Fri. Mar 29th, 2024

നോട്ടീസ് ലഭിക്കാത്തതിനാല്‍ എ.ഐ കാമറ പിഴ വന്നതറിയാതെ ദുരിതത്തില്‍ ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍

By admin Sep 23, 2023
Keralanewz.com

കുന്ദമംഗലം:നോട്ടീസ് ലഭിക്കാത്തതിനാല്‍ എ.ഐ കാമറയില്‍ വന്ന പിഴ അറിയാതെ ഭീമൻ തുക അടക്കേണ്ട ഗതികേടില്‍ കുന്ദമംഗലം മര്‍കസ് പരിസരത്തെ ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍.
സീറ്റ് ബെല്‍റ്റ് ഇടാത്തതിനാണ് എല്ലാവര്‍ക്കും പിഴയടക്കേണ്ടത്. ജൂണ്‍, ജൂലൈ മാസത്തിലെ നിയമലംഘനത്തിന് വന്ന പിഴത്തുക അറിയുന്നത് ആഗസ്റ്റ് മാസത്തിലാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. വെബ്സൈറ്റില്‍ നോക്കിയപ്പോഴാണ് വലിയ തുക പിഴയായി അടക്കാനുണ്ടെന്ന് പലരും അറിയുന്നത്.

5000 രൂപ മുതല്‍ 24,000 രൂപ വരെ പിഴ അടക്കേണ്ടവരുണ്ട്. പിഴ എന്തിനാണ് വന്നതെന്ന് ആദ്യമേ അറിഞ്ഞിരുന്നെങ്കില്‍ ഇത്രയും വലിയ തുക അടക്കേണ്ടിവരില്ലായിരുന്നുവെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.പിഴ വന്നതറിയാതെ പോയ പലര്‍ക്കും 20 തവണ വരെ നിയമലംഘനം നടത്തിയതായാണ് രണ്ടു മാസങ്ങള്‍ക്കിപ്പുറം സന്ദേശം ലഭിക്കുന്നത്.

ഒരു ദിവസം ഓട്ടോ ഓടിയാല്‍ പലര്‍ക്കും ലഭിക്കുന്നത് തുച്ഛമായ തുകയാണ്. അതിനിടെ ഇത്രയും വലിയ തുക എങ്ങനെ അടക്കുമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് ഡ്രൈവര്‍മാര്‍. ഇത്രയും വലിയ പിഴത്തുക അധികൃതര്‍ ഒഴിവാക്കിത്തരുകയോ ഇളവ്‌ നല്‍കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍, വാഹന ഉടമസ്ഥരുടെ നമ്ബര്‍ മാറിപ്പോയതായിരിക്കാം പിഴ അറിയിപ്പ് ലഭിക്കാതെ പോയതെന്ന് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ അഞ്ചു മുതലാണ് എ.ഐ കാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങിയത്. റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എ.ഐ കാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 കാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 കാമറയുമാണ് സ്ഥാപിച്ചിരുന്നത്.

Facebook Comments Box

By admin

Related Post