Fri. Mar 29th, 2024

‘ഗവര്‍ണര്‍മാര്‍ക്ക് നിയമസഭകളെ മറികടക്കാനാകില്ല, അധികാരം ജനപ്രതിനിധികള്‍ക്ക്’ സുപ്രീംകോടതിയുടെ സുപ്രധാന വിധി

By admin Nov 24, 2023
Keralanewz.com

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ലെന്നും സംസ്ഥാനത്തിന്റെ നിയമനിര്‍മാണം തടസപ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രീംകോടതി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. നിയമസഭ വീണ്ടും ബില്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും കോടതി വ്യക്തമാക്കി.

പഞ്ചാബ് ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലുള്ള വിധിയിലാണ് സുപ്രീംകോടതി ഉത്തരവ്. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവന്‍ മാത്രമാണെന്നും യഥാര്‍ഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഈ വകുപ്പ് പ്രകാരം ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുക, നല്‍കാതിരിക്കുക, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുക എന്നീ മൂന്ന് മാര്‍ഗങ്ങളാണ് ഗവര്‍ണറുടെ മുന്നിലുള്ളത്
.
ബില്ലിനു അംഗീകാരം നല്‍കുന്നില്ലെങ്കില്‍ നിയമസഭ വീണ്ടും പരിഗണിക്കുന്നതിനായി തിരിച്ചയയ്ക്കണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെ നിയമസഭാ നടപടികള്‍ അട്ടിമറിക്കാന്‍ ഗവര്‍ണര്‍മാര്‍ക്കു കഴിയും. തെരഞ്ഞെടുപ്പിലൂടെയല്ലാതെ സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണര്‍ക്ക് ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പ്രവര്‍ത്തനത്തെ വീറ്റോ ചെയ്യാനുള്ള സാഹചര്യമുണ്ടാകും. പാര്‍ലമെന്ററിഘടനയിലുള്ള ഭരണനിര്‍വഹണത്തെ അടിസ്ഥാനമാക്കിയുള്ള ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കു വിരുദ്ധമാണിതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Facebook Comments Box

By admin

Related Post