Fri. Mar 29th, 2024

സിന്ധ്യയെ പൂട്ടാന്‍ തന്ത്രമൊരുക്കി കോണ്‍ഗ്രസ്; വിശ്വസ്തനെതിരെ മുന്‍ ബിജെപി നേതാവ് മത്സരിച്ചേക്കും.

By admin Aug 26, 2023 #bjp #congress #CPIM
Keralanewz.com

ഭോപ്പാല്‍: മധ്യപ്രദേശ് പിടിക്കാൻ വമ്പൻ നീക്കങ്ങളുമായി കോൺഗ്രസ് . നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ശക്തനായ ബി ജെ പി നേതാവ് കോണ്‍ഗ്രസില്‍. മുൻ ജൻപദ് പഞ്ചായത്ത് പ്രസിഡന്റ് രാഹത്ഗഡ് നീരജ് ശര്‍മ്മയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ സാന്നിധ്യത്തിലായിരുന്നു ശര്‍മ്മയുടെ പാര്‍ട്ടി പ്രവേശം. ഭുവുടമയും സ്വകാര്യ ബസ് ഓപ്പറേറ്ററുമാണ് ശര്‍മ്മ. നിയമസഭ തിരഞ്ഞെടുപ്പില്‍ സുര്‍ക്കി മണ്ഡലത്തില്‍ നിന്നും ശര്‍മ്മയെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

മുൻപ് കോണ്‍ഗ്രസിലായിരുന്നു ശര്‍മ്മ. 2009 ലാണ് ഇയാള്‍ പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ എത്തിയത്. 2010 ല്‍ ഹത്ഗര്‍ ജൻപദ് പഞ്ചായത്തിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി വിജയിച്ചിരുന്നു. പ്രാദേശിക തലത്തില്‍ കരുത്തനായ നേതാവായ ശര്‍മ്മയെ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനും മുൻ കോണ്‍ഗ്രസ് നേതാവുമായ ഗോവിന്ദ് സിംഗ് രജ്പുതിനെതിരെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കാൻ ഒരുങ്ങുന്നത്.

സുര്‍ക്കി മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ മൂന്ന് തവണയായി എം എല്‍ എയായ നേതാവാണ് ഗോവിന്ദ് സിംഗ് രാജ്പുത്. 2020 ല്‍ ബി ജെ പിയുടെ ഓപ്പറേഷൻ താമരയുടെ ഭാഗാമയി സിന്ധ്യയ്ക്കൊപ്പമാണ് ഗോവിന്ദ് സിംഗ് ബി ജെ പിയിലേക്ക് ചേക്കേറിയത്. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ നിന്നും വിജയിക്കാൻ സിംഗിന് സാധിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന് ചൗഹാൻ സര്‍ക്കാരില്‍ മന്ത്രിസ്ഥാനവും ലഭിച്ചു. കരുത്തനായ സിംഗിനെ ഒതുക്കാൻ ശര്‍മ്മയ്ക്ക് സാധിക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.

അതിനിടെ നിയമസഭ തിരഞ്ഞെടുപ്പിനോട് അടുപ്പിച്ച്‌ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ പല നേതാക്കളും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് സൂചനകള്‍. ബി ജെ പി നേതാക്കളും സിന്ധ്യയ്ക്കൊപ്പം എത്തിയവരും തമ്മില്‍ കടുത്ത അകല്‍ച്ച നിലനില്‍ക്കുന്നുണ്ട്. നേരത്തേ തന്നെ നേതാക്കളുടെ വരവില്‍ ബി ജെ പിയില്‍ അതൃപ്തി ശക്തമായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാക്കളില്‍ പലര്‍ക്കും അവസരം നഷ്ടപ്പെടാൻ പുതിയ നേതാക്കളുടെ വരവ് കാരണമായെന്നാണ് ആക്ഷേപം. ഈ അസ്വസ്ഥകള്‍ പരമാവധി മുതലെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം.

കോണ്‍ഗ്രസിന്റെ കാലുവാരി സിന്ധ്യയ്ക്കൊപ്പം 26 ഓളം എം എല്‍ എമാരായിരുന്നു ബി ജെ പി ക്യാമ്ബില്‍ ചേക്കേറിയത്. ഇവരില്‍ പലര്‍ക്കും ഇത്തവണയും സീറ്റ് ലഭിച്ചേക്കുമെന്നാണ് സൂചന.

Facebook Comments Box

By admin

Related Post