പി.സി.ജോര്‍ജ് എംഎല്‍എ  ഊരാ കുടുക്കിലേക്ക്. പൂഞ്ഞാര്‍ എംഎല്‍എയ്ക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Please follow and like us:
190k

തിരുവനന്തപുരം: ദിലീപീന് അനുകുലായി പ്രസ്താവന നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എ  ഊരാ കുടുക്കിലേക്ക്. പൂഞ്ഞാര്‍ എംഎല്‍എയ്ക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതോടെ ജോര്‍ജ്ജിനെതിരെ കേസെടുക്കുവാനും മേല്‍നടപടി സ്വീകരിക്കാനും സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ഏറി. പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് രാഷ്ട്രീയ, സമുദായ നേതാക്കന്മാരും പ്രതിക്ക് അനുകൂലമെന്നോണമുള്ള അഭിപ്രായങ്ങള്‍ ഏറ്റു പറയുകയാണ്.

ജനപ്രതിനിധിയടക്കമുള്ളവര്‍ ചേര്‍ന്നു രൂപീകരിക്കുന്ന ജനാഭിപ്രായം കേസിന്റെ വിധി നിര്‍ണയങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ കടുത്ത ആശങ്കയുണ്ടെന്നും നടി പറയുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കലക്ടീവ് ആണ് നടിയുടെ കത്ത് പുറത്തുവിട്ടത്.ഇതോടെ എന്തും കേറി പറഞ്ഞു പൊതുസമൂഹത്തില്‍ ആളാകുവാനുള്ള പൂഞ്ഞാര്‍ ആശാനെന്ന് സ്വയം വിളിപ്പിക്കുന്ന ജോര്‍ജ്ജിന് അടിതെറ്റുന്നുവെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.സ്വയം സൃഷ്ടിച്ച കുരുക്കില്‍ തലയിട്ട പി.സി ഇതില്‍ നിന്നും എങ്ങെനെ പുറത്തുകടക്കുമെന്നാണ്  കാണേണ്ടത്.

പി.സി.ജോര്‍ജിനെ പോലുള്ളവര്‍ താന്‍ എന്തു ചെയ്യണമെന്നാണു കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലോ വീടിന്റെ പിന്നാമ്ബുറങ്ങളിലോ ഒടുങ്ങണമായിരുന്നോ? അതോ സമൂഹമധ്യത്തില്‍ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ? ഞാനെന്തു തെറ്റാണു ചെയ്തതെന്ന് ആരെങ്കിലും ബോധ്യപ്പെടുത്തി തന്നിരുന്നെങ്കില്‍ നന്നായിരുന്നു. സിനിമയില്‍ അഭിനയിച്ച്‌ ഉപജീവനം നടത്തുന്ന ആളാണ് താന്‍. തൊഴില്‍ ചെയ്യാതെ ജീവിക്കുക അസാധ്യമാണ്. സംഭവം നടന്ന് പത്തു ദിവസം കഴിഞ്ഞാണ്, നേരത്തെ ചെയ്യാമെന്നേറ്റ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിന് പോയത്. ആ സഹപ്രവര്‍ത്തകരുടെ പ്രേരണയും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ സിനിമയിലേക്കുള്ള മടക്കം സാധ്യമാകുമായിരുന്നോ എന്നുതന്നെ സംശയമാണെന്നും നടി കത്തില്‍ പറയുന്നു.

ഇതോടെ പിസി ജോര്‍ജ് കൂടുതല്‍ കുരുക്കിലായി. നടിക്കെതിരായ പരാമര്‍ശങ്ങളില്‍ വനിതാ കമ്മീഷന്‍ ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. അതിന് ശേഷമാണ് നടി തന്നെ നേരിട്ട് രംഗത്ത് വരുന്നത്. ഈ സാഹചര്യത്തില്‍ പൊലീസിനും കേസെടുക്കേണ്ടി വരും. നടിയുടെ പേര് ഒഴിവാക്കിയാണ് കത്ത് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ നടിയുടെ പ്രസ്താവന കൊടുത്തപ്പോള്‍ വിമെന്‍ ഇന്‍ കളക്ടീവ് പേര് കൊടുത്തിരുന്നു. ഇത് പുലിവാലുമായി. ഈ സാഹചര്യത്തിലാണ് നടിയുടെ പേര് ഒഴിവാക്കി കത്ത് പുറത്തുവിട്ടത്.

