Fri. Mar 29th, 2024

പോലീസ് കേസ് റദ്ദാക്കിയാല്‍ ഇഡി കേസും റദ്ദാകും: ഹൈക്കോടതി

By admin Sep 7, 2023
Keralanewz.com

കൊച്ചി: പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രധാന കേസ് റദ്ദാക്കിയാല്‍ ഇതിന്‍റെ തുടര്‍ച്ചയായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്യുന്ന കേസും റദ്ദാകുമെന്ന് ഹൈക്കോടതി.
മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്‌ടര്‍ വി.പി. നന്ദകുമാറടക്കമുള്ള വ്യക്തികള്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് രാജവിജയരാഘവന്‍റെ ഉത്തരവ്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വലപ്പാട് പോലീസ് 2002 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ ചുവടുപിടിച്ച്‌ കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരം ഇഡിയും കേസെടുത്തിരുന്നു.

എന്നാല്‍, ഭൂമിയിടപാട് കേസിലെ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പായതോടെ കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട പോലീസ് കേസ് റദ്ദാക്കി. അതേസമയം ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടികള്‍ തുടര്‍ന്നു. ഇതിനെതിരേയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വഞ്ചനാക്കുറ്റം ആരോപിച്ചു രജിസ്റ്റര്‍ ചെയ്ത പോലീസ് കേസ് റദ്ദാക്കിയെങ്കിലും തങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുമെന്നും കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരം അന്വേഷണം നടത്താന്‍ അധികാരമുണ്ടെന്നുമായിരുന്നു ഹര്‍ജിയില്‍ ഇഡിയുടെ വാദം.

എന്നാല്‍, പ്രധാന കേസ് റദ്ദാക്കിയ സാഹചര്യത്തില്‍ അനുബന്ധ കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിക്കാരും ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമത്തില്‍ പറയുന്ന ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളിലൂടെ അനധികൃതമായി സ്വത്തു സമ്ബാദിച്ചാലേ ഇഡിയുടെ കേസ് നിലനില്‍ക്കൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് സിംഗിള്‍ബെഞ്ച് വിലയിരുത്തി.
ഷെഡ്യൂള്‍ഡ് കുറ്റകൃത്യത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുമ്ബോഴാണ് ഇഡിക്ക് കേസ് രജിസ്റ്റര്‍ ചെയ്യാനാവുക.

കേസില്‍ പ്രതി കുറ്റക്കാരനല്ലെന്നു കണ്ടെത്തുകയോ കേസ് റദ്ദാക്കുകയോ ചെയ്താല്‍ കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരമുള്ള കേസും ഇല്ലാതാകും.

ആ നിലയ്ക്ക് ഹര്‍ജിക്കാര്‍ക്കെതിരേയുള്ള ഇഡിയുടെ കേസ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ പോലീസ് കേസ് വീണ്ടും അന്വേഷിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ ഇഡിക്ക് നടപടി പുനഃരാരംഭിക്കാമെന്നും ഹൈക്കോടതി വിശദീകരിച്ചു.

Facebook Comments Box

By admin

Related Post