Fri. Apr 26th, 2024

വനിത സംവരണ ബില്‍ ലോക്സഭയില്‍ പാസായി; 454 പേർ അനുകൂലിച്ചപ്പോൾ ബില്ലിനെ എതിര്‍ത്തത് 2 പേര്‍

By admin Sep 20, 2023 #bjp #congress #CPIM #keralacongress m
Keralanewz.com

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസായി. 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. രണ്ട് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു.

എഐഎംഐഎം എംപിമാരാണ് ബില്ലിനെ എതിര്‍ത്തത്. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്നതാണ് ബില്‍.

‘നാരി ശക്തി വന്ദൻ അധിനിയം’ എന്ന പേരിലുള്ള ബില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ മേഘ്വാള്‍ ചൊവ്വാഴ്ചയാണ് സഭയില്‍ അവതരിപ്പിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സിറ്റിംഗില്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ബില്‍ കൂടിയാണിത്. ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഭേദഗതി നടപ്പായാല്‍ 15 വര്‍ഷത്തേക്കാണ് സംവരണം. ഈ കാലാവധി നീട്ടി നല്‍കാനുള്ള വ്യവസ്ഥയും ബില്ലില്‍ ഉണ്ട്.

വനിതാ സംവരണ ബില്‍ 2023 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്നായിരുന്നു ബില്ലില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. ചില പാര്‍ട്ടികളെ സംബന്ധിച്ച്‌ ഇതുവെ വെറും രാഷ്ട്രീയ വിഷയം മാത്രമായിരിക്കും. എന്നാല്‍ എന്റെ പാര്‍ട്ടിയേയും നരേന്ദ്ര മോദിയേയും സംബന്ധിച്ച്‌ സ്ത്രീകളുടെ ശാക്തീകരമാണ് ലക്ഷ്യം എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍.

അതേസമയം പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ രൂക്ഷമായ ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചത്. മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള (ഒ ബി സി) സ്ത്രീകളെ ഉള്‍പ്പെടുത്താത്തതിനേയും പ്രതിപക്ഷ നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.ഒബിസികള്‍ക്കും തുല്യ പ്രാതിനിധ്യം വേണം, ജാതി സെൻസസ് വൈകരുതെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.

അതേസമയം 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ബില്‍ നടപ്പാക്കുകയെന്നാണ് അമിത് ഷാ സഭയില്‍ വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പിന് ശേഷമാകും സെൻസസും, മണ്ഡല പുനര്‍നിര്‍ണ്ണയ നടപടികളും ഉണ്ടാവുക. പിന്നാക്ക വിഭാഗങ്ങളുടെ കൂടി സര്‍ക്കാരാണ് ഇതെന്നും അമിത് ഷാ പറഞ്ഞു. ഒ ബി സി വിഭാഗത്തിന് അര്‍ഹമായ പരിഗണന നല്‍കിയ പാര്‍ട്ടിയാണ് ബി ജെ പി. ഒ ബി സി പ്രധാനമന്ത്രിയെ രാജ്യത്തിന് നല്‍കിയതും ബി ജെ പിയാണെന്നും അമിത് ഷാ പറഞ്ഞു. വനിതാ സംവരണം നിലവില്‍ വരുന്നതുവരെ സഭകളില്‍ നിലവിലുള്ള സംവരണ രീതി തന്നെയായിരിക്കും തുടരുക.

Facebook Comments Box

By admin

Related Post