Thu. Mar 28th, 2024

മിന്നല്‍പ്പെയ്ത്തില്‍ ഒറ്റരാത്രികൊണ്ട് സര്‍വവും പോയി; മഞ്ഞ മുന്നറിയിപ്പ് പോലും നല്‍കിയിരുന്നില്ല

By admin Oct 16, 2023
Keralanewz.com

തിരുവനന്തപുരം: ആദ്യമായി കഴക്കൂട്ടം ടെക്നോപാര്‍ക്കും വെള്ളപ്പൊക്കത്തില്‍ മുങ്ങി. കൊച്ചുവേളിയില്‍ റെയില്‍വേ ട്രാക്ക് വെള്ളത്തില്‍ മുങ്ങിയതോടെ തീവണ്ടിഗതാഗതവും തടസ്സപ്പെട്ടു.
മഴ കാരണം ന്യൂഡല്‍ഹി എക്സ്പ്രസ് ഏഴു മണിക്കൂര്‍ വൈകിയാണ് ഓടിയത്.

ശനിയാഴ്ച രാത്രി മുതല്‍ പുലര്‍ച്ച വരെ ഏതാനും മണിക്കൂറിനുള്ളില്‍ നാലു കേന്ദ്രങ്ങളില്‍ പെയ്തത് 20 സെന്റിമീറ്ററിനു മുകളിലാണ്. തിരുവനന്തപുരത്തിന് കാലാവസ്ഥാവകുപ്പ് ശനിയാഴ്ച വൈകുന്നേരം വരെ മഞ്ഞ മുന്നറിയിപ്പുപോലും നല്‍കിയിരുന്നില്ല.

വെള്ളം കയറിയും ശക്തമായ കാറ്റിലും വല്‍തോതില്‍ കൃഷിനാശം സംഭവിച്ചു. മഴയ്ക്കിടെ പലയിടത്തും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടത് ദുരിതം ഇരട്ടിയാക്കി. നേരം പുലര്‍ന്ന ശേഷമാണ് അഗ്നിരക്ഷാസേന ഉള്‍പ്പെടെയുള്ളവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനായത്.

മിന്നല്‍പ്പെയ്ത്ത്; ചിറയിൻകീഴ് താലൂക്കില്‍ 20 വീടുകള്‍ക്ക് നാശം

കനത്തമഴ ചിറയിൻകീഴ് താലൂക്കില്‍ വ്യാപക നാശമുണ്ടാക്കി. 20 വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതിനെത്തുടര്‍ന്ന് ആറിടത്ത് ദുരിതാശ്വാസ ക്യാമ്ബ് തുറന്നു. മുന്നൂറോളംപേരെ ക്യാമ്ബുകളിലേക്ക് മാറ്റിയിട്ടുണ്ട്. നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റി.

രാമച്ചംവിള ഗവ. എല്‍.പി.സ്കൂളില്‍ ആരംഭിച്ച ക്യാമ്ബില്‍ ആറ് കുടുംബങ്ങളിലെ 23 പേരും പുരവൂര്‍ എസ്.വി.യു.പി.സ്കൂളിലെ ക്യാമ്ബില്‍ ആറ് കുടുംബങ്ങളിലെ 28 പേരും പടനിലം എല്‍.പി.എസിലെ ക്യാമ്ബില്‍ രണ്ട് കുടുംബങ്ങളിലെ ആറുപേരും ശാര്‍ക്കര സ്കൂളിലെ ക്യാമ്ബില്‍ 41 കുടുംബങ്ങളിലെ 200 പേരും കടയ്ക്കാവൂര്‍ എസ്.എൻ.വി. എച്ച്‌.എസ്.എസിലെ ക്യാമ്ബില്‍ ഏഴ് കുടുംബങ്ങളിലെ എട്ടുപേരും കഴിയുന്നു.

ദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആര്‍.ഡി.എസ്. കമ്ബനിയുടെ തൊഴിലാളികളെ മാമം ജി.വി.ആര്‍.എം.യു.പി.സ്കൂളിലെ ക്യാമ്ബിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ നൂറോളം തൊഴിലാളികളെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. ആറ്റിങ്ങല്‍ നഗരസഭാപ്രദേശത്ത് നാല് വീടുകള്‍ തകര്‍ന്നു. 23 പേരെ ക്യാമ്ബിലേക്ക് മാറ്റിയിട്ടുണ്ട്. കുന്നുവാരം യു.പി.സ്കൂള്‍കൂടി ക്യാമ്ബിനുവേണ്ടി സജ്ജമാക്കിയതായി നഗരസഭാധ്യക്ഷ എസ്.കുമാരി പറഞ്ഞു.

ആറ്റിങ്ങല്‍ ഇടയാവണം കവണശ്ശേരിഭാഗത്ത് ബൈപ്പാസ് നിര്‍മാണം നടക്കുന്ന പ്രദേശമാകെ വെള്ളം കയറി. പ്രദേശത്തെ വീടുകള്‍ക്കുള്ളിലും വെള്ളം കയറിയിട്ടുണ്ട്. മാമത്ത് അശോകന്റെ വീടിനുള്ളില്‍ വെള്ളം കയറി. ആവണീശ്വരം മൂഴിയില്‍ കീഴേവീട്ടില്‍ സുശീലയുടെ വീടിന്റെ ഭിത്തിയിടിഞ്ഞുവീണു. ഞായറാഴ്ച വെളുപ്പിന് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്നിരുന്ന സുശീലയുടെ ദേഹത്തും കട്ടകള്‍ വീണുവെങ്കിലും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവൻ വെള്ളത്തിനടിയിലാണ്. കൊയ്യാറായ നെല്‍പ്പാടങ്ങള്‍ വെള്ളത്തിലായത് വൻ നഷ്ടത്തിനിടയാക്കിയിട്ടുണ്ട്. നാശത്തിന്റെ കണക്കുകള്‍ വരുംദിവസങ്ങളിലേ വ്യക്തമാകൂ.

