Fri. Mar 29th, 2024

കേരളത്തിലെ ഈ മൂന്ന് കമ്ബനികളിലുള്ളത് 320 ടണ്‍ സ്വര്‍‌ണത്തിന്റെ ശേഖരം, 1.6 ലക്ഷം കോടി രൂപയുടെ മൂല്യം, ഓസ്ട്രേലിയ , ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെക്കാള്‍ കൂടുതല്‍

By admin Nov 11, 2023 #BUSINESS #FINANCE #GOLD
Keralanewz.com

കൊച്ചി: കേരളം ആസ്ഥാനമായുള്ള മൂന്ന് പ്രമുഖ ധനകാര്യ കമ്ബനികളുടെ കൈവശം 1.6 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 320 ടണ്‍ സ്വര്‍ണത്തിന്റെ ശേഖരം.

മൂത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോര്‍പ്പ്, മണപ്പുറം ഫിനാൻസ് എന്നിവയുടെ കൈവശമാണ് പല ചെറു രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളേക്കാള്‍ കൂടുതല്‍ സ്വര്‍ണ ശേഖരമുള്ളത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഈ കമ്ബനികളുടെ സ്വര്‍ണ ശേഖരം 190 ടണ്ണില്‍ നിന്ന് 320 ടണ്ണായാണ് കുത്തനെ ഉയര്‍ന്നത്. സ്വര്‍ണ വിലയിലുണ്ടായ കുതിപ്പും ഉത്തരേന്ത്യൻ വിപണിയില്‍ അതിവേഗം ബിസിനസ് വിപുലീകരിക്കുന്നതുമാണ് ഈ കമ്ബനികള്‍ക്ക് നേട്ടമായത്.

മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സഥാപനമായ മൂത്തൂറ്റ് ഫിനാൻസിന്റെ കൈവശമുള്ള സ്വര്‍ണ ശേഖരം ഔദ്യോഗിക കണക്കുകളനുസരിച്ച്‌ സെപ്തംബര്‍ 30ന് അവസാനിച്ച കാലയളവില്‍ 200 ടണ്‍ കവിഞ്ഞു. മറ്റൊരു പ്രമുഖ കമ്ബനിയായ മണപ്പുറം ഫിനാൻസിന്റെ കൈവശം 65 ടണ്‍ സ്വര്‍ണ ശേഖരമാണുള്ളത്. അനദ്യോഗിക കണക്കുകള്‍ പ്രകാരം മുത്തൂറ്റ് ഫിൻകോര്‍പ്പിന്റെ പക്കല്‍ 55 ടണ്ണിനടുത്ത് സ്വര്‍ണം ശേഖരമായുണ്ട്..

രാജ്യത്തെ മൊത്തം സ്വര്‍ണ പണയ വ്യാപാര വിപണിയുടെ മുപ്പത് ശതമാനത്തിലധികം വിഹിതം ഈ കമ്ബനികള്‍ക്കാണ്. സംസ്ഥാനത്തെ പ്രമുഖ ബാങ്കുകളായ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സി. എസ്. ബി ബാങ്ക് എന്നിവയുടെ കൈവശം 120 ടണ്ണിലധികം സ്വര്‍ണ ശേഖരമുണ്ടെന്നാണ് വിലയിരുത്തുന്നത്.

നടപടി ക്രമങ്ങളുടെ നൂലാമാലകളില്ലാതെ അതിവേഗം ഉപഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കുന്നതാണ് സ്വര്‍ണ പണയ സ്ഥാപനങ്ങള്‍ക്ക് രാജ്യമൊട്ടാകെ മികച്ച വളര്‍ച്ച നല്‍കുന്നത്. സുരക്ഷിത നിക്ഷേപമായ സ്വര്‍ണം ഈടായി സ്വീകരിച്ച്‌ അര മണിക്കൂറിനകം വായ്പ നല്‍കാൻ നിലവില്‍ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും കഴിയുന്നുണ്ട്. സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 70 ശതമാനത്തിലധികം വായ്പ ലഭിക്കുന്നതിനാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ ഏറെ ആശ്രയിക്കുന്നതും ഈ മേഖലയെയാണ്.

ഇന്തോനേഷ്യ, ചെക്ക് റിപ്പബ്ളിക്ക് മുതല്‍ ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രമുഖ രാജ്യങ്ങളെക്കാള്‍ കൂടുതല്‍ സ്വര്‍ണമാണ് കേരളത്തിലെ ധനകാര്യ കമ്ബനികളുടെ കൈവശമുള്ളത്.

Facebook Comments Box

By admin

Related Post