Fri. Mar 29th, 2024

ഉള്‍പ്പോര്: പ്രതികളുടെ മൊഴിയില്‍ പോലീസുകാര്‍ക്കെതിരെ കേസും നടപടിയും; സേനയില്‍ മുറുമുറുപ്പ്‌

By admin Sep 4, 2023
Keralanewz.com

തൃശ്ശൂര്‍: പോലീസ് ഉദ്യോഗസ്ഥരെ പോലീസ്തന്നെ കെണിയില്‍പ്പെടുത്തുന്ന ഉള്‍പ്പോര് വീണ്ടും. ഏറ്റവും ഒടുവില്‍ കഞ്ചാവുകേസുമായി ബന്ധപ്പെട്ട് എസ്.ഐ.യ്ക്കും സി.പി.ഒ.യ്ക്കുമെതിരേ അച്ചടക്കനടപടിക്ക് നീക്കം തുടങ്ങി.
ഇത്തരം സംഭവങ്ങള്‍ വ്യാപകമാകുന്നതോടെ സേന നിഷ്ക്രിയത്വത്തിലേക്ക് നീങ്ങുന്നുവെന്നാണ് പോലീസുകാര്‍ത്തന്നെ പറയുന്നത്. പോലീസ് സംഘടനയിലും മുറുമുറുപ്പുയരുന്നുണ്ട്.

കഞ്ചാവ് കൈവശംവച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ തുടക്കം. പോലീസ് പോക്കറ്റില്‍ കഞ്ചാവിടുകയായിരുന്നുവെന്ന് ഇയാള്‍ പിന്നീട് പരാതിപ്പെട്ടു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് എസ്.ഐ.യ്ക്കും സി.പി.ഒ.യ്ക്കുമെതിരേ നടപടിശുപാര്‍ശ വന്നത്. പ്രതിക്കെതിരേ ഈസ്റ്റ് സ്റ്റേഷനില്‍മാത്രം പത്തോളം കേസുകളുണ്ട്.
സാക്ഷിമൊഴികളും മറ്റും പരിഗണിക്കാതെയാണ് പ്രതിയുടെ മൊഴിമാത്രം അടിസ്ഥാനമാക്കി പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടായത്. പ്രതിയെക്കൊണ്ട് ചില പോലീസുകാര്‍ത്തന്നെ എസ്.ഐ.യ്ക്കെതിരേ പരാതി കൊടുപ്പിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

പ്രതികളായ പോലീസുകാര്‍ക്കുംകേസെടുത്ത എസ്.ഐ.യ്ക്കും ശിക്ഷ
കാപ്പ നിയമപ്രകാരം നാടുകടത്തല്‍ ശിക്ഷ അനുഭവിച്ച ഗുണ്ടയുടെ മൊഴിയിലാണ് ഏഴോളം പോലീസുകാരുടെ പേരില്‍ കേസ്. ഗുണ്ടയ്ക്ക് പോലീസ് ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യം ചിലര്‍ മുതലെടുക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവം വിവാദമായപ്പോള്‍ കേസെടുത്ത എസ്.ഐ.യെ സ്ഥലംമാറ്റി. ഒരേ കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ക്കും നടപടിയെടുത്തയാള്‍ക്കും ശിക്ഷയെന്ന വിചിത്രസംഭവമാണ് അരങ്ങേറിയത്.

വേറെയും കേസുകള്‍

ജയിലിലേക്ക് അയച്ച പ്രതിയുടെ ബാഗില്‍ സ്വര്‍ണാഭരണം കണ്ടെത്തിയ സംഭവത്തില്‍ വ്യാജകേസെടുത്തെന്ന ആരോപണത്തിലും പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടായി. മിക്കതിലും വേണ്ടത്ര അന്വേഷണം നടത്താതെ നടപടിയിലേക്ക്
പോകുന്നുവെന്ന ആരോപണമാണ് പോലീസുകാര്‍ക്കുള്ളത്.

ചെറിയ കുറ്റങ്ങള്‍ക്കുപോലും സസ്പെൻഷൻ പോലുള്ള കൂടിയ ശിക്ഷ ലഭിക്കുകയും ചെയ്യുന്നു. ഇതുകൊണ്ടുതന്നെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രശ്നങ്ങളിലേക്ക് മുന്നിട്ടിറങ്ങുന്നത് കുറയുകയാണ്. മുന്നില്‍ എത്തുന്ന സംഭവങ്ങളില്‍ പരാതിക്കിടയാക്കാതെ അവസാനിപ്പിക്കുക എന്നതുമാത്രമാണ് ഇവര്‍ ചെയ്യുന്നത്.

എസ്.ഐ.യ്ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചില്ല
പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റം ചുമത്തിയാണ് എസ്.ഐ.യ്ക്കെതിരേ സി.ഐ. കേസ് എടുത്തത്. സ്വമേധയാ എടുക്കുന്ന കേസുകളില്‍ ഉടൻ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് നിയമം. എന്നാല്‍, സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല. കുറ്റാരോപിതനായ എസ്.ഐ.യെ അന്നുതന്നെ സസ്പെൻഡ് ചെയ്തിരുന്നു.

വേണ്ടത്ര അന്വേഷണം നടത്താതെ കേസെടുത്തുവെന്നാരോപിച്ച്‌ പോലീസില്‍നിന്നുതന്നെ പരാതികള്‍ പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നതോദ്യോഗസ്ഥൻ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. എന്നിട്ടും കുറ്റപത്രം തയ്യാറായില്ല.
വീട്ടില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനായി ഇറങ്ങിയ എസ്.ഐ. സമീപത്തെ മരക്കമ്ബനി വളപ്പില്‍ കയറിനിന്ന് ഫോണില്‍ സംസാരിക്കുമ്ബോഴാണ് സി.ഐ. അവിടെ എത്തുന്നതും മരക്കമ്ബനിക്കുള്ളില്‍നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തുന്നതും. ഇത് അവിടത്തെ ജീവനക്കാരായ ചിലര്‍ ഒരുക്കിവെച്ചതായിരുന്നു. ഇവിടെനിന്ന് മദ്യപിച്ചെന്ന പേരിലാണ് എസ്.ഐ.യുടെ പേരില്‍ കേസ് എടുക്കുന്നത്. എന്നാല്‍, ഇത് തെളിയിക്കാനുള്ള ഒന്നും പോലീസിന് കിട്ടിയില്ല. ഇതാണ് കുറ്റപത്രം നല്‍കാൻ വൈകുന്നത്.
തെളിവില്ലെന്നു പറഞ്ഞാല്‍ കേസെടുത്ത സി.ഐ.യ്ക്കെതിരേയുള്ള കുറ്റമായി അതു മാറും. സസ്പെൻഷനും ചോദ്യംചെയ്യപ്പെടും. ഇതോടെ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്.

Facebook Comments Box

By admin

Related Post