Sat. Apr 27th, 2024

ഇന്ത്യ-കാനഡ തര്‍ക്കം: കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബാധിക്കും?വിദ്യാര്‍ഥികളില്‍ ആശങ്ക….

By admin Oct 1, 2023 #INDIA -CANADA
Keralanewz.com

ഈയടുത്ത വര്‍ഷങ്ങളില്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദാര്‍ഥികളാണ് കാനഡയില്‍ ഉപരിപഠനത്തിനായി പോകുന്നത്. ഇതിന് പുറമെ തൊഴില്‍ വിസയില്‍ കാനഡയില്‍ ചേക്കേറുന്നവരും ഏറെയാണ്.

എന്നാല്‍, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉടലെടുത്ത ഇന്ത്യ-കാനഡ (India Canada) നയതന്ത്ര തര്‍ക്കം അവിടേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഉണ്ടാക്കിയിരിക്കുന്ന ആശങ്ക ചെറുതൊന്നുമല്ല. അടുത്തദിവസങ്ങളില്‍ കാനഡയ്ക്ക് പോകാന്‍ ഇരിക്കുന്ന വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും വലിയ സമ്മര്‍ദത്തിലാണുള്ളത്.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എട്ടുലക്ഷത്തോളം വിദ്യാര്‍ഥികളെയാണ് ഈ വര്‍ഷങ്ങളില്‍ കാനഡ അവിടേക്ക് സ്വാഗതം ചെയ്തിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതില്‍ 40 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ഥികാണ്. കനേഡിന്‍ ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്റെ കണക്കുകള്‍ അനുസരിച്ച്‌ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ചൈനയാണ് (12 ശതമാനം).

2022-ല്‍ കനേഡിയന്‍ സമ്ബദ് വ്യവസ്ഥയില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ സംഭാവന ചെയ്തത് 22.3 ബില്ല്യണ്‍ ഡോളറാണ്. ഇതില്‍ 10.2 ബില്ല്യണ്‍ ഡോളര്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് നല്‍കുന്നത്. 2022-ല്‍ 1.7 ലക്ഷത്തില്‍ അധികം ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇവിടെ തൊഴില്‍ ലഭിച്ചു. ആകെ 3.7 ലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ഥികളാണ് പോയ വര്‍ഷം ഇവിടെ ജോലി സ്വന്തമാക്കിയത്.

ഇതിന് പകരമായി കാനഡ എല്ലായ്‌പ്പോഴും ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. സ്ഥിരതാമസത്തിനുള്ള പ്രക്രിയകള്‍ എളുപ്പത്തിലാക്കിയും ഒട്ടേറെ ഫണ്ടിങ് സാധ്യതകള്‍ നല്‍കിയും വലിയ പിന്തുണയാണ് കാനഡ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്നത്. അതേസമയം യുഎസിലാകട്ടെ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള പ്രക്രിയ പൂര്‍ത്തിയാകാന്‍ പതിറ്റാണ്ടുകളോളം കാത്തിരിക്കണം.കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ താത്കാലികമായി നിറുത്തിവെച്ചിരിക്കുകയാണെങ്കിലും കാനഡയുടെ ഭാഗത്തുനിന്ന് അത്തരമൊരു നടപടി ഇതുവരെയും ഉണ്ടായിട്ടില്ല.

അതേസമയം, ഖലസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം നടന്ന ബ്രിട്ടീഷ് കൊളംബിയയിലെ വാങ്കൂറില്‍ ആ സമയത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ചെറിയ ഭയം ഉണ്ടായിരുന്നുവെങ്കിലും കാനഡയിലെ മറ്റ് ഇടങ്ങളില്‍ എല്ലാം സാധാരണ നിലയിലാണെന്ന് ഫോബ്‌സ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, നിലവിലെ ഇന്ത്യ-കാനഡ സംഘര്‍ഷത്തില്‍ കാനഡയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ബാധിച്ചിട്ടില്ലെന്ന് അവിടെനിന്നുള്ള ഇന്ത്യക്കാരെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഈ സമയത്ത് കാനഡയിലേക്ക് പോകുന്നതിന് അപേക്ഷ നല്‍കിയിരിക്കുന്ന വിദ്യാര്‍ഥികളുടെ തുടര്‍നടപടികളില്‍ യാതൊരുവിധ തടസവുമുണ്ടായിട്ടില്ലെന്നും ഫോബ്‌സ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാനഡയിലേക്ക് പോകാനുള്ള പദ്ധതിയെക്കുറിച്ച്‌ പുനരാലോചിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഭൂരിഭാഗം ഏജന്‍സികളും പിന്തിരിപ്പിക്കുകയാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും അനുകൂലമായ ഓപ്ഷനാണ് കാനഡയെന്ന് ഭൂരിഭാഗം പേരും പറയുന്നു. നിലവിലെ സംഘര്‍ഷം ഏറെ നാള്‍ നീണ്ട് നില്‍ക്കില്ലെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാനഡ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള മികച്ച തെരഞ്ഞെടുപ്പായിരിക്കുമെന്നും വിവിധ ഏജന്‍സികളെ ഉദ്ധരിച്ച്‌ ഫോബ്‌സ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഓസ്‌ട്രേലിയ ഉള്‍പ്പടെയുള്ള മറ്റ് വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനായി വിദ്യാര്‍ഥികള്‍ കൂടുതലായി അന്വേഷിച്ചു തുടങ്ങിയതായും വിവിധ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി.

Facebook Comments Box

By admin

Related Post