Fri. Apr 19th, 2024

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി. ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; അന്‍പതിലധികം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

By admin May 31, 2022 #news
Keralanewz.com

കൊല്ലം: കൊല്ലം കടയ്ക്കല്‍ മടത്തറയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അന്‍പതിലധികം പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടുകൂടിയാണ് അപകടമുണ്ടായത്. ഇരു ബസുകളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു


അപകടത്തിനു പിന്നാലെ ബസില്‍ കുടുങ്ങിയവരെ അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തെന്മല ഇക്കോ ടൂറിസം വിനോദസഞ്ചാരത്തിനെത്തിയവര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് മടത്തറയിലെ അപകടവളവില്‍ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി വേണാട് ബസില്‍ ഇടിച്ച് കയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. പാറശാലയ്ക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്. ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്


പരിക്കേറ്റവരില്‍ 41 പേരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ 15 പേര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അരിപ്പ സ്വദേശി 24കാരിയായ ലക്ഷ്മിയുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇവര്‍ ഇപ്പോള്‍ ട്രാന്‍സിസ്റ്റ് ഐസിയുവിലാണ്.
അപകടത്തെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം തിരുവനന്തപുരം തെങ്കാശി ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു

Facebook Comments Box

By admin

Related Post