Fri. Mar 29th, 2024

പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരുപ്പ് അവസാനിച്ചു, കോട്ടയം ഇരട്ടപ്പാതയിലൂടെ ആദ്യ ട്രെയിന്‍ ഓടി

By admin May 30, 2022 #news
Keralanewz.com

കോട്ടയം: 16.7കിലോമീറ്റര്‍ നീളം വരുന്ന ചിങ്ങവനം- ഏറ്റുമാനൂര്‍ രണ്ടാം പാത ഗതാഗതത്തിനു തുറന്നുകൊടുത്തു
ഞായറാഴ്ച രാത്രി 9.35 ഓടെയാണ് ഇതുവഴി ആദ്യ ട്രെയിന്‍ കടന്നു പോയത്.
കേരളത്തിലെ ട്രെയിന്‍ യാത്രാചരിത്രം വികസനത്തിന്റെ പുതിയ ട്രാക്കിലേക്ക്‌ കടന്ന നിമിഷമായിരുന്നു അത്‌.

പാലക്കാട്ട് ജംഗ്ഷന്‍ -തിരുനല്‍വേലി പാലരുവി എക്സ്പ്രസ്സ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തോമസ് ചാഴിക്കാടന്‍ എം പിയും, ഡി.ആര്‍.ഒ മുകുന്ദ് രാമസ്വാമിയും, സ്റ്റേഷന്‍ മാനേജര്‍ ബാബു തോമസും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
പ്ലാറ്റ്ഫോം 2ല്‍ നിന്നാണ് പാലരുവി എക്സ്പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്തത്.
രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പാണ് ഫലം കണ്ടത്. 50 കിലോമീറ്ററായിരുന്നു വേഗം.

ഏറ്റുമാനൂര്‍മുതല്‍ ചിങ്ങവനംവരെയുള്ള 16.7 കിലോമീറ്റര്‍ ഇരട്ടപ്പാത പൂര്‍ണമായും ഗതാഗതയോഗ്യമായി. മധ്യകേരളത്തിലെ യാത്രാരംഗത്ത്‌ പുതിയ കുതിപ്പിന്‌ വഴിയൊരുക്കുന്ന പാതയാണിത്.

ഏറ്റുമാനൂരില്‍നിന്ന്‌ തിരുവനന്തപുരം ഭാഗത്തേക്ക്‌ ചിങ്ങവനംവരെയാണ്‌ പുതിയപാത നിര്‍മിച്ചിട്ടുള്ളത്. പഴയപാതയും പുതിയപാതയും ചേര്‍ക്കുന്ന പണികളും ഇലക്‌ട്രിക്കല്‍ ജോലികളും ഞായറാഴ്ച വൈകീട്ടോടെ പൂര്‍ത്തിയായി. ട്രാക്ക്‌ അലൈന്‍മെന്റും പരിശോധിച്ചു. തുടര്‍ന്ന്‌ ട്രയല്‍റണ്‍ നടത്തി. ഒരു എന്‍ജിനും രണ്ട്‌ ബോഗികളും ചേര്‍ത്ത സ്‌പെഷ്യല്‍ ട്രെയിനാണ്‌ ട്രയല്‍ റണ്ണിന്‌ ഉപയോഗിച്ചത്‌.

റെയില്‍വേ സ്റ്റേഷന്റെ നവീകരണംകൂടി പൂര്‍ത്തിയാകുന്നതോടെ കോട്ടയംവഴി കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയും. ഞായറാഴ്ച പകല്‍ ട്രെയിന്‍ ഗതാഗതത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇന്ന്‌ മുതല്‍ ചില സര്‍വിസുകളൊഴിച്ച്‌ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകും. കായംകുളം-എറണാകുളം (06450), കോട്ടയം-കൊല്ലം (06431) അണ്‍ റിസര്‍വ്‌ഡ്‌ എക്‌സ്‌പ്രസുകള്‍ ഇന്ന് റദ്ദാക്കിയിട്ടുണ്ട്‌.

നിലമ്ബൂരില്‍നിന്നുള്ള നിലമ്ബൂര്‍ റോഡ്‌-കോട്ടയം എക്സ്‌പ്രസ്‌ (16325) എറണാകുളംവരെയേ ഓടൂ. കോട്ടയം-നിലമ്ബൂര്‍ എക്‌സ്‌പ്രസ്‌ (16326) സര്‍വീസ്‌ തുടങ്ങുന്നത്‌ എറണാകുളത്തുനിന്നുമായിരിക്കും. നാഗര്‍കോവിലില്‍നിന്ന്‌ പുറപ്പെടുന്ന നാഗര്‍കോവില്‍-കോട്ടയം എക്‌സ്‌പ്രസ്‌(16366) കൊല്ലംവരെ മാത്രം സര്‍വീസ്‌ നടത്തും

Facebook Comments Box

By admin

Related Post