Fri. Mar 29th, 2024

ഉത്തരസൂചികയിലെ അപാകത; അധ്യാപകർ ജോലി പൂർത്തിയാക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ

By admin Apr 29, 2022 #news
Keralanewz.com

പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചികയിലെ അപാകതയിൽ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ. ഉത്തര സൂചിക പരീക്ഷ ബോർഡ് ചെയർമാൻ അംഗീകരിച്ചതാണ്. അധ്യാപകർ പരീക്ഷാ ജോലികൾ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു. ഇക്കാര്യത്തിൽ മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശങ്ക വേണ്ട. അധ്യാപകർ നിർബന്ധമായി മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടു.

ഇതിനിടെ ഉത്തരസൂചികയിലെ അപാകതയിൽ 12 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. ഉത്തര സൂചിക തയാറാക്കിയ അധ്യാപകർക്കാണ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുന്നത്

അതേസമയം ഉത്തരസൂചികയിലെ പിഴവ് ആരോപിച്ച് പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം വിവിധ ജില്ലകളിൽ അധ്യാപകര്‍ ബഹിഷ്കരിച്ചു. വിദഗ്ദരായ അധ്യാപകർ ഹയർ സെക്കണ്ടറി ജോ. ഡയറക്ടർക്ക് തയാറാക്കി നൽകിയ ഉത്തര സൂചിക ഒഴിവാക്കിയെന്നാണ് പരാതി.

കെമിസ്ട്രി മൂല്യനിർണയത്തിനുളള ഉത്തരസൂചിക തയാറായപ്പോൾ തന്നെ പിഴവുകൾ അധ്യാപകർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പതിനാല് ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത അധ്യാപകരാണ് മൂല്യനിർണയത്തിന്റെ സ്കീം തയാറാക്കി ഹയർസെക്കന്‍ഡറി ജോയിന്റ് ഡയറക്ടർക്ക് സമർപ്പിച്ചത്. എന്നാൽ ഇതൊഴിവാക്കി, ആരാണ് തയാറാക്കിയതെന്നുപോലുമറിയാത്ത പുതിയ ഉത്തര സൂചികയാണ് മൂല്യനിർണയ ക്യാമ്പിലെത്തിയത്. പല ഉത്തരങ്ങളിലും ഗുരുതര പിഴവുകൾ ഉത്തരസൂചികയിലുണ്ടെന്ന് അധ്യാപകർ കണ്ടെത്തിയതോടെ പ്രതിഷേധം ശക്തമായി പിന്നാലെ സംസ്ഥാന വ്യാപകമായി അധ്യാപകർ കെമിസ്ട്രി പേപ്പറിൻ്റെ മൂല്യനിർണയം നിർത്തിവയ്ക്കുകയും ചെയ്തു.

പിഴവുളള സൂചിക വഴി തെറ്റായ ഉത്തരങ്ങൾക്ക് വരെ മാർക്ക് നൽകേണ്ടിവരും. ശരിയുത്തരമെഴുതുന്നവർക്ക് മാർക്ക് കിട്ടാത്ത സ്ഥിതിവരുമെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. മൂല്യനിർണയം തടസ്സപ്പെട്ടതോടെ എട്ടുദിവസത്തിനകം പൂർത്തിയാക്കേണ്ട പ്രക്രിയ ഇനിയും നീളും. പിഴവുളള സ്കീം പ്രകാരം മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളുടെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്

Facebook Comments Box

By admin

Related Post