Tue. Apr 23rd, 2024

സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി: സാമ്പത്തിക ഭാരം പ്രധാനാധ്യാപകരില്‍ അടിച്ചേല്‍പ്പിക്കരുത്: ഹൈക്കോടതി

By admin Oct 10, 2023
Keralanewz.com

കൊച്ചി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ സാമ്പത്തിക ഭാരം പ്രധാനാധ്യാപകരില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ഹൈക്കോടതി.

പദ്ധതിക്കുള്ള പണം മുന്‍കൂറായി നല്കുന്നതിന്
എന്തു നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് വ്യക്തമാക്കാനും ജസ്റ്റിസ് ടി.ആര്‍. രവി നിര്‍ദേശിച്ചു. ഉച്ചഭക്ഷണ പദ്ധതിക്കു കൃത്യമായ ചെലവു നിശ്ചയിച്ചു തുക മുന്‍കൂര്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ടീച്ചേഴ്‌സ് അസോസിയേഷനടക്കം സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഈ നിര്‍ദേശം.

പദ്ധതിക്കു മുന്‍കൂര്‍ പണം നൽകു മെന്ന് 2013ലെ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. കേന്ദ്രസര്‍ക്കാരിന്റെ വിഹിതം വൈകുന്നതാണ് തുക കൈമാറാനുള്ള താമസമായി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നത്. ഇങ്ങനെ കേന്ദ്രവിഹിതം ലഭിച്ചില്ലെങ്കില്‍ പദ്ധതി നടത്താനാകില്ലെന്നാണോ പറയുന്നതെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. ബജറ്റുവിഹിതം നോക്കുമ്പോൾ കേന്ദ്ര സഹായമില്ലാതെ തന്നെ പദ്ധതി നടപ്പാക്കാനാകുമെന്നാണ് മനസ്സിലാകുന്നതെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായ പ്രകടനം നടത്തി. മുട്ടയും പാലും നല്കണമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഈ ഉത്തരവ് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് ബാധ്യതയാകുകയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

പദ്ധതിക്ക് 54.60 കോടി രൂപ അനുവദിച്ച്‌ ഉത്തരവായെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. സപ്തംബര്‍ വരെയുള്ള പദ്ധതിച്ചെലവിന് ഇതു മതിയാകുമെന്ന് കോടതിയും പറഞ്ഞു. എന്നാല്‍ ജൂണ്‍ മുതല്‍ പാചകക്കാര്‍ക്ക് പണം നല്കാനുണ്ടെന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സര്‍ക്കാരിനോടു വിശദീകരണം തേടിയത്. ഹര്‍ജികള്‍ 16നു വീണ്ടും പരിഗണിക്കും.

Facebook Comments Box

By admin

Related Post