Fri. Apr 26th, 2024

ഇന്ത്യാ സഖ്യത്തിന് 13 അംഗ കോഓര്‍ഡിനേഷന്‍ പാനല്‍: സീറ്റ് വിഭജനം ഉടന്‍തന്നെ.

Keralanewz.com

മുംബൈ: ഇന്ത്യാ പ്രതിപക്ഷ സഖ്യത്തിന് പുതിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഇതിൽ 13 അംഗങ്ങളാണുള്ളത് . കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, ശിവസേന എംപി സഞ്ജയ് റാവത്ത്, ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജെഡിയു നേതാവ് ലല്ലന്‍ സിംഗ്, എഎപി എംപി രാഘവ് ഛദ്ദ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, എസ്പി നേതാവ് ജാദവ് അലി ഖാന്‍, സിപിഐ നേതാവ് ഡി രാജ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, എന്നിവരാണ് പാനലില്‍ ഇടംപിടിച്ചിരിക്കുന്നത്.

ഈ 13 അംഗ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് സഖ്യത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുക. ദേശീയ അജണ്ട, പൊതു പ്രചാരണ വിഷയങ്ങള്‍, പൊതു പരിപാടികള്‍, എന്നിവ ഈ കമ്മിറ്റി തീരുമാനിക്കും. എന്നാല്‍ കണ്‍വീനറെ ഇത്തവണയും സഖ്യം പ്രഖ്യാപിച്ചില്ല.

വലിയ മത്സരം തന്നെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നടക്കുന്നുണ്ടെന്നാണ് സൂചന. പാനലിനെ പ്രഖ്യാപിക്കും മുമ്ബ് ഇന്ത്യാ സഖ്യം ലോഗോ പുറത്തിറക്കുന്നതും നീട്ടി വെച്ചിരുന്നു. അവസാന നിമിഷം ഡിസൈനില്‍ ചില മാറ്റങ്ങള്‍ക്ക് പാര്‍ട്ടികളും, നേതാക്കളും നിര്‍ദേശിച്ചത് കൊണ്ടാണ് ലോഗോ പുറത്തിറക്കുന്നത് വൈകിയത്.സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും. ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സഖ്യം അറിയിച്ചിരിക്കുന്നത്.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ മത്സരിക്കുന്ന കാര്യത്തില്‍ സഖ്യം പ്രമേയം പാസാക്കി. വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. വേഗത്തില്‍ തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി, തെരഞ്ഞെടുപ്പിലേക്ക് കടക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. അതേസമയം യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

പകപോക്കല്‍ രാഷ്ട്രീയമാണ് കേന്ദ്രം കളിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ വേട്ടയാടുകയാണ് കേന്ദ്രം. ഇന്ത്യാ സഖ്യം ജനപ്രീതി നേടുന്നത് കൊണ്ടാണിതെന്നും ഖാര്‍ഗെ പറഞ്ഞു. കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, മധ്യവര്‍ഗം, ബുദ്ധിജീവി സമൂഹം, എന്‍ജിഒകള്‍, മാധ്യമപ്രവര്‍ത്തകര്‍, പിന്നോക്ക വിഭാഗക്കാര്‍, തുടങ്ങി സമൂഹത്തിലെ ഓരോ വിഭാഗവും ബിജെപിയുടെ ഏകാധിപത്യ ഭരണത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കുട്ടികള്‍ക്കും, ട്രെയിന്‍ യാത്രികര്‍ക്കുമെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് കാരണക്കാരാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും ഖാര്‍ഗെ പറഞ്ഞു.

സഖ്യത്തിന്റെ ചിത്രം പങ്കുവെച്ച ഖാര്‍ഗെ, ഇ നിയും വഞ്ചിക്കപ്പെട്ടാനില്ല, 140 കോടി ഇന്ത്യക്കാരും മാറ്റത്തിനായി തീരുമാനിച്ചുവെന്നും കുറിച്ചു. പ്രചാരണ തന്ത്രം, സഖ്യത്തിന്റെ ഘടന എന്നിവയാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ചയായത്. പൊതു അജണ്ട രൂപീകരിക്കുന്നതിനായി ബുള്ളറ്റ് പോയിന്റുകള്‍ തയ്യാറാക്കാനും നേതാക്കളോട് ഖാര്‍ഗെ ആവശ്യപ്പെട്ടു.

അതേസമയം ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തില്‍ ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ ഐഎസ്‌ആര്‍ഒയെ യോഗത്തില്‍ അഭിനന്ദിച്ചു. ആദിത്യ-എല്‍1 സോളാര്‍ മിഷന്റെ ലോഞ്ചിനായി കാത്തിരിക്കുകയാണെന്നും സഖ്യം പറഞ്ഞു. ഇന്ത്യാ സഖ്യം പ്രമേയം പാസാക്കിയാണ് ഇസ്രൊയെ അഭിനന്ദിച്ചത്.

Facebook Comments Box

By admin

Related Post