Thu. Apr 25th, 2024

തമിഴ് നാട്ടിൽ മലയാളികളെ ആക്രമിക്കാൻ ആഹ്വാനം. പോലീസിന്റെ സമയോജിതമായ ഇടപെടൽ കൊണ്ട് വൻ സംഘർഷം ഒഴിവായി.

By admin Aug 8, 2023
Keralanewz.com

കട്ടപ്പന: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ഉണ്ടായ മര്‍ദന സംഭവം വംശീയ കലാപമാക്കാൻ തമിഴ്നാട് സ്വദേശി നടത്തിയ ശ്രമം പോലീസ് ഇടപെട്ടു തടഞ്ഞു.

ശനിയാഴ്ച കേരളത്തിലെ ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് തമിഴ്നാട്ടിലേക്കു മടങ്ങിയ സ്ത്രീത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം കന്പംമെട്ടിനു സമീപം ചേറ്റുകുഴിയില്‍ കൊച്ചറ മുങ്കിപ്പള്ളം സ്വദേശികളായ ചിലര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും തടസംപിടിക്കാനെത്തിയ സ്ത്രീത്തൊഴിലാളികളെയും മര്‍ദിച്ച സംഭവമാണ് കലാപാഹ്വാനമായി മാറ്റിയത്.

ചേറ്റുകുഴിയില്‍ തമിഴ് സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്കു വരുന്ന കേരള വാഹനങ്ങള്‍ എല്ലാം തല്ലിത്തകര്‍ക്കണമെന്നുമായിരുന്നു ഇന്നലെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ തമിഴ്നാട്ടിലെ ഒരുസംഘം തമിഴില്‍ പ്രചരിപ്പിച്ചത്. ഒരാളാണ് ആഹ്വാനം നടത്തുന്നതെങ്കിലും മറ്റു ചിലരുടെ ശബ്ദങ്ങളും സംഭാഷണത്തില്‍ കേള്‍ക്കാമായിരുന്നു. ഇതോടെ തമിഴ്നാട്ടിലെ കന്പത്ത് വാഹനങ്ങള്‍ തടയുന്നതുള്‍പ്പെടെയുള്ള ഏതാനും സംഭവങ്ങളും അരങ്ങേറി.
സംഭവം രൂക്ഷമാകുമെന്ന സ്ഥിതി വന്നതോടെ ഇടുക്കി ജില്ലാ കളക്ടറെയും പോലീസ് മേധാവിയെയും വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ തേനി ജില്ലാ മേധാവികളുമായി ബന്ധപ്പെട്ട് പോലീസിനെ വിന്യസിപ്പിക്കുകയും കലാപാഹ്വാനം നടത്തിയ മുരുകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതോടെ കലാപ സാധ്യതയ്ക്ക് അയവു വന്നിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ സമരം ചൂണ്ടുപലക

മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തണമെന്ന വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന സമരത്തിന്‍റെ മറപിടിച്ച്‌ 2011ല്‍ തമിഴ്നാട്ടില്‍ മലയാളികള്‍ക്കു നേരേ ഉണ്ടായ വ്യാപകമായ അതിക്രമവും കൊള്ളയും അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്നലെത്തെയും ശനിയാഴ്ചത്തെയും സംഭവങ്ങള്‍.

തമിഴ്നാട്ടില്‍ ആയിരക്കണക്കിനു മലയാളികള്‍ക്ക് കൃഷിയും വസ്തുവകകളും നഷ്ടമായി. നിരവധി ആളുകള്‍ക്ക് മര്‍ദനമേറ്റു. പലരും ജീവനുംകൊണ്ട് എല്ലാം ഉപേക്ഷിച്ച്‌ തമിഴ്നാട്ടില്‍നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പലരും ദിവസങ്ങള്‍കൊണ്ടാണ് കേരളത്തിലെത്തിയത്. അതിന്‍റെ കഷ്ടനഷ്ടങ്ങള്‍ ഇന്നും മലയാളികള്‍ അനുഭവിക്കുന്നുണ്ട്.

കുമളിയില്‍ ഇതുമായി ബന്ധപ്പെട്ട് കേരള പോലീസ് ഇരുനൂറോളം മലയാളികള്‍ക്കെതിരേ ചാര്‍ജ് ചെയ്ത കേസ് ഇപ്പോഴും കോടതിയിലുണ്ട്. അന്ന് മുല്ലപ്പെരിയാര്‍ സമരം കത്തിനില്‍ക്കുന്പോള്‍ കന്പംമെട്ടില്‍ ഇതുപോലെ കേരളത്തില്‍ ജോലിക്കുവന്ന് മടങ്ങിയ സ്ത്രീത്തൊഴിലാളികളെ കന്പംമെട്ടില്‍ ആക്രമിച്ച സംഭവം ഉണ്ടായി.

ഇത് മാനഭംഗപ്പെടുത്തലായി പ്രചരിപ്പിക്കപ്പെടുകയും കന്പംമെട്ട് അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തു. കട്ടപ്പന ഡിവൈഎസ്പിക്കും പോലീസുകാര്‍ക്കും അന്ന് പരിക്കേറ്റു.

