Fri. Apr 26th, 2024

ഒടുവിൽ പാലായിൽ റോഷി അഗസ്റ്റിൻ ഇടപെട്ടു.വെള്ളപ്പൊക്കത്തെ കുറിച്ച് പഠിക്കാൻ തുക അനുവദിച്ചു

By admin Nov 15, 2022 #Roshi
Keralanewz.com

പാലായിലെ വെള്ളപ്പൊക്കം പഠിക്കാൻ ഒമ്പതര ലക്ഷം രൂപാ; മന്ത്രി റോഷി അഗസ്റ്റിന്‍

തിരു.: മീനച്ചിലാറില്‍ നീരൊഴുക്ക് തടസ്സപ്പെടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനും അശാസ്ത്രീയ നിര്‍മ്മിതികള്‍ അടക്കമുള്ളവ പരിശോധിക്കുന്നതിനുമായി പഠനം നടത്തുന്നതിന് മീനച്ചില്‍ റിവര്‍ വാലി പ്രൊജക്ടിന്റെ ഭാഗമായി 9.55 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. അഞ്ചു മാസത്തിനുള്ളില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
കനാല്‍, ഡ്രെയിനേജ് ശൃംഖലകളില്‍ സമ്പൂര്‍ണ്ണ പഠനം നടത്താനാണ് നിര്‍ദ്ദേശം. പാലായുടെ അപ്‌സ്ട്രീമിലേക്ക് മുന്‍പ് പഠനം നടത്തിയിരുന്നു. താഴേക്ക് ആദ്യമായാണ് ഇത്തരമൊരു പഠനം നടക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പാലാ ടൗണ്‍ അടക്കമുള്ള പ്രദേശങ്ങളില്‍ വര്‍ഷകാലത്ത് വെള്ളപ്പൊക്കം പതിവാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഡ്രെയിനേജ് നെറ്റ്‌വര്‍ക്ക് സിസ്റ്റത്തിന്റെ ടോപോഗ്രാഫിക്കല്‍ സര്‍വേയും ഒബ്‌സ്ട്രക്ഷന്‍സ് ആന്‍ഡ് സെഡിമെന്റേഷന്‍ സ്റ്റഡിയുമാണ് നടക്കുക.
മഴക്കാലത്ത് ആറ്റിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പടിഞ്ഞാറന്‍ മേഖലയിലെ പാടശേഖരങ്ങളിലൂടെയും കൈവഴികളിലൂടെയുമാണ് വേമ്പനാട് കായലിലേക്ക് പതിക്കുന്നത്. ഇപ്പോള്‍ നീരൊഴുക്ക് സുഗമമല്ല എന്നതിനാലാണ് ജനവാസ മേഖലകളില്‍ വെള്ളപ്പൊക്കം അനുഭവപ്പെടുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വെള്ളം കൃത്യമായി കായലിലേക്ക് പോകാത്തതു കൊണ്ടാണ് പാലാ ടൗണ്‍ അടക്കം ഉയര്‍ന്ന മേഖലകളില്‍ വെള്ളപ്പൊക്കത്തിന് കാരണം. ഇതിന്റെ കാരണം തേടിയാണ് പഠനം നടത്തുന്നത്.
പാലാ മുതല്‍ വേമ്പനാട് കായല്‍ വരെ മുഴുവന്‍ കൈവഴികളും പഠനവിധേയമാക്കാനാണ് തീരുമാനം. മീനച്ചിലാറില്‍ അടിഞ്ഞു കൂടിയിരിക്കുന്ന എക്കലും മറ്റു തടസ്സങ്ങളും പഠന വിധേയമാക്കും. ഇതോടൊപ്പം ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന അശാസ്ത്രീയ നിര്‍മ്മിതികളുണ്ടോ എന്നും പരിശോധിക്കും. ഇതടക്കം ഏതെല്ലാം രീതിയിലാണ് ഒഴുക്ക് തടസ്സപ്പെടുന്നതെന്നാകും പഠനത്തില്‍ കണ്ടെത്തുക. ഒഴുകിയെത്തുന്ന വെള്ളം കായല്‍ അഴിമുഖത്തു നിന്ന് കായലിലേക്ക് പോകുന്നതിനും തടസ്സങ്ങളുണ്ടോ എന്നും പരിശോധിക്കും.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനന്തര നടപടികള്‍ സ്വീകരിക്കും.

Facebook Comments Box

By admin

Related Post