Fri. Apr 26th, 2024

‘വിമാനത്തിലെ സീറ്റില്‍ കിടന്ന് പുകവലി, വീഡിയോ ചിത്രീകരണം’; ദൃശ്യങ്ങള്‍ വൈറലായതോടെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്

By admin Aug 12, 2022 #news
Keralanewz.com

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ വെച്ച് പുകവലിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അന്വേഷണത്തിന് ഉത്തരവിട്ടു. സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതോടെയാണ് ഗുഡ്ഗാവ് സ്വദേശിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ ബോബി കറ്റാരിക്കെതിരെ നടപടിക്ക് നിര്‍ദേശം നല്‍കിയത്


ജനുവരി ഇരുപതിന് ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ബോബി കറ്റാരി പുകവലിച്ചത്. വിമാനത്തിലെ സീറ്റില്‍ കിടന്ന് ലൈറ്റര്‍ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുകയും പുകവലിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ക്യാബിന്‍ ക്രൂ അംഗങ്ങള്‍ യാത്രക്കാര്‍ക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ഈ സംഭവമുണ്ടായത്. യാത്രക്കാരോ ജീവനക്കാരോ അറിയാതെയാണ് ബോബി കറ്റാരി പുകവലിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും ആരാണ് വീഡിയോ പകര്‍ത്തിയതെന്ന് വ്യക്തമല്ല


ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വ്യോമയാനമന്ത്രി വിഷയത്തില്‍ ഇടപെട്ടത്. വിമാനത്തില്‍ പുകവലിച്ച സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം നടപടിയെടുക്കും. ഇത്തരത്തിലുള്ള അപകടകരമായ സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു


ബോബി കറ്റാരി വിമാനത്തില്‍ പുകവലിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ട് ലഭിക്കുന്നതനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തുകയും ഗുരുഗ്രാം പോലീസില്‍ പരാതി നല്‍കിയതായും സ്‌പൈസ് ജെറ്റ് വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി വക്താവ് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ ആറ് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള വ്യക്തിയാണ് ബോബി കറ്റാരി


സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം ശക്തമായെങ്കിലും വിമാനത്തിനുള്ളില്‍ പുകവലിച്ച നടപടിയെ ന്യായീകരിച്ച് കറ്റാരി രംഗത്തുവന്നു. തന്റെ ചെലവില്‍ മികച്ച മികച്ച റേറ്റിങ് നേടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചാണ് കറ്റാരി മാധ്യമങ്ങളെ വിമര്‍ശിച്ചത്. ഹിന്ദി ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം

Facebook Comments Box

By admin

Related Post