Fri. Apr 19th, 2024

കേരളത്തിലെ വ്യാജ സർവകലാശാലയുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

By admin Aug 3, 2021 #news
Keralanewz.com

ന്യൂഡല്‍ഹി: കേരളത്തിലെ വ്യാജ സർവകലാശാലയുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സെന്റ് ജോൺസ് യൂണിവേഴ്സിറ്റി എന്നാണ് പേര്. കിഷനാട്ടം എന്ന സ്ഥലമാണ് ആസ്ഥാനമായി ഇവർ കാണിക്കുന്നത്. ഇങ്ങനെയൊരു സർവകലാശാലയെപ്പറ്റിയോ സ്ഥലത്തെപ്പറ്റിയോ മലയാളികൾക്കൊന്നും വലിയ പിടിപാടില്ല. എന്നാൽ സംഗതി സത്യമാണെന്നാണ് യു.ജി.സി.യുടെ മുന്നറിയിപ്പ്. 15 വർഷത്തോളമായി ഈ വ്യാജ സർവകലാശാലയുടെ പേര് യു.ജി.സി.യുടെ പട്ടികയിലിടം പിടിക്കാറുണ്ട്.

അംഗീകാരമില്ലാതെ തന്നെ സ്വയം കോഴ്സുകൾ നടത്തി വ്യാജസർട്ടിഫിക്കറ്റുകളുണ്ടാക്കിക്കൊടുക്കുന്ന ഏജൻസികളാണ് ഇത്തരം സർവകലാശാലയ്ക്കു പിന്നിലുള്ളത്. വിദൂരവിദ്യാഭ്യാസ കോഴ്സുകളുടെ പേരിലാണ് ഇവർ വിദ്യാർഥികളെ ചാക്കിലാക്കുന്നത്. എം.ജി. സർവകലാശാല എന്ന പേരിൽ മേഘാലയയിൽ ഒരു സ്വകാര്യ സർവകലാശാലയുണ്ട്. കേരളത്തിലെ എം.ജി. സർവകലാശാലയുടെ പേര് മുതലെടുത്താണ് ഇവർ കോഴ്സുകൾ നടത്തുന്നത്. സംസ്ഥാനത്തിന് പുറത്ത് കോഴ്സ് നടത്താൻ ഇവർക്ക് അനുവാദമില്ല. എന്നാൽ ഡൽഹിയിലടക്കം ഇവർ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്നുണ്ട്. കേരളത്തിലെ എം.ജി. സർവകലാശാലയാണെന്ന് കരുതി കോഴ്സിന് ചേർന്ന് വെട്ടിലായവരിൽ മലയാളികളുമുണ്ട്. രാജ്യത്ത് 24 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായി യുജിസി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇതിന് പുറമേ രണ്ട് സര്‍വകലാശാലകള്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ലോക്‌സഭയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

യുജിസി നിയമത്തിന് വിരുദ്ധമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ബിരുദം നല്‍കാന്‍ ഇവര്‍ക്ക് അധികാരമില്ല. ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം വ്യാജ സര്‍വകലാശാലകള്‍. എട്ടെണ്ണം. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൊതുജനം എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുജിസി അന്വേഷണം നടത്തിയതെന്നും മന്ത്രി പറഞ്ഞു. യുപിയിലെ ഭാരതീയ ശിക്ഷ പരിഷത് ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റ് എന്നിവയാണ് ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നത്. ഈ രണ്ട് സര്‍വകലാശാലകളുടെ കാര്യവും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണെന്നും മന്ത്രി അറിയിച്ചു.

ഡല്‍ഹിയില്‍ ഏഴ് വ്യാജ സര്‍വകലാശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഒഡീഷയിലും പശ്ചിമബംഗാളിലും രണ്ട് സര്‍വകലാശാലകളും കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ സര്‍വകലാശാലകളുമാണ് നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സെന്റ് ജോണ്‍സ് സര്‍വകലാശാല വ്യാജമാണെന്ന് യുജിസി കണ്ടെത്തിയതായി ധര്‍മേന്ദ്ര പ്രധാന്‍ സഭയില്‍ പറഞ്ഞു.

യുജിസി ആക്ട് 1956 ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സര്‍വകലാശാലകള്‍ക്കെതിരേ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന ചോദ്യത്തിന് ഇത്തരം വ്യാജ സര്‍വകലാശാലകളുടെ പേര് പ്രസിദ്ധീകരിക്കുന്നതിന് യുജിസി നോട്ടീസ് പുറപ്പെടുവിക്കും. പിന്നാലെ ഇത് എല്ലാ ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധികരിക്കുമെന്നും സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്കും ഒപ്പം വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്കും ഇത് സംബന്ധിച്ച വിവരം കൈമാറുമെന്നും മന്ത്രി മറുപടി നല്‍കി.

Facebook Comments Box

By admin

Related Post