Thu. Apr 25th, 2024

രാഷ്ട്രീയ തന്ത്രങ്ങളുമായി എല്‍ ഡി എഫ്; സഹതാപ തരംഗം മാത്രം പോരെന്നു യു ഡി എഫ്

By admin Aug 9, 2023 #bjp #CPIM
Keralanewz.com

കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സഹതാപ തരംഗത്തെ മാത്രം ആശ്രയിച്ചാല്‍ മതിയാവില്ലെന്നു കോണ്‍ഗ്രസ് വിലയിരുത്തുന്നു.

ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്രയില്‍ തടിച്ചു കൂടിയ ജനങ്ങളേയോ തുടര്‍ന്നു കല്ലറ സന്ദര്‍ശിക്കുന്നവരുടെ തിരക്കോ മണ്ഡലത്തിലെ വികാരമായി വിലയിരുത്താനാവില്ലെന്നാണു കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്.

ഉമ്മന്‍ചാണ്ടിക്കു തുടര്‍ച്ചയായി വിജയിക്കാന്‍ വഴിയൊരുക്കിയ ഘടകങ്ങള്‍ മകന്‍ ചാണ്ടി ഉമ്മനെ എങ്ങിനെ പിന്തുണക്കുമെന്ന ചോദ്യമാണു പാര്‍ട്ടി പരിശോധിക്കുന്നത്. ഉമ്മന്‍ചാണ്ടിയോടു രണ്ടുമൂന്നു തലമുറകള്‍ വൈകാരികമായ ബന്ധം സൂക്ഷിച്ചിരുന്നു. ഈ വികാര വായ്പ് ചാണ്ടി ഉമ്മനുള്ള സഹതാപ തരംഗമായി മാറുമോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ഥ അഭിപ്രായമുണ്ട്.

ഇടതുപക്ഷം രാഷ്ട്രീയവും ഭരണനേട്ടവും വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്ന പ്രതിപക്ഷ നീക്കവും പ്രചാരണത്തിന് ഉപയോഗിക്കുമ്ബോള്‍ സുപ്രധാനമായ രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയര്‍ന്നു വരും. ഈ ഘട്ടത്തില്‍ സഹതാപ തരംഗത്തെ മാത്രം ആശ്രയിച്ചു നിന്നാല്‍ അപകടം സംഭവിക്കുമെന്നാണു കോണ്‍ഗ്രസ് കരുതുന്നത്.

മണ്ഡലം ഉമ്മന്‍ചാണ്ടിക്കു സ്ഥിരം വിജയം സമ്മാനിച്ചെങ്കിലും പുതുപ്പള്ളി ഉള്‍ക്കൊള്ളുന്ന കോട്ടയം ജില്ലയില്‍ സി പി എമ്മിനും , കേരള കോൺഗ്രസ് (എം) നും ശക്തമായ സംഘടനാ സംവിധാനമുള്ളതും പുതുപ്പള്ളി മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും എല്‍ ഡി എഫിനുള്ള മേല്‍ക്കൈയ്യും കോണ്‍ഗ്രസ്സിനെ ആശങ്കപ്പെടുത്തുന്നു.
കേരള കോണ്‍ഗ്രസ് (എം)യു ഡി എഫ് വിട്ടതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ ഉണ്ടായ വന്‍ ഇടിവും അപകട സൂചന നല്‍കുന്നതാണ്. അതിനാല്‍ കൃത്യമായ രാഷ്ട്രീയ പ്രചാരണത്തിലേക്ക് കടക്കാതെ യു ഡി എഫിന് എല്‍ ഡി എഫ് തന്ത്രങ്ങളെ നേരിടാനാവില്ല.

ബി ജെ പി ഉയര്‍ത്തിക്കൊണ്ടുവന്ന മിത്ത് വിവാദം മണ്ഡലത്തില്‍ കത്തിക്കില്ലെന്ന നിലപാടിലാണു കോണ്‍ഗ്രസ്. മിത്ത് വിവാദം ഉയര്‍ത്തിയാല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നതിനാലാണ് നിയമസഭയില്‍ പോലും വിഷയം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാതിരുന്നത്. എന്നാല്‍ വിഷയം ഉയര്‍ത്തി നാമജപ ഘോഷയാത്രയുമായി രംഗത്തുവന്ന എന്‍ എസ് എസിന്റെ നീക്കങ്ങള്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. ഈ ബന്ധം ഉപയോഗിച്ചു മണ്ഡലത്തില്‍ എന്‍ എസ് എസ് പിന്‍തുണ ആര്‍ജിക്കാനുള്ള നീക്കവും യു ഡി എഫ് നടത്തും.

ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മണ്ഡലത്തിലുള്ള വികാരം ജ്വലിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയ കാര്യം പ്രചാരണത്തില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സോളാര്‍ കേസ് മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറായാല്‍ രാഷ്ട്രീയ പോരാട്ടത്തിലേക്കു തിരഞ്ഞെടുപ്പു മാറും. സോളാര്‍ കേസിന്റെ ചരിത്രം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. ഇതൊടൊപ്പം കോണ്‍ഗ്രസ്സിലെ പഴയ ഗ്രൂപ്പുപോരിന്റെ പഴയ ചരിത്രവും കെ കരുണാകരനെതിരായി നടന്ന നീക്കങ്ങളും ഐ എസ് ആര്‍ ഒ ചാരക്കേസും തുടര്‍ന്നുണ്ടായ സംഭവങ്ങളും കെ കരുണാകരന്റെ രാഷ്ട്രീയ കൊടിയിറക്കവുമെല്ലാം ചര്‍ച്ചയാക്കാന്‍ എല്‍ ഡി എഫ് തയ്യാറാവും. ഇത്തരം രാഷ്ട്രീയ ചര്‍ച്ചയിലേക്ക് തിരഞ്ഞെടുപ്പു രംഗം നീങ്ങുന്നത് അപ്രതീക്ഷിത സാഹചര്യമായിരിക്കും സൃഷ്ടിക്കുക.

ഉമ്മന്‍ചാണ്ടിയെ പുണ്ണ്യാളനാക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ്സിന്റെ നീക്കങ്ങള്‍ക്ക് ഇത്തരം ചര്‍ച്ചകള്‍ ദോഷം ചെയ്യും. ഉ മ്മന്‍ചാണ്ടിയുടെ പ്രതിച്ഛായയെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ഉത്തരം രാഷ്ട്രീയ ചര്‍ച്ചകള്‍ പോവുന്നതു സഹതാപ തരംഗത്തിന്റെ അന്തരീക്ഷത്തിനു ഗുണകരമാവില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി കഷ്ടിച്ചാണു രക്ഷപ്പെട്ടതെന്നാണ് എല്‍ ഡി എഫ് ക്യാമ്ബിലെ കണക്കുകൂട്ടല്‍. കണ്ണുനീര്‍ ഉപയോഗിച്ച്‌ വോട്ട് പിടിക്കരുതെന്നും കണ്ണീരിന്റെ പിന്നാലെ പോയ മിക്ക നേതാക്കളും ഇന്ന് ബി ജെ പിയിലാണുള്ളതെന്നുമുള്ള എ കെ ബാലന്റെ പ്രതികരണം കോണ്‍ഗ്രസ്സിനുള്ള മുന്നറിയിപ്പാണ്.

മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് നിലച്ചുപോയ വികസനം പിണറായി വിജയന്റെ കാലത്താണ് നടപ്പിലായത്. മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടി സുധീര്‍ഘമായ കാലയളവില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനം പറഞ്ഞാല്‍ വോട്ട് ലഭിക്കില്ല. കണ്ണീരിന്റെ അണക്കെട്ടി രാഷ്ട്രീയ ഒഴുക്കിനെ തടയാം എന്ന് കരുതേണ്ട. വിലാപയാത്രക്ക് എത്തിയതെല്ലാം വോട്ടാണ് എന്ന് കോണ്‍ഗ്രസ് തെറ്റിദ്ധരിക്കരുതെന്നും എ കെ ബാലന്‍ പറഞ്ഞു.

കേരളത്തില്‍ എല്‍ ഡി എഫ് വികസന പ്രക്രിയയെ തുരങ്കം വയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണമാകും അവിടെ നടക്കുക എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറയുന്നത്.

പുതുപ്പള്ളി രാഷ്ട്രീയമായി ഇടതുപക്ഷത്തിന് അനുകൂലമായ മണ്ഡലമാണെന്നു പുതുപ്പള്ളിയുടെ ചുമതലയുമുള്ള സി പി എം നേതാവ് വി എന്‍ വാസവനും പറഞ്ഞു. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നു സഹതാപ തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനൊപ്പം നിന്ന പാരമ്ബര്യം കോട്ടയത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് സഹതാപ തരംഗമാവുമെന്നു മുന്‍കൂട്ടിക്കണ്ടുകൊണ്ടുള്ള അടവുകളാണ് സി പി എം ആവിഷ്‌കരിക്കുന്നത്. സി പി എം തന്ത്രങ്ങള്‍ വിലയിരുത്തി സഹതാപത്തിനപ്പുറം രാഷ്ട്രീയം കൊണ്ടുവരാന്‍ യു ഡി എഫും നീക്കങ്ങള്‍ തയ്യാറാക്കുന്നു.

പുതുപ്പള്ളിയിലെ രാഷ്ട്രീയ കരുനീക്കങ്ങള്‍ എന്തായിരിക്കുമെന്നു വരും ദിവസങ്ങളിലേ സമ്ബൂര്‍ണമായി വെളിപ്പെടുകയുള്ളൂ.

Facebook Comments Box

By admin

Related Post