Fri. Apr 26th, 2024

മുരളീധരന് പിന്നാലെ ശശി തരൂരും പുറത്ത്‌ , പാർട്ടിയിൽ അതൃപ്തരുടെ എണ്ണം വർദ്ധിക്കുന്നു.

By admin Aug 27, 2023
Keralanewz.com

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത അതൃപ്തിയുമായി കെ മുരളീധരൻ എംപി.

കെപിസിസി പ്രചാരണ കമ്മിറ്റി ചെയര്‍മാനായിട്ടും തന്നെ അവഗണിച്ചത് കടുത്ത അവഹേളനമായാണ് മുരളീധരനും അനുകൂലികളും കരുതുന്നത്. മുരളീധരനെ തഴഞ്ഞ നേതൃത്വം റോജി എം ജോണിനെപ്പൊലുള്ള ജൂനിയര്‍ നേതാക്കളെ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്തിയതും അപമാനഭാരമേറ്റി. കേരളത്തില്‍ കോണ്‍ഗ്രസിന്റെ 15 ലോക്സഭാംഗങ്ങളില്‍ 12 പേരും താരപ്രചാരകരുടെ പട്ടികയില്‍ ഇടംപിടിച്ചപ്പോഴാണ് മുരളീധരനെ ഒഴിവാക്കിയത്. പരിഭവം വിടാതെതന്നെ പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നാണ് മുരളീധരൻ പറയുന്നത്.

ഹൈക്കമാൻഡിനെ പ്രതിഷേധം അറിയിച്ചിട്ടും പട്ടിക തിരുത്താത്തതിലും മുരളീധരന് അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് പിന്മാറുന്നുവെന്ന സൂചനയും മുരളീധരൻ നല്‍കി. ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്നും നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന് പിന്നീട് അറിയിക്കാമെന്നും കഴിഞ്ഞദിവസം പറഞ്ഞത് അവഗണനയില്‍ മനംനൊന്താണ്.

കരുണാകരൻ സ്മാരക നിര്‍മാണത്തിന് സമയം വേണമെന്നതിനാലാണ് വിട്ടുനില്‍ക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച 37 താരപ്രചാരകരുടെ പട്ടികയില്‍ ശശി തരൂരുമില്ല. സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പു മറികടന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഇടംപിടിച്ചതിന് പിന്നാലെയാണ് തരൂരും പുതുപ്പള്ളിയില്‍ തഴയപ്പെട്ടത്. വര്‍ഷങ്ങളായി ക്ഷണിതാവായി തുടരുന്ന രമേശ് ചെന്നിത്തലയും കടുത്ത നിരാശയിലാണ്. ചെന്നിത്തലയെ അനുനയിപ്പിച്ച്‌ പുതുപ്പള്ളിയില്‍ എത്തിച്ചെങ്കിലും പരിഭവം തുടരുകയാണ്.

മുരളീധരനെ ഒഴിവാക്കി എന്ന് പ്രചരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ശത്രുക്കളാണെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്റെ പ്രതികരണം.
എന്നാൽ മുരളീധരൻ പണ്ട് ഉമ്മൻ ചാണ്ടിക്കുറിച്ച് നടത്തിയ തീപ്പൊരി പ്രസംഗം ചാണ്ടി ഉമ്മന്റെ ജയസാധ്യതയില്ലാതാക്കും എന്ന തിരിച്ചറിവാണീ തീരുമാനത്തിന് പിന്നിൽ എന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും ഇത് സംബന്ധിച്ച് ലഭിക്കുന്ന വിവരം.

Facebook Comments Box

By admin

Related Post