Wed. Apr 24th, 2024

കർഷകന്റെ വിളവെടുക്കാറായ 400 ഓളം വാഴകൾ KSEB ഉദ്യോഗസ്ഥർ വെട്ടിക്കളഞ്ഞ സംഭവത്തിൽ വ്യാപക പ്രതിഷേധം.

By admin Aug 7, 2023
Keralanewz.com

മൂവാറ്റുപുഴ : ടവര്‍ ലൈനിനു കീഴില്‍ കൃഷി ചെയ്തിരുന്ന 400 വാഴ കെ.എസ.ഇ.ബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചു. ഓണത്തിനു വിളവെടുക്കാന്‍ പാകത്തിനു കുലച്ചുനിന്ന വാഴയാണിത്

വാരപ്പെട്ടി ഇളങ്ങവം കണ്ടമ്ബുഴ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കു സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവര്‍ ലൈനിനു കീഴില്‍ കാവുംപുറത്ത് തോമസിന്റെ വാഴത്തോട്ടമാണു നശിപ്പിച്ചത്. 220 കെവി ലൈനിനു കീഴെ വാഴ ഉള്‍പ്പെടെ ഹ്രസ്വകാല വിളകള്‍ കൃഷിചെയ്യാന്‍ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്. ടവര്‍ ലൈനിനു കീഴില്‍ നിശ്ചിത അകലം ഉറപ്പാക്കി വീടുവയ്ക്കാന്‍ പോലും അനുമതി നല്‍കുന്നുണ്ട്. ഉയരം വയ്ക്കുന്ന മരങ്ങള്‍ പാടില്ലന്നേ നിയമമുള്ളൂ. തോമസും മകന്‍ അനീഷും ചേര്‍ന്നാണു കൃഷി നടത്തിയിരുന്നത്. നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ട്.

മൂലമറ്റത്തു നിന്നെത്തിയ ലൈന്‍ മെയിന്റ്‌നന്‍സ് സബ് ഡിവിഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥരാണു കഴിഞ്ഞ വെള്ളിയാഴ്ച വാഴ വെട്ടിയത്. കെഎസ്‌ഇബി വാരപ്പെട്ടി ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതേക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ല. ശനിയാഴ്ച താലൂക്ക് വികസന സമിതി യോഗത്തില്‍ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചപ്പോള്‍ മാത്രമാണു മൂവാറ്റുപുഴയിലെ കെഎസ്‌ഇബി ഉന്നതോദ്യോഗസ്ഥര്‍ പോലും സംഭവം അറിഞ്ഞത്. നഷ്ടപരിഹാരം ലഭിക്കുന്നതിനു പരിമിതികളുണ്ടെന്നും വ്യക്തമാക്കി.

ടവര്‍ ലൈനിനു കീഴില്‍ ഇതേ സ്ഥലത്തു കഴിഞ്ഞ വര്‍ഷവും കൃഷിയുണ്ടായിരുന്നു. തടസ്സമില്ലാതെ വിളവെടുക്കുകയും ചെയ്തു. ഇത്തവണ നട്ട വാഴകള്‍ക്ക് ഉയരം കൂടുതലായിരുന്നെന്നും വാഴക്കൈ ലൈനില്‍ തട്ടി വാഴ കത്തുകയും ലൈനില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തുവെന്നും എല്‍എംഎസ് വിഭാഗം അറിയിച്ചു.

Facebook Comments Box

By admin

Related Post