Fri. Mar 29th, 2024

അമേരിക്കൻ പാഠപുസ്‌തകത്തിലും കാര്‍ത്യായനിയമ്മ

By admin Oct 12, 2023
Keralanewz.com

ആലപ്പുഴ അമേരിക്കയില്‍ ന്യൂയോര്‍ക്കില്‍ സ്കൂള്‍ പാഠപുസ്തകത്തില്‍ കാര്‍ത്യായനിയമ്മയുടെ നേട്ടത്തെക്കുറിച്ച്‌ പഠിപ്പിക്കുന്നുണ്ട്.
കുട്ടികള്‍ക്ക് പ്രചോദനമാകുന്നതിനാണ് ഇത്. സന്തത സഹചാരി സതി കാര്‍ത്യായനിയമ്മയെ പുസ്തകം നോക്കി പഠിപ്പിക്കുന്ന ചിത്രങ്ങള്‍ അടക്കം പുസ്തകത്തിലുണ്ട്. എഴുത്തുകാരും പാചകവിദഗ്ധനും ചലച്ചിത്രകാരനുമായ വികാസ് ഖന്ന കാര്‍ത്യായനിയമ്മയുടെ നേട്ടം വാര്‍ത്താചിത്രമാക്കിയതോടെയാണ് അമേരിക്കയില്‍ സ്കൂളില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടത്.

2022 തിരുവോണദിവസമാണ് കാര്‍ത്യായനിയമ്മ കിടപ്പിലായത്. കിടപ്പിലാകുന്നതിനുമുമ്ബ് അക്ഷരം പഠിക്കാനാഗ്രഹിച്ച കാര്‍ത്യായനിയമ്മയ്ക്ക് അക്ഷരവെളിച്ചമേകുകയും കിടപ്പിലായശേഷം ദിവസേനയെത്തി അവരെ ശുശ്രൂഷിക്കുകയും ചെയ്തത് സാക്ഷരത പ്രേരക് മുട്ടം ശ്രീരംഗം വീട്ടില്‍ കെ സതിയായിരുന്നു. ചൊവ്വ അര്‍ധരാത്രിയില്‍ കാര്‍ത്യായനിയമ്മയുടെ മരണം സ്ഥിരീകരിക്കുമ്ബോഴും സതി അവരുടെ വീട്ടിലുണ്ടായിരുന്നു. കിടപ്പിലായ സമയത്ത് പാലിയേറ്റീവ് കെയര്‍ സെന്ററില്‍നിന്ന് മരുന്നുകളും ഉപകരണങ്ങളുമെല്ലാം എത്തിച്ചിരുന്നത് ഇവരാണ്.

കാര്‍ത്യായനിയമ്മയ്ക്ക് ആദ്യാക്ഷരം പറഞ്ഞുകൊടുത്തതും സാക്ഷരത പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാൻ പ്രോത്സാഹിച്ചിച്ചതും സതിയാണ്. നാരീപുരസ്കാരം വാങ്ങാൻ ഡല്‍ഹി രാഷ്ട്രപതി ഭവനില്‍ എത്താൻ കാര്‍ത്യായനിയമ്മയ്ക്കൊപ്പം സതിയും കാര്‍ത്യായനിയമ്മയുടെ മകള്‍ അമ്മിണിയമ്മയുമുണ്ടായിരുന്നു. 2018 മാര്‍ച്ച്‌ എട്ടിന് വനിതാദിനത്തിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് നാരീ പുരസ്കാരം ഏറ്റുവാങ്ങിയത്. തിരിച്ച്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ മൂന്നുപേരെയും ഔദ്യോഗിക ബഹുമതികളോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിച്ചത്. പത്താംക്ലാസും പാസാകുമെന്ന് പറഞ്ഞാണ് കാര്‍ത്യായനിയമ്മ മുഖ്യമന്ത്രിയോട് യാത്രപറഞ്ഞ് ഇറങ്ങിയത്. പത്താംതരം തുല്ല്യതയെന്ന സ്വപ്നം ബാക്കിയാക്കിയാണ് കാര്‍ത്യായനിയമ്മ വിടവാങ്ങിയത്. സംസ്കാരം ഔദ്യോഗിക ബഹുമതിളോടെ വ്യാഴം പകല്‍ 11ന് വീട്ടുവളപ്പില്‍ നടത്തും.

കേരളത്തിന്റെ അഭിമാനമാണ് കാര്‍ത്യായനിയമ്മയെന്നും ഒരു മാതൃകാ വ്യക്തിത്വത്തെയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post