നടി മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

ഇങ്ങനെയൊരു കത്ത് എഴുതേണ്ടി വരുെമന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തകനും ജനപ്രതിനിധിയുമായ പി.സി.ജോര്‍ജ് എന്നെക്കുറിച്ച്‌ അങ്ങേയറ്റം അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ഭരണാധിപന്‍ എന്ന നിലയില്‍ ഇക്കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പെടുത്തണമെന്നു തോന്നിയതിനാലാണ് ഇതെഴുതുന്നത്. ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം കഴിഞ്ഞ കുറേ മാസങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക വ്യഥകള്‍ എഴുതിയോ പറഞ്ഞോ ഫലിപ്പിക്കാന്‍ എനിക്കാവതില്ല. കടന്നുപോകുന്ന ഓരോ നിമിഷങ്ങളിലും അസഹനീയമായ അപമാനത്തിന്റെ വേദന എന്നെ വരിഞ്ഞുമുറുക്കുന്നുണ്ട്. അമ്മയും സഹോദരനും ഞാനുമുള്‍പ്പെട്ട സാധാരണ കുടുംബത്തിനു താങ്ങാവുന്നതല്ല എന്റെ ജീവിതത്തില്‍ സംഭവിച്ചത്. പക്ഷേ തകര്‍ന്നു പോകരുതെന്നും അവസാനം വരെ പിടിച്ചു നില്‍ക്കണമെന്നുള്ള അതിശക്തമായ തോന്നലിന്റെ പുറത്താണ് ഞാന്‍ ദിവസങ്ങള്‍ കഴിക്കുന്നത്.

ആത്മശക്തിയും ആത്മവിശ്വാസവും മുറുകെ പിടിച്ചു തിരിച്ചുവരവിനായുള്ള ശ്രമം ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്നാള്‍ മുതല്‍ ഞാന്‍ നടത്തി കൊണ്ടിരിക്കുന്നു. മറ്റൊന്നിനും വേണ്ടിയല്ല, ഈ സമരത്തില്‍ തോല്‍ക്കരുതെന്ന് ആഗ്രഹിച്ചിട്ട്. ഞാന്‍ തോറ്റാല്‍ തോല്‍ക്കുന്നത് എന്നെപ്പോലെ ആക്രമിക്കപ്പെട്ട മറ്റനേകം സ്ത്രീകളും കൂടെയാണെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ട്. സര്‍, അങ്ങനെയൊരു തിരിച്ചുവരവിനു ശ്രമിക്കുന്ന എന്നെക്കുറിച്ച്‌ അങ്ങുകൂടി അംഗമായ നിയമസഭയിലെ ഒരു ജനപ്രതിനിധി പറഞ്ഞത്, ”ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ എങ്ങനെയാണ് പിറ്റേന്നു പോയി സിനിമയില്‍ അഭിനയിക്കാന്‍ പറ്റുന്നത്?’ എന്നാണ്. സംഭവത്തിന്റെ പിറ്റേദിവസം, ഞാന്‍ നേരത്തേ കമ്മിറ്റ് ചെയ്ത ഷൂട്ടിങ്ങിനു പോകേണ്ടതുണ്ടായിരുന്നു. പക്ഷേ അദ്ദേഹം പ്രസ്താവിക്കുന്നതു പോലെ പിറ്റേദിവസം ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയിട്ടില്ല.

