Thu. Mar 28th, 2024

മില്‍മയിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പാലെത്തിക്കുന്നതില്‍ കോടികളുടെ വെട്ടിപ്പ്- ഓഡിറ്റ് റിപ്പോര്‍ട്ട്

By admin Oct 18, 2023
Keralanewz.com

തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളില്‍നിന്ന് പാല്‍വാങ്ങി ഇവിടെ എത്തിക്കുന്നതില്‍ മില്‍മയില്‍ കോടികളുടെ വെട്ടിപ്പു നടക്കുന്നത് വെളിപ്പെടുത്തി സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്.
കിലോമീറ്റര്‍ പെരുപ്പിച്ചുകാണിച്ചും ടാങ്കര്‍വാടക ഉയര്‍ത്തിയുമാണ് വെട്ടിപ്പ്.

ഓണക്കാലത്ത് അധികപാല്‍ വേണമെന്നത് മറയാക്കി ഈ ശ്രമം തകൃതിയായി നടന്നു. ഒരുലിറ്റര്‍ പാലിന് 9.29 രൂപയാണ് കടത്തുകൂലി നല്‍കിയത്. മഹാരാഷ്ട്രയില്‍നിന്ന് പാല്‍ പത്തനംതിട്ടയിലെത്തിച്ച്‌ ഉത്പന്നങ്ങളാക്കി വില്‍ക്കുമ്ബോള്‍ ഒരുലിറ്റര്‍ പാലിന് 3.69 രൂപയുടെ നഷ്ടമുണ്ടായെന്നും തിരുവനന്തപുരം മേഖലായൂണിയന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.

ഉത്പാദനച്ചെലവ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാലിന്റെ വിലകൂട്ടാൻ മില്‍മ സമ്മര്‍ദം ചെലുത്തിയത്. ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. കോടികളുടെ ‘ചെലവ്’ ഉണ്ടായതിനാല്‍ പാല്‍വില കൂട്ടിയതിന്റെ ഗുണം മില്‍മയ്ക്കും ഉണ്ടായിട്ടില്ലെന്നാണ് ഓഡിറ്റ് വെളിപ്പെടുത്തുന്നത്.

പാല്‍വില കൂട്ടുകയും വില്‍പ്പന വര്‍ധിക്കുകയും ചെയ്തിട്ടും മില്‍മയുടെ ലാഭത്തില്‍ വര്‍ധനയുണ്ടായില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരം മേഖലയില്‍ 17.55 ശതമാനം വ്യാപാരം കൂടി.

എന്നാല്‍, വ്യാപാരലാഭം 8.47 ലക്ഷം രൂപ കുറഞ്ഞു. ചെലവ് 21.02 ശതമാനമാണ് കൂടിയത്. ഇവിടെ ഉത്‌പാദിപ്പിക്കുന്ന പാല്‍ സംഭരിക്കുന്നതാണ് മില്‍മയ്ക്ക് നേട്ടം. എന്നാല്‍, ഇതുണ്ടാകുന്നില്ലെന്ന സൂചന റിപ്പോര്‍ട്ടിലുണ്ട്. പത്തനംതിട്ട ഡെയറിയില്‍ പ്രാദേശികമായി പാല്‍ ശേഖരിക്കുന്നത് 10.06 ശതമാനം കുറഞ്ഞു.

കടത്തുകൂലിയില്‍ കടത്ത്

  • മഹാരാഷ്ട്രയിലെ സോണ, നേച്ചര്‍ ഡിലൈറ്റ് എന്നീ ഡെയറികളില്‍നിന്നാണ് മില്‍മ പാല്‍ വാങ്ങിയത്. ഇത് കൊണ്ടുവരുന്നതിന് ഓംസായി എന്ന ലോജിസ്റ്റിക് സ്ഥാപനത്തിന് ടെൻഡറില്ലാതെ കരാര്‍നല്‍കി. കിലോമീറ്ററിന് 60 രൂപ നിശ്ചയിച്ചു.
  • 2023 മാര്‍ച്ചുവരെയുള്ള ആറുമാസം മഹാരാഷ്ട്രയില്‍നിന്ന് പാല്‍ എത്തിച്ചതില്‍മാത്രം 1.06 കോടിരൂപ അധികമായി നല്‍കി. മാര്‍ച്ചിനുശേഷം നല്‍കിയത് ഏകദേശം 2.39 കോടി. ഇത് അടുത്ത ഓഡിറ്റില്‍മാത്രമാണ് പരിശോധിക്കുക. ഓഡിറ്റ് പരിശോധനയില്‍ ഈ തട്ടിപ്പ് കണ്ടെത്തിയതോടെ പാല്‍കൊണ്ടുവരുന്നതിനുള്ള വാഹനം കണ്ടെത്തുന്നതിന് ടെൻഡര്‍വിളിച്ചു. കിലോമീറ്ററിന് 41.19 രൂപയ്ക്ക് വിതരണക്കാരെ കിട്ടി. നിലവില്‍ നല്‍കുന്നതിലും 18.81 രൂപയുടെ കുറവാണ് ഇതിലൂടെ ഉണ്ടായത്.
  • മറ്റുസംസ്ഥാനങ്ങളില്‍നിന്ന് മില്‍മ പാല്‍ എത്തിക്കുമ്ബോള്‍ ലിറ്ററിന് 40 പൈസയാണ് കടത്തുചെലവായി സാധാരണ വരുന്നത്. എന്നാല്‍, ഓണക്കാലത്ത് എത്തിച്ച പാലിന് 9.29 രൂപയാണ് ലിറ്ററിന് ചെലവഴിച്ചത്.

മില്‍മയ്ക്ക് നഷ്ടം ഉണ്ടായിട്ടില്ല-എം.ഡി.

അന്യസംസ്ഥാനങ്ങളില്‍നിന്ന് പാല്‍ കൊണ്ടുവരാൻ ഗതാഗതക്കരാര്‍ നല്‍കിയതു വഴി മില്‍മയ്ക്ക് വൻനഷ്ടമുണ്ടായെന്നത് അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് മില്‍മ തിരുവനന്തപുരം മേഖല മാനേജിങ് ഡയറക്ടര്‍ ഡി.എസ്. കോണ്ട അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍നിന്ന് തിരുവനന്തപുരം യൂണിയനിലേക്ക് പാല്‍ കൊണ്ടുവന്ന വാഹനം സഞ്ചരിച്ച ദൂരം കണക്കാക്കിയതില്‍ അപാകമുണ്ടെന്ന് ഓഡിറ്റര്‍മാര്‍ ചൂണ്ടിക്കാട്ടിയത് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംശയമുള്ള ബില്ലുകളിലെ തുകകള്‍ തടഞ്ഞുവെന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post