Fri. Apr 19th, 2024

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നീക്കത്തിനെതിരെ ശക്തമായി രംഗത്തുവരാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു

By admin Sep 5, 2023
Keralanewz.com

ന്യൂഡല്‍ഹി : ബി ജെ പി രാജ്യത്തു നടപ്പാക്കാന്‍ ശ്രമിക്കുന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപടികള്‍ക്കെതിരെ ശക്തമായി രംഗത്തുവരാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു.
പ്രതിപക്ഷ സഖ്യത്തിന്റെ പൊതുവായ നിലപാട് ഇക്കാര്യത്തില്‍ രൂപപ്പെടുത്തുന്നതിനും കോണ്‍ഗ്രസ് മുന്‍കൈ എടുക്കും.

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി ഇതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സമിതിക്കെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവരും. ആദ്യഘട്ടത്തില്‍ സമിതിക്കെതിരെ പ്രമേയം പാസാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ നീക്കമാണ് ബി ജെ പി നടത്തുന്നതെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
അതിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലുളള അതൃപ്തി രാഹുല്‍ ഗാന്ധി പരസ്യമാക്കി. ഇന്ത്യയെന്നത് സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ആ കൂട്ടായ്മയക്കും, സംസ്ഥാനങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന് രാഹുല്‍ ഗാന്ധി കുറിച്ചു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച എട്ടംഗ സമിതിയില്‍ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ സമ്മതം വാങ്ങിയാണെന്നു ബി ജെ പി പ്രതികരിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല.
രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ യോഗം ഉടന്‍ ചേരാനും നടപടികള്‍ വേഗത്തിലാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ കരുനീക്കുന്നത്. നിയമമന്ത്രാലയ ഉദ്യോഗസ്ഥര്‍ രാംനാഥ് കോവിന്ദിനെ കണ്ട് ആശയ വിനിമയം നടത്തിയിട്ടുണ്ട്.

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാകുമോ എന്നതടക്കം ഏഴ് പ്രധാന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്.
അധികം വൈകാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയോടു നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈയാഴ്ച തന്നെ യോഗം ചേരാനാണ് നീക്കം. തുടര്‍ച്ചയായ സിറ്റിംഗുകള്‍ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നുണ്ട്.
കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി അധിര്‍ രഞ്ജന്‍ ചൗധരി സമിതിയില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ രണ്ടാമത്തെ വലിയ കക്ഷിയായ ഡി എം കെയെ സമിതിയിലേക്ക് ക്ഷണിക്കും.
ഡി എം കെയും സമിതിയെ എതിര്‍ക്കുന്നതിനാല്‍ അടുത്ത സാധ്യത വൈ എസ് ആര്‍ കോണ്‍ഗ്രസിനാകും
ബി ജെ പി നീക്കത്തിനെതിരെ ഇന്ത്യ സഖ്യത്തിലും കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. അതുകൊണ്ട് തന്നെ പ്രത്യേക ലക്ഷ്യത്തോടെ സര്‍ക്കാര്‍ വിളിച്ച പാര്‍ലമെന്റ് സമ്മേളനം സ്തംഭിപ്പിക്കാനാണ് നീക്കം.
ചൊവ്വാഴ്ച ചേരുന്ന യോഗത്തിന്റെ ഇതാവാനും സാധ്യതയുണ്ട്. പരാജയ ഭീതികൊണ്ടാണ് പ്രതിപക്ഷം ഒരു തെരഞ്ഞെടുപ്പ് സമിതിയേയും പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തെയും എതിര്‍ക്കുന്നതെന്ന് മന്ത്രി അനുരാഗ് താക്കൂര്‍ തിരിച്ചടിച്ചു.

Facebook Comments Box

By admin

Related Post