ഒരാഴ്ചയോളം വീട്ടിലടച്ചിരുന്ന സമയത്ത് എന്റെ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും പ്രധാന നടനും എന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും വിളിച്ച്‌ ഞാന്‍ മടങ്ങിച്ചെല്ലണമെന്നും ജോലിയില്‍ തുടരണമെന്നും നിരന്തരമായി നിര്‍ബന്ധിച്ചിരുന്നു. ഏകദേശം പത്തു ദിവസം കഴിഞ്ഞാണ് ആ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിനു പോയത്. ആ സഹപ്രവര്‍ത്തകരുടെ പ്രേരണയും പിന്തുണയും ഇല്ലായിരുന്നുവെങ്കില്‍ എനിക്കു സിനിമയിലേക്കുള്ള മടക്കം സാധ്യമാകുമായിരുന്നോ എന്നുതന്നെ സംശയമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കേ നിജസ്ഥിതി അറിയാതെ സംസാരിക്കുവാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെ കഴിയുന്നു? പി.സി.ജോര്‍ജിനെ പോലുള്ളവര്‍ ഞാന്‍ എന്തു ചെയ്യണമെന്നാണു കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലോ വീടിന്റെ പിന്നാമ്ബുറങ്ങളിലോ ഒടുങ്ങണമായിരുന്നോ? അതോ സമൂഹമധ്യത്തില്‍ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ? ഞാനെന്തു തെറ്റാണ് ചെയ്തതെന്ന് ആരെങ്കിലും ബോധ്യപ്പെടുത്തി തന്നിരുന്നേല്‍ നന്നായിരുന്നു.

സര്‍, ഞാന്‍ സിനിമയില്‍ അഭിനയിച്ച്‌ ഉപജീവനം നടത്തുന്ന ആളാണ്. തൊഴില്‍ ചെയ്യാതെ ജീവിക്കുക അസാധ്യമാണ്. ഇത്രയുമൊക്കെ എന്റെ ജീവിതത്തില്‍ സംഭവിച്ചു എന്നതിന്റെ പേരില്‍ അപമാനിതയായി എന്ന തോന്നലില്‍ ജീവിതം ഒടുക്കാന്‍ എനിക്കാവില്ല. ഞാനല്ല അപമാനിക്കപ്പെട്ടത്, എന്നെ ആക്രമിച്ചവരുടെ മാനമാണ് ഇല്ലാതായതെന്ന ചിന്ത തന്ന ഉറപ്പിലാണു ഞാന്‍ പരാതിപ്പെടാന്‍ തയാറായതും കുറച്ചു ദിവസങ്ങള്‍ക്കുശേഷം അഭിനയിക്കാന്‍ പോയതും. എന്തിന്റെ പേരിലാണെങ്കിലും കുറച്ചു ദിവസങ്ങള്‍ മാറിനിന്നാല്‍ ഞങ്ങളെ പോലുള്ളവര്‍ക്ക് ഈ മേഖലയിലേക്കു തിരിച്ചുവരവ് സാധ്യമല്ല. അതുകൊണ്ടാണു നേരത്തേ ഇതുപോലുള്ള സംഭവങ്ങളുണ്ടായിട്ടും പരാതിപ്പെടാതെ, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ പലരും കഴിഞ്ഞുപോവുന്നത്.

