Sat. Apr 20th, 2024

പുതമണ്‍ പാലത്തിലെ വിള്ളല്‍: വിദഗ്ധസംഘം വെള്ളിയാഴ്ച പരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യമന്ത്രിയും എംഎല്‍എയും ജില്ലാ കളക്ടറും സ്ഥലം സന്ദര്‍ശിച്ചു

By admin Jan 26, 2023 #news
Keralanewz.com

കോഴഞ്ചേരി - റാന്നി റോഡില്‍ പെരുന്തോടിന് കുറുകെയുള്ള പുതമണ്‍ പാലത്തിന്റെ ബീമിലും അബട്ട്‌മെന്റിലും വിള്ളല്‍ ഉണ്ടായത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഇതുപ്രകാരം പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെടുന്ന വിദഗ്ധസംഘം വെള്ളിയാഴ്ച പരിശോധനയ്ക്ക് എത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.  പുതമണ്‍ പാലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. 70 വര്‍ഷം പഴക്കമുള്ള പാലമായതിനാല്‍ പൂര്‍ണമായുള്ള പുനര്‍ നിര്‍മാണം നടത്തണമെന്നാണ്  ആദ്യഘട്ട പരിശോധനയില്‍ മനസിലാകുന്നതെന്നും  വിദഗ്ധ സംഘം  സ്ഥലം  സന്ദര്‍ശിച്ച ശേഷം അടിയന്തരമായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതും പാലത്തിലൂടെ ചെറിയ വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയുമോ 

എന്നതുള്‍പ്പെടെയുടെ കാര്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ്, മോട്ടോര്‍വാഹന, തദ്ദേശ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വെള്ളിയാഴ്ച 12 ന് ചേരുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പാലത്തിന്റെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ ഭരണകൂടവും ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ സുരക്ഷയ്ക്കായുള്ള ക്രമീകരങ്ങള്‍ നടത്തിയിട്ടുണ്ട്. പാലത്തിന്റെ അപകടവസ്ഥ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും വിദഗ്ധ പരിശോധനയ്ക്ക് ശേഷം  വിവരം അറിയിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ്  പാലത്തില്‍ വിള്ളല്‍ കാണപ്പെട്ടത്
 
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീന രാജന്‍, ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, വൈസ് പ്രസിഡന്റ് ഗീതാ കുമാരി, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് ഏബ്രഹാം, വാര്‍ഡ് മെമ്പര്‍മാരായ അമ്പിളി വാസുകുട്ടന്‍, വി.എസ്. ആമിന തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Facebook Comments Box

By admin

Related Post

You Missed