Fri. Mar 29th, 2024

അപ്രതീക്ഷിത നീക്കങ്ങളുമായി കേന്ദ്ര സർക്കാർ : ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ നിയമനിര്‍മ്മാണം നടന്നേക്കും

By admin Sep 1, 2023 #bjp #congress #CPIM
Keralanewz.com

ഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവന്നേക്കുമെന്ന് സൂചന നൽകി കേന്ദ്രം. പൊടുന്നനെ പ്രത്യേക പാർലിമെന്റു സമ്മേളനം വിളിച്ചു ചേർത്തത് ഈ ലക്ഷ്യത്തോടെയാണെന്ന് കരുതപ്പെടുന്നു.

പ്രത്യേക സമ്മേളനം വിളിച്ച്‌ ചേര്‍ത്തതിന് പിന്നിലുള്ള അജണ്ടകള്‍ എന്താണെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതിനിടയിലാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. ഏക സിവില്‍ കോഡ്, സ്ത്രീ സംവരണം തുടങ്ങിയ ബില്ലുകളും പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് നേരത്തേ പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു. മമത ബാനര്‍ജി അടക്കമുള്ള നേതാക്കളായിരുന്നു പ്രതികരിച്ചത്. അതേസമയം ഒരു രാജ്യം ഒരു തിരഞ്ഞടുപ്പ് എന്ന ആശയം നടപ്പാക്കുന്നത് സംബന്ധിച്ച്‌ നേരത്തേ തന്നെ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ഒരു ദിവസം തിരഞ്ഞെടുപ്പ് നടത്തുന്നത് ഖജനാവിന് ലാഭമുണ്ടാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു.

അതേസമയം ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി ഭരണഘടനയില്‍ ഭേദഗതി വരുത്തേണ്ടി വരും. പാര്‍ലമെന്റിന്റെ കാലാവധി, സംസ്ഥാന സഭകളുടെ കാലാവധി, സംസ്ഥാന സഭകള്‍ പിരിച്ചുവിടല്‍, ലോക്സഭ പിരിച്ചുവിടല്‍, സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണം ഇവ സംബന്ധിച്ചായിരിക്കും ഭേദഗതി വരുത്തേണ്ടി വരിക.

സപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച്‌ ചേര്‍ത്തിരിക്കുന്നത്. കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. ഫലപ്രദമായ ചര്‍ച്ചകള്‍ നടത്താനാണ് സമ്മേളനം എന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ സമ്മേള്ളനത്തില്‍ ഉണ്ടാകും എന്നും മന്ത്രി പറഞ്ഞിരുന്നു.

അതിനിടെ തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയിരിക്കുകയാണ് പ്രതിപക്ഷ സഖ്യം. സീറ്റ് വിഭജനം അടക്കമുള്ള വിഷയങ്ങളില്‍ വേഗം തീരുമാനം കൈക്കൊണ്ടേക്കും. ഇന്ത്യ മുന്നണിയുടെ യോഗം മുംബൈയില്‍ നടക്കുകയാണ്. ഇന്ന് ആരാകും സഖ്യത്തിന്റെ കണ്‍വീനര്‍ എന്നത് ബംന്ധിച്ച്‌ തീരുമാനം ഉണ്ടായേക്കും. നിതീഷ് കുമാറോ കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയോ ആയിരിക്കും സഖ്യത്തെ നയിച്ചേക്കുകയെന്നാണ് സൂചന. കോണ്‍ഗ്രസ് തന്നെ മുന്നണിയെ നയിക്കണമെന്നതാണ് മുസ്ലീം ലീഗ്, ശിവസേന അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

Facebook Comments Box

By admin

Related Post