മാത്രവുമല്ല, പ്രതികരിക്കാനും പ്രതിഷേധിക്കാനും തയാറാകുന്നവര്‍ക്കുനേരെ പി.സി.ജോര്‍ജുമാര്‍ കാര്‍ക്കിച്ചു തുപ്പുന്നതും ആളുകള്‍ ഭയക്കുന്നുണ്ടാവും. ജോര്‍ജ് നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് രാഷ്ട്രീയ സമുദായ നേതാക്കളും പ്രതിക്ക് അനുകൂലമെന്നോണമുള്ള പ്രസ്താവനകള്‍ പുറപ്പെടുവിച്ചതും അവ മാധ്യമങ്ങളില്‍ വന്നതും അങ്ങു ശ്രദ്ധിച്ചിരിക്കുമല്ലോ. ജോര്‍ജിനെ പോലുള്ള ജനപ്രതിനിധികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പൊതുബോധത്തെ കുറിച്ച്‌ ഈ നാട്ടിലെ സ്ത്രീകള്‍ പേടിക്കേണ്ടതുണ്ട്. ഇതുണ്ടാക്കുന്ന പൊതുബോധം എങ്ങനെ പൊതുസമ്മതിയായി മാറുന്നുവെന്നും അതെങ്ങനെ സ്ത്രീത്വത്തിനുനേരെ ഉപയോഗിക്കപ്പെടുന്നുവെന്നും അങ്ങേയ്ക്കും അറിവുള്ളതാണല്ലോ. ഓരോ പ്രസ്താവനകള്‍ക്കും മറുപടി പറയാന്‍ എനിക്കാവില്ല. കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിനെ സംബന്ധിച്ചു ജനപ്രതിനിധിയടക്കമുള്ളവര്‍ ചേര്‍ന്നു രൂപീകരിക്കുന്ന ജനാഭിപ്രായം കേസിന്റെ വിധി നിര്‍ണയങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ എനിക്ക് കടുത്ത ആശങ്കയുണ്ട് സര്‍.

അപകീര്‍ത്തിപരമായ പ്രസ്താവന പുറപ്പെടുവിച്ചതിനെതിരേ സ്വമേധയാ കേസെടുക്കുമെന്നറിയിച്ച സംസ്ഥാന വനിതാ കമ്മിഷനെ പി.സി.ജോര്‍ജ് ഏതൊക്കെ നിലയില്‍ അപമാനിച്ചു കൊണ്ടിരിക്കുന്നുവെന്നും അങ്ങു കാണുന്നുണ്ടല്ലോ.. വനിതാ കമ്മിഷന്‍ തന്റെ മൂക്ക് ചെത്താന്‍ ഇറങ്ങിയിരിക്കയാണെന്നും തന്റെ നേരെ വന്നാല്‍ മൂക്കു മാത്രമല്ല മറ്റുപലതും വരുന്നവര്‍ക്കു നഷ്ടമാകുമെന്നുമാണു ജോര്‍ജ് കഴിഞ്ഞദിവസം പ്രസംഗിച്ചത്. ആയിരക്കണക്കിന് സ്ത്രീകള്‍ തങ്ങള്‍ക്കു നീതി കിട്ടാന്‍ ആശ്രയിക്കുന്ന സ്ഥാപനത്തിനെതിരേ ഇത്ര കടുത്ത ഭാഷയില്‍, ഒരു ലജ്ജയുമില്ലാതെ അദ്ദേഹത്തിനിതു പറയാമെങ്കില്‍ എന്നെപ്പോലുള്ള സ്ത്രീകളെ അദ്ദേഹത്തിന് എത്രയോ അധിക്ഷേപിച്ചു കൂടാ ?

കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരിലും സര്‍ക്കാരിലും എനിക്ക് പൂര്‍ണവിശ്വാസമുള്ളതുകൊണ്ടാണ് ഞാനിക്കാര്യങ്ങള്‍ അങ്ങേക്ക് നേരിട്ടെഴുതാന്‍ തീരുമാനിച്ചത്. കനലിലേക്ക് എറിയപ്പെട്ട എന്റെയും കുടുംബാംഗങ്ങളുടെയും അവസ്ഥ അങ്ങേക്ക് ബോധ്യപ്പെടുമല്ലോ. ആക്രമിക്കപ്പെട്ട ഒരു സ്ത്രീയും ഇതുപോലെ ജനമധ്യത്തില്‍ വീണ്ടുംവീണ്ടും അവമതിക്കപ്പെടരുത്. ഏത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലായാലും മൂക്കരിയാന്‍ വന്നാല്‍ മറ്റ് പലതും അരിഞ്ഞുകളയുമെന്ന് ഒരു ജനപ്രതിനിധിയും പറയാനിടവരരുത്. സര്‍, ഇത്ര മാത്രമേ എനിക്ക് പറയാനുള്ളൂ. എനിക്ക് നിങ്ങളില്‍ വിശ്വാസമുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)