Fri. Apr 19th, 2024

മോദിയുടെ കസേര ഇളകിതുടങ്ങി’; ഗ്യാസ് വില കുറച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

By admin Aug 29, 2023
Keralanewz.com

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന്റെ വില കുറയ്ക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്

ഇന്ത്യയില്‍ മോദി ഭരണത്തിന്റെ കസേര ഇളകിത്തു ടങ്ങിയെന്ന BJP സര്‍ക്കാരിന്റെ തിരിച്ചറിവാണ് പെട്ടെന്നുള്ള പാചക വാതക വില കുറക്കലിന് പിന്നിലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. വില കുറക്കാനുള്ള തീരുമാനത്തിന് പിന്നില്‍ രണ്ട് കാരണങ്ങളാണ് ഉള്ളതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കര്‍ണാടക മോഡല്‍ പ്രഖ്യാപനങ്ങളും, രാജ്യത്തെ പ്രതിപക്ഷ ഐക്യ സഖ്യമായ ഇന്‍ഡ്യ യുടെ സമ്മര്‍ദ്ദവുമാണ് വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിച്ചതെന്നും അഭിപ്രായപ്പെട്ടു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ ഏകദേശം 200 രൂപയോളം കുറവ് വരുത്താന്‍ ഇന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം ഉണ്ടായത്.

സിലിണ്ടര്‍ വില കുറക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് മാധ്യമങ്ങളെ അറിയിച്ചത്. എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് 200 രൂപ കൂടി സബ്‌സിഡി നല്‍കി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പ്രധാനമന്ത്രി ഉജ്ജ്ജ്വല യോജന പ്രകാരമുള്ളവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ച സബ്‌സിഡി കൂടി ചേര്‍ത്ത് 400 രൂപവരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഡല്‍ഹിയില്‍ 14 കിലോ സിലിണ്ടറിന് 1053 രൂപയാണ് വില. മുംബൈയില്‍ 1052 രൂപ വരും. ജൂലൈയില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ എണ്ണ വിതരണ കമ്പനികള്‍ 50 രൂപയുടെ വര്‍ധന വരുത്തിയിരുന്നു. മെയ് മാസം രണ്ടുതവണ വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ജൂലൈയിലും വില കൂട്ടിയത്.

അതേസമയം പ്രധാനമന്ത്രിയുടെ രക്ഷാബന്ധന്‍ ഓണം സമ്മാനമാണിതെന്നായിരുന്നു പദ്ധതി പ്രഖ്യാപനത്തില്‍ അരാഗ് സിങ് ഠാക്കൂറിന്റെ പ്രതികരണം. നമ്മുടെ സഹോദരിമാരുടെ ക്ഷേമത്തിന് വേണ്ടിയാണ് നടപടി. ഇതിന് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. ആശ്വാസം നല്‍കുന്ന പ്രഖ്യാപനം മാത്രമായി കണ്ടാല്‍ മതിയെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 2016ലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രഖ്യാപിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 5 കോടി സ്ത്രീകള്‍ക്കാണ് ഈ പദ്ധതി അനുസരിച്ച്‌ എല്‍പിജി കണക്ഷന്‍ നല്‍കിയത്.

Facebook Comments Box

By admin

Related Post