Fri. Apr 19th, 2024

ഡിസംബര്‍ 6, ഇന്ത്യ അപമാനിക്കപ്പെട്ട ദിനം; ബാബ്‌റി മസ്ജിദ് തകര്‍ത്തിട്ട് ഇന്ന് 31 ആണ്ട്

By admin Dec 6, 2023
Keralanewz.com

ഇന്ത്യ അപമാനിക്കപ്പെട്ട ബാബ്‌റി മസ്ജിദ് തകര്‍ക്കലിന് ഇന്ന് 31 ആണ്ട്. 1992 ഡിസംബര്‍ 6ന് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇരച്ചെത്തിയ കര്‍സേവകര്‍ മിനാരങ്ങളും ചുറ്റുമതിലുമടക്കം തകര്‍ത്ത് പള്ളിക്ക് സാരമായ കേടുപാടുകള്‍ വരുത്തി.

ആര്‍എസ്സ്‌എസും ഹിന്ദുമഹാസഭയും നേതൃത്വം നല്‍കിയ തീവ്ര ഹിന്ദുത്വവാദികള്‍ 1949ല്‍ തുടങ്ങിയ ശ്രമങ്ങളാണ് അന്ന് ഫലപ്രാപ്തിയിലെത്തിയത്. ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുന്നോടിയായിട്ടും അതിന് പിന്നാലെയും നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ അനേകായിരങ്ങള്‍ കൊല്ലപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ മൂലമാണ് ബാബറി മസ്ജിദിന് അന്ന് വേണ്ട രീതിയില്‍ സംരക്ഷണം ലഭിക്കാഞ്ഞതും കര്‍സേവകര്‍ക്ക് പള്ളി പൊളിക്കാനുമായത്. വേണ്ട വിധത്തില്‍ കേസന്വേഷിച്ച്‌ ബാബറി മസ്ജിദ് തകര്‍ത്ത മുതിര്‍ന്ന ബിജെപി നേതാക്കളുള്‍പ്പെടെയുള്ള അക്രമിസംഘത്തിന് ശിക്ഷ വാങ്ങി കൊടുക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. മസ്ജിദ് തകര്‍ത്തതിനുശേഷമുള്ള മൂന്ന് പതിറ്റാണ്ടിനിടയില്‍ ഇന്ത്യൻ രാഷ്‌ട്രീയത്തോടൊപ്പം സാമൂഹ്യാവസ്ഥയിലും അടിസ്ഥാന മാറ്റങ്ങള്‍ ഉണ്ടായി.

മതവിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നതിന്റെ അപകടങ്ങള്‍ മനസ്സിലാക്കുന്നതില്‍ ബാബറി മസ്ജിദിന്റെ ചരിത്രത്തിനേക്കാള്‍ നല്ലൊരു ഉദാഹരണം വേറെയില്ല. വിഭജനത്തിന് ശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ വര്‍ഗീയ ചേരിതിരിവിന് വഴിമരുന്നിട്ട ചരിത്രത്തിലെ ഏറ്റവും നൃശംസമായ സംഭവമായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കല്‍. ന്യൂനപക്ഷങ്ങളെ ഉത്കണ്ഠയുടെയും ഭീതിയുടെയും നിഴലില്‍ നിര്‍ത്താനാണ് ഇത് കാരണമായത്.

1949ല്‍ പള്ളി സംരക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്രുവിനെ അന്നത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ഗോബിന്ദ് വല്ലഭ് പന്ത് അവഗണിച്ചു. 1989ല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള കല്ലിടലിന്‌ അനുവാദം കൊടുത്ത പ്രധാനമന്ത്രി രാജീവ് ഗാന്ധി, ദേശീയ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ പ്രചാരണപരിപാടി അയോദ്ധ്യയില്‍ വച്ച്‌ ഉദ്ഘാടനം ചെയ്തു. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് കേന്ദ്രസേനയെ പള്ളി പരിസരത്ത് വിന്യസിക്കാതെ കര്‍സേവകര്‍ക്ക് ഒത്താശ ചെയ്ത കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവുവും ഇപ്പോള്‍ അയോദ്ധ്യയില്‍ തുടങ്ങിവച്ച രാമക്ഷേത്ര നിര്‍മ്മാണത്തിനായി സകലവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്ന രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ദിഗ്‌വിജയ് സിങ് ഉള്‍പ്പെടെയുള്ള നേതാക്കളും വര്‍ഗീയ രാഷ്ട്രീയത്തിന് കുട പിടിക്കുന്ന കോണ്‍ഗ്രസ് പാരമ്ബര്യത്തിന്റെ തുടര്‍ച്ചക്കാരാണ്. ഇന്ന് ബാബ്‌റി മസ്ജിദ് നിന്ന സ്ഥലത്ത് രാമക്ഷേത്രനിര്‍മാണത്തിന് നേതൃത്വം കൊടുക്കുന്നതും സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണെന്നത് മതേതര ജനാധിപത്യ ഇന്ത്യയുടെ ശവപ്പെട്ടിയിലടിക്കുന്ന ആണിയായേ നമുക്ക് മനസിലാക്കാനാകൂ.

Facebook Comments Box

By admin

Related Post