Fri. Mar 29th, 2024

“നാഥനില്ലാപ്പണം’! ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1.43 ലക്ഷം കോടി രൂപ

By admin Nov 8, 2023
Keralanewz.com

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ബാങ്കുകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1,43,619 കോടി രൂപയെന്ന് റിപ്പോര്‍ട്ട്.

42,272 കോടി രൂപയാണ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം പൊതു-സ്വകാര്യ ബാങ്കുകളിലായി ഇത്തരത്തില്‍ കുമിഞ്ഞ് കൂടിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

സ്വകാര്യ ബാങ്കുകളില്‍ 6087 കോടി രൂപയും പൊതുമേഖലാ ബാങ്കുകളില്‍ 36,185 കോടി രൂപയുമാണ് അവകാശികളില്ലാതെ കിടക്കുന്നത്. ഈ തുക ഡിപ്പോസിറ്റര്‍ എജുക്കേഷന്‍ ആന്‍ഡ് അവയര്‍നസ് ഫണ്ടിലാണ് ഇപ്പോള്‍ നിക്ഷേപിച്ചിട്ടുള്ളത്.

നിക്ഷേപകനെയോ അവകാശികളേയോ കണ്ടെത്താനുള്ള നടപടികളുടെ ഫലമായി 5729 കോടി രൂപ മാത്രമാണ് മടക്കി നല്‍കാന്‍ സാധിച്ചതെന്നും ആര്‍ബിഐയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ചെറിയ തുകകള്‍ മാത്രം നിക്ഷേപമുള്ള സാധാരണക്കാരായ ആളുകളുടെ അക്കൗണ്ടുകളുമുണ്ട്.

ഇത്തരത്തില്‍ അവകാശികളില്ലാത്ത പണം ഏറ്റവുമധികം കിടക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 8086 കോടി രൂപയാണ് കഴിഞ്ഞ സാമ്ബത്തികവര്‍ഷം ബാങ്കില്‍ ഇത്തരത്തില്‍ ബാക്കിയായി വന്നത്.

എസ്ബിഐയില്‍ അവകാശികളില്ലാത്ത പണം ഏകദേശം 2.18 കോടി അക്കൗണ്ടുകളിലായിട്ടാണ് കിടക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പിഎന്‍ബിയും കാനറാ ബാങ്കും ഉള്‍പ്പടെയുള്ളവയിലും ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയാണ് അവകാശികളില്ലാതെ കിടക്കുന്നത്.

Facebook Comments Box

By admin

Related Post