Tue. Apr 16th, 2024

ഓടുന്ന കാറുകള്‍ക്ക് ‘തീപിടിപ്പിക്കുന്നയാളെ’ കണ്ടെത്തി; വില്ലൻ 7,500 ഇനമുള്ള കുടുംബത്തില്‍പ്പെട്ടയാള്‍, വരും വര്‍ഷങ്ങളില്‍ ആക്രമണം കൂടാൻ സാദ്ധ്യത

By admin Sep 13, 2023
Keralanewz.com

ഓടുന്ന കാറുള്‍പ്പെടെ തീ പിടിക്കുന്നതിന് പിന്നില്‍ ‘ഏഷ്യൻ അംബ്രാസിയ” ഇനത്തില്‍പ്പെട്ട വണ്ടുകളെന്ന് സ്ഥിരീകരണം.
ടാങ്കിലേയ്ക്കുള്ള റബര്‍ പൈപ്പുകളില്‍ വണ്ടുണ്ടാക്കുന്ന തുളയിലൂടെ ചീറ്റുന്ന പെട്രോള്‍ തീ പിടിത്തമുണ്ടാക്കാമെന്ന് ഗവേഷകര്‍ പറയുന്നു. ഇതു സംബന്ധിച്ച്‌ കൂടുതല്‍ പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള വനഗവേഷണ കേന്ദ്രം.

ഇന്ധന, എയര്‍ പൈപ്പുകളില്‍ രണ്ട് മില്ലിമീറ്റര്‍ വലിപ്പമുള്ള തുളയുണ്ടാക്കുന്നത് അംബ്രോസിയ വണ്ടാണെന്ന് കണ്ണൂര്‍, വയനാട്, ആലപ്പുഴ ജില്ലകളിലെ സര്‍വേയില്‍ സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തിനിടെ 150 വാഹനങ്ങള്‍ക്ക് കേടുണ്ടായെന്ന് ശാസ്ത്രജ്ഞരായ ടി.വി. സജീവ്, ജിത്തു യു. കൃഷ്ണൻ, റിസര്‍ച്ച്‌ സ്‌കോളര്‍ തുഷാര്‍ നടുവള്ളൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍വേയില്‍ കണ്ടെത്തി. ഒരു വര്‍ഷം മുമ്ബാണ് സര്‍വേ തുടങ്ങിയത്. 7,500 ഇനമുള്ള കുടുംബത്തില്‍പ്പെട്ടതാണ്ഏ ഷ്യൻ അംബ്രോസിയ വണ്ട്. ഉണങ്ങിയ റബര്‍ മരം തുളയ്‌ക്കുന്ന ഇവ തോട്ടങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ആശങ്കയുണ്ട്.

ആകര്‍ഷിക്കുന്നത് എഥനോള്‍

ഉണങ്ങാൻ തുടങ്ങുന്ന മരത്തില്‍ ചെറിയ തോതില്‍ എഥനോള്‍ ഉത്പാദിപ്പിക്കപ്പെടും. കൊമ്ബ് കൊണ്ട് ഇത് തിരിച്ചറിഞ്ഞെത്തുന്ന വണ്ടുകള്‍ തടി തുളച്ച്‌ ഫംഗസിനെ നിക്ഷേപിച്ച്‌ മുട്ടയിടും. വണ്ടുകളുടെ ശരീരത്തില്‍ സഞ്ചി പോലുള്ള ഭാഗത്താണ് ഫംഗസുള്ളത്. പെരുകുന്ന ഫംഗസിനെ തിന്നാണ് ലാര്‍വ വളരുന്നത്. ചിലയിനങ്ങള്‍ പച്ചമരവും തുളയ്ക്കാം.
പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നതിനാല്‍ മരമെന്ന് തെറ്റിദ്ധരിച്ചാണ് ഇന്ധന പൈപ്പ് തുളയ്‌ക്കുന്നത്. പെട്രോള്‍ ശരീരത്തില്‍ തട്ടുന്നതോടെ ഇവ ചാകും. പരിസ്ഥിതി പ്രശ്‌നം ലഘൂകരിക്കാനാണ് പെട്രോളില്‍ എഥനോള്‍ ചേര്‍ക്കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ പത്ത് ശതമാനം ചേര്‍ക്കുന്ന എഥനോള്‍ 2025ല്‍ 20 ശതമാനമാക്കിയേക്കും. എങ്കില്‍ വണ്ടുകളുടെ ആക്രമണം കൂടും. ഏഷ്യൻ അംബ്രാസിയ വണ്ടുകളെ എങ്ങനെ നിയന്ത്രിക്കാമെന്ന് പഠിക്കാനുള്ള പ്രോജക്‌ട് തയ്യാറാക്കുന്നുണ്ടെന്ന് വനഗവേഷണ കേന്ദ്രത്തിലായ ശാസ്ത്രജ്ഞനായ ജിത്തു യു. കൃഷ്ണൻ പറഞ്ഞു.

Facebook Comments Box

By admin

Related Post