Thu. Apr 25th, 2024

ചെങ്ങന്നൂര്‍ സ്വിഫ്റ്റ് ബസ് അപകടത്തിന് കാരണം കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയത്

By admin May 8, 2022 #news
Keralanewz.com

ചെങ്ങന്നൂര്‍: എംസി റോഡില്‍ മുളക്കുഴയില്‍ ബുധനാഴ്ച രാത്രി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍.

എരമല്ലൂര്‍ എഴുപുന്ന കറുകപ്പറമ്ബില്‍ ഷാജിയുടെ മകന്‍ ഷിനോയ് (25), ചേര്‍ത്തല പള്ളിപ്പുറം കെആര്‍ പുരം കണിച്ചേരി വെളി സജീവിന്റെ മകന്‍ വിഷ്ണു (26) എന്നിവരാണു മരിച്ചത്. ഷിനോയ് കൊട്ടാരക്കര നാടല്ലൂര്‍ മഹാശിവക്ഷേത്രത്തിലും വിഷ്ണു ചോറ്റാനിക്കര എരിവേലി ശ്രീവല്ലേശ്വരം ക്ഷേത്രത്തിലും കീഴ്‌ശാന്തിമാരാണ്.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെ മുളക്കുഴ വില്ലേജ് ഓഫിസിനു സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്നു ബത്തേരിക്കു പോയ സ്വിഫ്റ്റ് ബസും എതിരെയെത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു. നിശ്ശേഷം തകര്‍ന്ന കാര്‍ ബസിനടിയില്‍ കുടുങ്ങി. ഇതുവഴിയെത്തിയ ലോറിയില്‍ കയര്‍ കെട്ടി വലിച്ചാണു കാര്‍ പിന്നോട്ടു നീക്കിയത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും പൊലീസും ചേര്‍ന്ന് അരമണിക്കൂറോളം പണിപ്പെട്ടാണു കാറിനുള്ളില്‍ കുടുങ്ങിയ വിഷ്ണുവിനെയും ഷിനോയിയെയും പുറത്തെടുത്തത്.

ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നു കരുതുന്നെന്നു പൊലീസ് പറഞ്ഞു.അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ഷിനോയിയുടെ അമ്മ: വിജി. സഹോദരി: ഷിജി. വിഷ്ണുവിന്റെ അമ്മ: ഗിരിജ, സഹോദരി: മഞ്ജുള.

Facebook Comments Box

By admin

Related Post