കെഎസ്ആര്‍ടിസിയെ കരകയറ്റുന്ന നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ടു പോകുമ്പോള്‍ ജീവനക്കാര്‍ക്ക് പീഡനപര്‍വ്വം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കരകയറ്റുന്ന നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ടു പോകുമ്പോള്‍ ജീവനക്കാര്‍ക്ക് പീഡനപര്‍വ്വം. ജിവനക്കാരുടെ കാഷ്വല്‍ അവധി ഇരുപതില്‍ നിന്ന് പത്താക്കി കുറയ്ക്കാനാണ് നീക്കം. നഷ്ടത്തിലോടുന്ന സ്ഥാപനത്തെ ലാഭത്തിലാക്കാന്‍ മാനേജ്‌മെന്റിനുള്ള അധികാരം ഉപയോഗിച്ചാണ് അവധി വെട്ടിച്ചുരുക്കാന്‍ നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ അണിയറയില്‍ നടന്നുവരുന്നു.

കെഎസ്ആര്‍ടിസിയിലെ പ്രധാന യൂണിയനായ സിഐടിയു അവധി വെട്ടിക്കുറയ്ക്കുന്നതിന് മൗനാനുവാദം നല്‍കി. മറ്റ് യൂണിയനുകളുമായി ചര്‍ച്ച ചെയ്യാതെ തീരുമാനം നടപ്പിലാക്കാനാണ് മാനേജ്‌മെന്റിന്റെ നീക്കം. ഇതിന് മുന്നോടിയായാണ് സ്ഥാപനത്തിന്റെ ദയനീയാവസ്ഥ സംബന്ധിച്ച് എല്ലാ ജീവനക്കാര്‍ക്കും എംഡി നേരിട്ട് കത്ത് നല്‍കിയത്. കെഎസ്ആര്‍ടിസിയില്‍ നിലവില്‍ ലീവ് സറണ്ടര്‍ ഇല്ല. പകരം ആ ദിവസങ്ങളില്‍ ജോലി നോക്കാം. അന്നത്തെ തന്നെ ശമ്പളവും എടുക്കാം. എന്നാല്‍ സാധാരണജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒരു ദിവസത്തെ വേതന തുകയെക്കാള്‍ കുറച്ചേ ലഭിക്കൂ. അതിനാല്‍ ജീവനക്കാര്‍ ലീവ് സറണ്ടര്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ല.

അവധി വെട്ടിച്ചുരുക്കുന്നതോടൊപ്പം അടുത്ത പടിയായി ശമ്പളത്തിന്റെ ഒരു വിഹിതം പിടിച്ചുവയ്ക്കുന്നതിനും നീക്കം നടത്തുന്നു. ശമ്പളത്തിന്റെ ഇരുപത് ശതമാനമോ അല്ലെങ്കില്‍ ജീവനക്കാരുടെ കാറ്റഗറി അനുസരിച്ച് ശമ്പളത്തില്‍ നിന്ന് ഒരു വിഹിതമോ പിടിക്കാനാണ് നീക്കം. പിടിച്ചുവയ്ക്കുന്ന തുക പെന്‍ഷനാകുമ്പോള്‍ തിരികെ നല്‍കും. നിലവില്‍ വായ്പയെടുത്താണ് എല്ലാ മാസവും കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കുന്നത്. പലിശ ഉള്‍പ്പടെ ഈ തുക തിരികെ ഒടുക്കുകയും വേണം. ശമ്പളത്തില്‍ നിന്ന് നിശ്ചിത വിഹിതം പിടിച്ചാല്‍ വായ്പാ തുക കുറച്ച് എടുത്താല്‍ മതിയാകും. പലിശയിനത്തില്‍ നല്ലൊരു തുക മിച്ചം പിടിക്കാനും സാധിക്കും.

കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ കടുത്ത അമര്‍ഷത്തിലാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും സമരം നടത്തിയ സിഐടിയു നിലവിലെ പരിഷ്‌ക്കരണങ്ങളില്‍ ജീവനക്കാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ വീര്‍പ്പ് മുട്ടുന്നു. സിംഗിള്‍ ഡ്യൂട്ടിയിലെ അപാകത പരിഹരിക്കാന്‍ 12 മണിക്കൂര്‍ തുടര്‍ന്ന് ജോലി ചെയ്താല്‍ ഒന്നര ദിവസത്തെ ഡ്യൂട്ടിയാക്കി മാറ്റിയിരുന്നു. എന്നാല്‍ നിരത്തുകളിലെ ഗതാഗതക്കുരുക്ക് കാരണം ഡ്യൂട്ടി അവസാനിക്കാന്‍ 14 മണിക്കൂര്‍ വരെ എടുക്കുന്നു. അതിനാല്‍ ഡ്യൂട്ടി സമയം വീണ്ടും പരിഷ്‌ക്കരിച്ച് ഒന്നര ദിവസത്തെ ഡ്യൂട്ടി 14 മണിക്കൂര്‍ ആക്കാനും നീക്കം നടക്കുന്നു. കടുത്ത പരിഷ്‌ക്കരണങ്ങള്‍ ഓണം കഴിഞ്ഞിട്ട് നടപ്പിലാക്കാനാണ് നീക്കം.

 

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Shares