ഇലവീഴാ പൂഞ്ചിറയിലെ ചിറ വീണ്ടും പൂര്‍വാവസ്‌ഥയില്‍. കോട്ടയം ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന ഇലവീഴാപൂഞ്ചിറയില്‍ ജലസേചനവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടന്നുവന്നിരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

Please follow and like us:
190k

പാലാ: ഇലവീഴാ പൂഞ്ചിറയിലെ ചിറ വീണ്ടും പൂര്‍വാവസ്‌ഥയില്‍. കോട്ടയം ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന ഇലവീഴാപൂഞ്ചിറയില്‍ ജലസേചനവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടന്നുവന്നിരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം – ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ മേലുകാവ്‌ പഞ്ചായത്തിലാണ്‌ ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3200 അടി ഉയരത്തിലുള്ള ഇവിടെ 250 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വിശാലമായ കുളവും, ചെക്ക്‌ഡാമുകള്‍ തുടങ്ങിയ വികസനപ്രവര്‍ത്തനങ്ങളാണ്‌ പൂര്‍ത്തിയായിയിരിക്കുന്നത്‌.കെ.എം മാണി ധനകാര്യ മന്ത്രിയായിരിക്കെയാണു പദ്ധതികള്‍ക്കായി നാലു കോടി രൂപ അനുവദിച്ച്‌ ഭരണാനുമതി നല്‍കിയത്‌.
മുമ്പ്‌ മൊട്ടക്കുന്ന്‌ പ്രദേശമായ ഇവിടെ മലഞ്ചെരിവുകള്‍ക്കിടയിലാണ്‌ വിശാലമായ ചിറ ഉണ്ടായിരുന്നത്‌. മരങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതിനാല്‍ ഇലവീഴാപൂഞ്ചിറ എന്ന പേരും ലഭിച്ചു.കാലാകാലമായി ഉണ്ടായ മണ്ണൊലിപ്പിന്റെയും സംരക്ഷണപ്രവര്‍ത്തനങ്ങളുടെ അഭാവത്തിലും ചിറ നശിപ്പിക്കപ്പെടുകയായിരുന്നു.
മലയിടുക്കുകളില്‍ വേനല്‍ക്കാലത്തും വറ്റാത്ത ഉറവ കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ്‌ ജലവിഭവ വകുപ്പ്‌ ചിറ പൂര്‍വസ്‌ഥിതിയില്‍ കൊണ്ടുവന്നത്‌.
വേനല്‍ക്കാലത്ത്‌ ഉറവയിലൂടെ ലഭിക്കുന്ന വെള്ളവും, വര്‍ഷകാലത്തെ മഴവെള്ളവും സംഭരിക്കുകയാണ്‌ ലക്ഷ്യം. അടിഞ്ഞുകൂടിയ മണ്ണ്‌ നീക്കം ചെയ്‌ത്‌ വശങ്ങള്‍ സംരക്ഷിച്ചു നിര്‍മ്മിക്കുന്ന കുളത്തില്‍ ഏകദേശം 250 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കുവാന്‍ സാധിക്കും.
കുളത്തിനടുത്ത്‌തന്നെ മറ്റൊരു മലഞ്ചെരിവിലെ ഉറവയില്‍ നിന്നും ഒഴുകി വരുന്ന വെള്ളം 2.5മീറ്റര്‍ നീളം മാത്രമുള്ള ചെക്ക്‌ഡാം നിര്‍മിച്ച്‌, അടിഞ്ഞുകൂടിയ മണ്ണും കാടും നീക്കം ചെയ്‌ത്‌ ഏകദേശം 110 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുവാന്‍ സാധിക്കുന്ന പദ്ധതിയും ഇതിനാടകം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഇതിനോട്‌ അനുബന്ധിച്ച്‌ തന്നെ മറ്റൊരു തടയണകൂടി നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു.
കുളവും തടയണകളും ഏറ്റവും ഉയര്‍ന്ന പ്രദേശത്തായതിനാല്‍ മറ്റു പമ്പിങ്ങ്‌ സൗകര്യങ്ങളൊന്നും കൂടാതെ പൈപ്പുകള്‍ വഴി ശുദ്ധജലം മേലുകാവിലും സമീപ പഞ്ചായത്തുകള്‍ക്കും എത്തിക്കുവാനും സാധിക്കും. വേനല്‍ക്കാലത്ത്‌ കുടി വെള്ളക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന മേലുകാവിനും സമീപ പഞ്ചായത്തുകള്‍ക്കും പദ്ധതി വലിയൊരാശ്വാസമായിരിക്കും. ഈ പ്രദേശങ്ങളില്‍ കൂടുതല്‍ ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇനിയും സാധ്യതയുണ്ടെന്നാണ്‌ ജലസേചനവകുപ്പിന്റെ കണ്ടെത്തല്‍. പദ്ധതിപ്രദേശം സന്ദര്‍ശിച്ച്‌ ജോസ്‌ കെ.മാണി എം.പിയും ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മുട്ടക്കല്ല്‌ ഭാഗത്ത്‌ ഒരു മിനിഡാം നിര്‍മിക്കുന്നതിനായി സാധ്യതാ പഠനം നടത്താന്‍ എം.പി. നിര്‍ദേശിച്ചു.
നട്ടുച്ചയ്‌ക്ക്‌ കോടമഞ്ഞ്‌ കാണപ്പെടുന്ന ജില്ലയുടെ ഏകപ്രദേശമാണ്‌ ഇലവീഴാപൂഞ്ചിറ. മലമുകളില്‍ നിന്നും കാണുന്ന ഭൂപ്രകൃതിയും, മലങ്കരഡാമിന്റെ ജലാശയവും കണ്ണിന്‌ കൗതുകമേകുന്ന കാഴ്‌ചയാണ്‌. കൗതുകകരമായ കാഴ്‌ചകള്‍ കാണാന്‍ ആയിരകണക്കിനാളുകളാണ്‌ ദിനംപ്രതി ഇവിടെ എത്തുന്നത്‌. ഇലവീഴാപൂഞ്ചിറയിലെ ജലസേചനവകുപ്പിന്റെ പ്രവര്‍ത്തനം, പൂഞ്ചിറയുടെ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുമെന്നും ഗ്രീന്‍ടൂറിസം പദ്ധതിയില്‍പ്പെടുത്തി കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും കെ.എം മാണി എം.എല്‍.എ പറഞ്ഞു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീപാമോള്‍ ജോസഫ്‌, ബ്ലോക്ക്‌ മെമ്പര്‍ മറിയാമ്മ ഫെര്‍ണാണ്ടസ്‌, വാര്‍ഡ്‌ മെമ്പര്‍ സുരേഷ്‌ പി.എം തുടങ്ങിയവരും ഉദ്യോഗസ്‌ഥരും എം.പിക്കൊപ്പമുണ്ടായിരുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)