്കാരിനെതിരേ പ്രതിപക്ഷവും ബി.ജെ.പിയും ആയുധമാക്കി. മുൻമന്ത്രി കെ.ടി. ജലീലിലും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും ചോദ്യം ചെയ്യലിന് വിധേയരായി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്നാ സുരേഷ്, സരിത്, സന്ദീപ് നായർ, എം. ശിവശങ്കർ എന്നിവർ ഉൾപ്പെടെ 26 പ്രതികളാണുള്ളത്. അനുബന്ധ പ്രതികളായി 27 പേരുമുണ്ട്. കേസിൽ കുറ്റപത്രം നൽകുന്നതിന് മുന്നോടിയായി 53 പേർക്കും കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്. യു.എ.ഇ. കോൺസൽ ജനറൽ, അറ്റാഷെ തുടങ്ങിയവർ ഉൾപ്പെടെയാണിത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ നാലുപേരെയാണ് പ്രതികളാക്കിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഉൾപ്പെടെയുള്ളവർക്കെതിരേ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

ഒരു വ‍ർഷം നീണ്ട അന്വേഷണം

കോൺസുലേറ്റിലെ മുൻ പി ആർ ഒ സരിത് ആദ്യം അറസ്റ്റിലായി. സരിതിന്‍റെ മൊഴി സ്വപ്നയുടെയും സന്ദീപിന്‍റെ പങ്കിലും അന്വേഷണമെത്തിച്ചു. കേരളത്തെ ഞെട്ടിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിലെത്തി കസ്റ്റംസ് അറസ്റ്റിന് ശ്രമിച്ചതോടെ സ്വർണ്ണക്കടത്ത് സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ചു. തൊട്ട് പിന്നാലെ ശിവശങ്കറിലേക്ക് ഇഡിയെത്തി. അറസ്റ്റ് ഭയന്ന ശിവശങ്കർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിലെത്തിയെങ്കിലും ഹർജി തള്ളിയതോടെ കസ്റ്റംസിന് മുൻപേ ആശുപത്രിയിലെത്തി ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തു.

തുടക്കം സ്വർണ്ണക്കടത്തിലാണെങ്കിലും കസ്റ്റംസ് അന്വേഷണം പിന്നീട് ചിതറി പോകുന്നതാണ് കണ്ടത്. ഡോളർ കടത്ത്, ഈന്തപ്പഴം, ഖുറാൻ കടത്ത് അടക്കമുള്ളവയിലേക്ക് അന്വേഷണം മാറുകയും കെടി ജലീൽ, അടക്കമുള്ളവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ അറസ്റ്റിനുള്ള തെളിവ് കസ്റ്റംസ് കണ്ടെത്തിയില്ല. സ്വർണ്ണക്കടത്തിന് പിന്നിൽ കോൺസുൽ ജനറൽ അറ്റാഷെയും, വിദേശത്തുള്ള തൃശ്സൂരുകാരൻ ഫൈസൽ ഫരീദുമാണെന്ന് കസ്റ്റസ് വ്യക്തമാക്കി. എന്നാൽ ഇവരെ ചോദ്യം ചെയ്യാൻ പോലും കസ്റ്റംസിനായില്ല. എംബസ്സി വഴി ഇതിന് ശ്രമം തുടരുന്നതിനിടെ കോൺസുൽ ജനറൽ അടക്കം 53 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കാത്തിരിക്കുകയാണ് ഇപ്പോഴും കസ്റ്റംസ്

എൻഐഎ കേസ് ഏറ്റെടുത്തതിന് പിന്നാലെ തെളിവ് തേടി സെക്രട്ടറിയേറ്റിലേക്ക് എത്തി. എം ശിവശങ്കറിനെ മണിക്കൂറുകൾ ചോദ്യം ചെയ്തു. പക്ഷെ തീവ്രവാദ ബന്ധത്തിന് മാത്രം തെളിവ് കിട്ടിയില്ല. നൂറ് കിലോയിലധികം സ്വർണ്ണം പ്രതികൾ കൊണ്ടുവന്നെന്നും സാമ്പത്തിക ഭദ്രത തർക്കർക്കൽ തീവ്രവാദമാണെന്ന് കോടതിയിൽ കുറ്റപത്രം നൽകി. എന്നാൽ കസ്റ്റംസ് കള്ളക്കടത്തിന്‍റെ പ്രധാന ആസൂത്രകനെന്ന് വിശേഷിപ്പിച്ച എം ശിവശങ്കർ എൻഐഎ കുറ്റപത്രത്തിൽ പ്രതിയോ സാക്ഷിയോ ആയില്ല. തുടർച്ചയായി സ്വർണ്ണം കൊണ്ടുവന്നെന്ന് ആരോപിച്ച് കസ്റ്റംസ് കൊഫെപോസ ചുമത്തി ജയിലിലടച്ച പ്രധാന പ്രതി സന്ദീപ് എൻഐഎ മാപ്പു സാക്ഷിയായി. ഒരു വർഷം പിന്നിടുമ്പോഴും തീവ്രവാദ ബന്ധത്തിന് തെളിവ് തേടുകയാണ് എൻഐഎ.

എൻഫോഴ്സ്മെന്‍റ് കേസ് ഏറ്റെടുത്തതോടെയാണ് സർക്കാറിനെ പ്രതിരോധത്തിലാക്കിയ ലൈഫ് മിഷൻ കൈക്കൂലി ഇടപാട് അടക്കം പല വെളിപ്പെടുത്തലുകളും കോടതിയിലുണ്ടാകുന്നത്. എം ശിവശങ്കർ അടക്കം 5 പേരെ പ്രതിയാക്കി റിപ്പോർട്ട് നൽകി. എന്നാൽ പിന്നീട് ഇ ഡി അന്വേഷണം സർക്കാറിന്‍റെ പ്രധാന പദ്ധതികളായ ലൈഫ് മിഷനിലേക്കും, കെ ഫോൺ അടക്കമുള്ളവയിലേക്കും മാറി. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്നും ഡോളർ കടത്തിൽ പങ്കുണ്ടെന്നുമുള്ള സ്വപ്ന അടക്കമുള്ള പ്രതികളുടെ മൊഴി ഇഡി കോടതിയെ അറിയിച്ചെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല.

കണ്ടെത്തലുണ്ട്! തെളിവില്ല

,ആരോപണങ്ങൾ ഒരുപാടുന്നയിച്ചെങ്കിലും തെളിവെവിടെ എന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരമില്ലാതിരിക്കുകയാണ് ഇഡി. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥ കൈക്കൂലി തേടി സിബിഐ വന്നു. പക്ഷെ സർക്കാർ കോടതി വഴി ആ അന്വേഷണത്തിന് തടയിട്ടിരിക്കുന്നു. ഒന്നാം പിണറായി സർക്കറിലെ ഉന്നതരടക്കം പ്രതികളായ സ്വർണ്ണക്കടത്ത് അന്വേഷണത്തിനെത്തിയെ കേന്ദ്ര ഏജൻസികൾക്കെതിരെ സർക്കാർ തന്നെ അന്വേഷണം പ്രഖ്യാപിക്കുന്ന അപൂർവ്വ കാഴ്ചയും കേരളം കണ്ടു. കേസന്വേഷണം ഒരു വ‍ർഷം പിന്നിടുമ്പോൾ കണ്ടെത്തലുകൾ ഒരുപാടുണ്ടെങ്കിലും തെളിവുകൾ ഇല്ലാത്ത അവസ്ഥയാണ് കേരളം കാണുന്നത്.

Facebook Comments Box

By admin

Related Post