ഒറ്റ രാത്രികൊണ്ട് സര്‍വവും പോയി

ഒരു നാടൊന്നാകെ കണ്ട സ്വപ്നം. മാസങ്ങള്‍നീണ്ട പ്രയത്നം. എല്ലാം ഒരു രാത്രികൊണ്ട് ഇല്ലാതായി. കൃഷി ഒരു സംസ്കാരമായി വളര്‍ത്തിയെടുത്ത ശ്രദ്ധേയമായ പിരപ്പമണ്‍കാട് ഏലാ മുഴുവൻ വെള്ളത്തിനടിയിലായി. ശനിയാഴ്ച രാത്രിയില്‍ പെയ്ത മഴയില്‍ മാമം ആറ് കരകവിഞ്ഞ് ഏലായെ വിഴുങ്ങുകയായിരുന്നു.

ഇരുപത് വര്‍ഷമായി തരിശുകിടന്ന 50 ഏക്കര്‍ നിലം പാടശേഖരസമിതിയും സൗഹൃദസംഘവും ചേര്‍ന്ന് കൃഷി നടത്തുകയായിരുന്നു. വയലേറുമാടമുള്‍പ്പെടെ സ്ഥാപിച്ച്‌ ധാരാളമാളുകളെ ഇവിടേക്കാകര്‍ഷിക്കാനും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട അറിവുകള്‍ കൈമാറുന്ന കേന്ദ്രമാക്കി മാറ്റാനും സംഘാടകര്‍ക്ക് കഴിഞ്ഞിരുന്നു.

നെല്ലെല്ലാം പഴുത്ത് പാകമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച കൊയ്ത്തുത്സവം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ഏലായില്‍ വെള്ളം കയറി കൃഷിയാകെ നശിച്ചത്. 14 ലക്ഷത്തോളം രൂപയാണ് ഏലായില്‍ ചെലവിട്ടത്. 20 ലക്ഷം രൂപയുടെ നെല്ല് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതെല്ലാം നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് കര്‍ഷകര്‍.

മലയോരത്ത് ദുരിതം പെയ്തിറങ്ങി

നെടുമങ്ങാട്: നെടുമങ്ങാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ മുതല്‍ തോരാതെ പെയ്യുന്ന മഴ കനത്ത നാശനഷ്ടത്തിന് ഇടയാക്കി. വാമനപുരത്ത് ആറില്‍ വെള്ളം കയറി വാമനപുരം നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് പെരിന്ത്ര ചെറിയ കണിച്ചോട് ഇഷ്ടികച്ചൂളയില്‍ വെള്ളം കയറി. ഉണക്കാനായി വച്ചിരുന്ന പതിനായിരത്തിലധികം കല്ലുകള്‍ വെള്ളത്തിലായെന്ന് ഇഷ്ടികക്കളത്തിന്റെ ഉടമകളായ മുരളീധരൻനായര്‍, ദിലീപ് എന്നിവര്‍ പറയുന്നു.

അതിശക്തമായ മഴയില്‍ പുല്ലമ്ബാറയിലെ കോണ്‍ക്രീറ്റ് വീട് പൂര്‍ണമായി നിലംപൊത്തി. മാമൂട് ഷംനാദ് മൻസിലില്‍ മദീനയുടെ വീടാണ് തകര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ശനിയാഴ്ച രാത്രി സമീപത്തെ കുന്നില്‍നിന്ന് അസ്വാഭാവികമായ ശബ്ദങ്ങള്‍ കേട്ടിരുന്നു. രാത്രി സ്ഥലത്തെത്തിയ പൊതുപ്രവര്‍ത്തകര്‍ നാല് പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേരെ ബന്ധുവീട്ടിലേക്ക് സ്ഥലംമാറ്റി. അതിനാല്‍ ഒരു വലിയ ദുരന്തം ഒഴിവായി.

ഡി.കെ.മുരളി എം.എല്‍.എ.യുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ വീട് തകര്‍ന്ന സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പെരിങ്ങമ്മല പാടശേഖരത്തില്‍ വെള്ളംകയറി മടകള്‍ പൊട്ടി വലിയ കൃഷിനാശം ഉണ്ടായി. 30 ലധികം കര്‍ഷകര്‍ ഭൂമി പാട്ടത്തിനെടുത്താണ് ഇവിടെ കൃഷിചെയ്യുന്നത്. കുണ്ടാളംകുഴി ആറും കരകവിഞ്ഞൊഴുകിത്തുടങ്ങി.

നെടുമങ്ങാട് കൊപ്പം പന്തടിക്കളത്തില്‍ ആറ് കരകവിഞ്ഞൊഴുകി. വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാൻഡില്‍ സ്ത്രീകളുടെ കക്കൂസ്, വെള്ളംകയറി പൊട്ടിയൊലിച്ചു. കൂടാതെ ഡിപ്പോയുടെ പിൻഭാഗത്ത് ജീവനക്കാരുടെ വാഹനങ്ങള്‍ സൂക്ഷിക്കുന്നയിടത്ത് വൻ ചോര്‍ച്ച രൂപപ്പെട്ടു.

Facebook Comments Box

By admin

Related Post