തമിഴ്നാട്ടില്‍ മലയാളികള്‍ക്കു നേരേ മാസങ്ങള്‍ നീണ്ട ആക്രമണങ്ങള്‍ക്കും ഇതു കാരണമാക്കി. തമിഴ്നാടിന് വെള്ളം നല്‍കാൻ കേരളം സമ്മതിക്കുന്നില്ലെന്ന തരത്തിലുള്ള വ്യാജ പ്രചാരണവും ഇതോടൊപ്പമുണ്ടയി. കലാപത്തില്‍ മലയാളികള്‍ക്കു മാത്രമാണ് നഷ്ടമുണ്ടായത്.

അതിര്‍ത്തിപ്രദേശമെന്ന നിലയിലും തമിഴ് ജനതയുടെ പ്രത്യേക സ്വഭാവ രീതികൊണ്ടും വ്യാജ പ്രചാരണങ്ങളും കലാപാഹ്വാനങ്ങളും കേരളത്തിന് ഏറെ ദോഷമായി വരും. അതിര്‍ത്തി മേഖലകളിലെ പ്രകോപനം തടയാൻ ഫലപ്രദമായ നടപടികള്‍ ഉണ്ടാകേണ്ടത് മലയാളികളുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്.

വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച
സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

നെടുങ്കണ്ടം: കമ്ബംമെട്ടില്‍ തോട്ടംതൊഴിലാളികളുമായി പോയ വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍ അടക്കമുള്ളവരെ മര്‍ദിച്ച സംഭവത്തിലും ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ കലാപാഹ്വാനം നടത്തിയ സംഭവത്തിലും അഞ്ചു പേര്‍ അറസ്റ്റിലായി. കേരളത്തിലെ നാലുപേരും തമിഴ്നാട്ടിലെ ഒരാളുമാണ് അറസ്റ്റിലായത്.

ശനിയാഴ്ച വൈകുന്നേരമാണ് തമിഴ്‌നാട്ടിലേക്ക് തൊഴിലാളികളുമായി മടങ്ങിപ്പോയ വാഹനം ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച്‌ ഡ്രൈവറെ നാലംഗ സംഘം ആക്രമിച്ചത്. തടസം പിടിക്കാനെത്തിയ തൊഴിലാളിസ്ത്രീകള്‍ക്കും മര്‍ദനമേറ്റു.

തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഹോണ്‍ മുഴക്കി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചു. ഇതില്‍ പ്രകോപിതരായി മുമ്ബില്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നവര്‍ തൊഴിലാളിവാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. അക്രമികള്‍ മദ്യലഹരിയിലായിരുന്നെന്നും പറയുന്നു.

സംഭവത്തില്‍ കൊച്ചറ മുങ്കിപ്പള്ളം സ്വദേശികളായ മൂന്നു പേരെ ശനിയാഴ്ച കമ്ബംമെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ ഒരാളെക്കൂടി പിടികൂടി കോടതിയില്‍ ഹാജരാക്കി.

ഇതിനിടെ ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ തമിഴ്‌നാട്ടില്‍ പ്രചരിക്കുകയും ഇതേത്തുടര്‍ന്ന് ശനിയാഴ്ച രാത്രി കേരളത്തില്‍നിന്നു തമിഴ്‌നാട്ടിലെത്തിയ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമം നടക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും പോലീസ് അടിയന്തരമായി യോഗം ചേര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

ഇന്നലെ തമിഴ്‌നാട്ടിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ കേരളത്തില്‍നിന്നു കുമളി, കമ്ബംമെട്ട്, ബോഡിമെട്ട് അതിര്‍ത്തി വഴികളിലൂടെ തമിഴ്‌നാട്ടിലെത്തുന്ന കേരള വാഹനങ്ങള്‍ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തു വാട്‌സ് ആപ് സന്ദേശം പ്രചരിച്ചു. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. തമിഴ്‌നാട്ടിലെത്തിയവര്‍ പെട്ടെന്ന് തിരിച്ചുപോരുകയും പോകാന്‍ തയാറെടുത്തിരുന്നവര്‍ യാത്ര റദ്ദാക്കുകയും ചെയ്തു.

തുടര്‍ന്ന് ഇടുക്കി, തേനി എസ്പിമാര്‍ ചര്‍ച്ച നടത്തുകയും വാട്‌സ് ആപ് സന്ദേശം പ്രചരിപ്പിച്ച കമ്ബം സ്വദേശി മുരുകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സന്ദേശം പ്രചരിപ്പിച്ച രാഷ്ട്രീയ പാര്‍ട്ടിയോട് ഇത് പിന്‍വലിച്ച്‌ സംയമനം പാലിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടണമെന്നും പോലീസ് നിര്‍ദേശിച്ചു.

ഇതോടെ വലിയ കലാപം ആയേക്കാമായിരുന്ന സാഹചര്യം അധികൃതരുടെ സമയോജിതമായ ഇടപെടലോടെ ഒഴിവായി.

Facebook Comments Box

By admin

Related Post