Thu. Mar 28th, 2024

ഭാര്യയും മകളും മകളുടെ കാമുകനും ചേര്‍ന്ന് ഗൃഹനാഥനെ കൊലപ്പെടുത്തി, കൊലപാതകം ആസൂത്രണം ചെയ്യാന്‍ പ്രേരണയായത് ദൃശ്യം സിനിമ

By admin Oct 2, 2022 #news
Keralanewz.com

മധ്യവയസ്‌കനായ ഗൃഹനാഥനെ ആസൂത്രിതമായി കൊലപ്പെടുത്തിയ ഭാര്യയും മകളും മകളുടെ കാമുകനും പൊലീസ് പിടിയിലായി.

കര്‍ണാടകയിലെ ബെലെഗാവി സ്വദേശി സുധീര്‍ കാംബ്ലെ (57) യാണ് സെപ്‌റ്റംബര്‍ 17ന് സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്. ദുബായില്‍ നിന്നും മടങ്ങിയെത്തിയ കാംബ്ലെ നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തി വരികയായിരുന്നു.

ഭാര്യ രോഹിണിയെ സുധീര്‍ കാംബ്ലെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഉപദ്രവം താങ്ങാനാകാതെ രോഹിണി പൂനെയില്‍ ഹോട്ടല്‍ മാനേജ്‌മെന്‍റ് വിദ്യാര്‍ഥിയായ മകള്‍ സ്‌നേഹയെ ഇക്കാര്യം അറിയിച്ചു. സ്‌നേഹയും കാമുകനായ പൂനെ സ്വദേശി അക്ഷയ വിതാകറും തമ്മിലുള്ള ബന്ധം അറിഞ്ഞ കാംബ്ലെ മകളെ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ അസ്വസ്ഥയായ സ്നേഹ പിതാവിനെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് അമ്മ രോഹിണി ഭര്‍ത്താവിനെക്കുറിച്ച്‌ മകളോടു പരാതി പറഞ്ഞത്. തന്‍്റെ മനസ്സിലെ പദ്ധതി സ്നേഹ രോഹിണിയെയും കാമുകന്‍ അക്ഷയ വിതാകറിനെയും അറിയിച്ചു.

ഇരുവരും സ്നേഹയുടെ തീരുമാനത്തെ പിന്തുണക്കുകയും മൂന്ന് പേരും ചേര്‍ന്ന് കൊലപാതകത്തിന് പദ്ധതികള്‍ തയാറാക്കുകയും ചെയ്‌തു. ദൃശ്യം സിനിമ കണ്ടാണ് തെളിവുകള്‍ ഇല്ലാതെ കൊലപാതകം നടത്തുന്നതിനെ കുറിച്ച്‌ പഠിച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ 15ന് പൂനെയില്‍ നിന്ന് അക്ഷയ വിതാകര്‍ ബെലെഗാവിയിലെത്തി ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു.

സെപ്‌റ്റംബര്‍ 17ന് രാത്രി വിതാകറിന് വീടിനുള്ളില്‍ കടക്കാനായി രോഹിണിയും സ്നേഹയും പിന്‍വാതില്‍ തുറന്നിട്ടിരുന്നു. പദ്ധതി പ്രകാരം രാത്രി പിന്‍വാതിലിലൂടെ അകത്തുകടന്ന വിതാകര്‍ ഉറങ്ങിക്കിടന്ന കാംബ്ലെയെ കുത്തിക്കൊലപ്പെടുത്തി. വയറ്റിലും കഴുത്തിലും മുഖത്തും കുത്തിയ ശേഷം പിന്‍വാതിലിലൂടെ വിതാകര്‍ രക്ഷപ്പെട്ടു.

തുടര്‍ന്ന് ഹോട്ടല്‍ മുറി ഒഴിഞ്ഞ് പൂനെയിലേക്ക് പോയി. ബിസിനസിലെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അടുത്ത ദിവസം രോഹിണിയും മകളും പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ചു. എന്നാല്‍ വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസ് അകത്തുനിന്ന് ആരോ കതക് തുറന്നു കൊടുത്തത് കൊണ്ടാണ് കൊലപാതകി അകത്തുകടന്നതെന്ന് കണ്ടെത്തി.

ബലം പ്രയോഗിച്ച്‌ അകത്തു കടന്നതിന്‍റെ ലക്ഷണങ്ങളുടെ അഭാവമാണ് പൊലീസിനെ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കൊലപാതക വിവരം വെളിപ്പെടുത്തിയത്. മൂന്ന് പേരെയും അറസ്റ്റ് ചെയ്‌തതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ രവീന്ദ്ര ഗഡ പറഞ്ഞു

Facebook Comments Box

By admin

Related Post