Fri. Apr 26th, 2024

തിരുവോണ ദിവസം അവധിയില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയറിയിച്ച് മന്ത്രി വീണാ ജോർജ് .

By admin Aug 29, 2023
Keralanewz.com

തിരുവനന്തപുരം :തിരുവോണ ദിവസം ആശുപത്രികളില്‍ അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രികള്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എസ്.എ.ടി.യിലും ജനറല്‍ ആശുപത്രിയിലും സന്ദര്‍ശനം നടത്തി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ഓണ സമ്മാനവും നല്‍കിയാണ് മന്ത്രി മടങ്ങിയത്. 150 ഓളം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണ് മെഡിക്കല്‍ കോളേജിലും എസ്.എ.ടി.യിലുമായി തിരുവോണ ദിവസം ആദ്യ ഷിഫ്റ്റില്‍ സേവനമനുഷ്ഠിച്ചത്. അവര്‍ക്ക് മന്ത്രി വസ്ത്രങ്ങള്‍ സമ്മാനിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദീന്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ആരോരുമില്ലാത്തവര്‍ സംരക്ഷിക്കപ്പെടുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രി ഒന്‍പതാം വാര്‍ഡിലും മന്ത്രി സന്ദര്‍ശനം നടത്തി. അവര്‍ക്ക് മന്ത്രി വസ്ത്രങ്ങള്‍ സമ്മാനിച്ചു. ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും കൂട്ടിരുപ്പുകാരെയും കണ്ടു. ഒപ്പം അവര്‍ക്ക് ഓണ സദ്യ വിളമ്പിക്കൊടുക്കുകയും ചെയ്തു.

അടുത്തിടെ മന്ത്രി ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഇവരെ നേരിട്ടു കണ്ടിരുന്നു. അവരുടെ പുനരധിവാസം ഉറപ്പ് വരുത്താനായി ഇടപെടല്‍ നടത്തി. 96 പേരാണ് ജനറല്‍ ആശുപത്രിയില്‍ അന്ന് കഴിഞ്ഞത്. പത്തനംതിട്ട കുമ്പനാട് ഗില്‍ഗാലിനോട് മന്ത്രി ആവശ്യപ്പെട്ട പ്രകാരം 15 പേരെ ഏറ്റെടുക്കാന്‍ തയ്യാറായി. സാമൂഹ്യനീതി വകുപ്പും പുനരധിവാസം ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ നിലവില്‍ 69 പേരാണ് ജനറല്‍ ആശുപത്രിയില്‍ പുനരധിവാസം കാത്ത് കഴിയുന്നത്.

തിരുവോണ ദിവസം കുടുംബങ്ങള്‍ക്കൊപ്പം കഴിയാതെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. രോഗം മൂലം ആശുപത്രികളില്‍ കഴിയേണ്ടി വരുന്നവരുമുണ്ട്. അവധിയില്ലാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന പ്രിയപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാനും അവരില്‍ ചിലര്‍ക്കെങ്കിലുമൊപ്പം അല്‍പസമയം ചെലവഴിക്കാനുമാണ് മന്ത്രിയെത്തിയത്. ഓണനാളിലെ മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്തോഷം നല്‍കി

Facebook Comments Box

By admin

Related Post