Tue. Apr 16th, 2024

പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തിന് ഇനി ലോക്-ഇൻ പിരിയഡ്; പലിശ എസ്ബിഐയേക്കാളും മുകളില്‍; മാറ്റങ്ങളറിയാം

By admin Dec 6, 2023
Keralanewz.com

റിസ്കെടുക്കാൻ താല്‍പര്യമില്ലാത്ത നിക്ഷേപകരുടെ ഒരു ചോയിസാണ് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍. താരതമ്യേന ഉയര്‍ന്ന പലിശ നിരക്കും കാലാവധി പൂര്‍ത്തിയാകുമ്ബോള്‍ നിശ്ചിത പലിശ തുക ലഭിക്കുമെന്ന ഉറപ്പുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പ്രധാന ആകര്‍ഷകണം.

പലിശ നിരക്കുകള്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്നതിനേക്കാള്‍ പലിശയും പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. അതേസമയം കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ചില മാറ്റങ്ങള്‍ പ്രകാരം ഇനി മുതല്‍ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലോക്‌ഇൻ പിരിയഡുണ്ടാകും.

പിൻവലിക്കല്‍ നിയന്ത്രണങ്ങള്‍

2023 നവംബര്‍ 7 ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളുടെ നേരത്തെയുള്ള പിൻവലിക്കലുകള്‍ സംബന്ധിച്ച നിയന്ത്രങ്ങള്‍ ധനമന്ത്രാലയം പുതുക്കിയത്. പുതിയ മാര്‍ഗ നിര്‍ദ്ദേശം പ്രകാരം 2023 നവംബര്‍ 10 നോ അതിനു ശേഷമോ ആരംഭിച്ച അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം നാല് വര്‍ഷം കഴിയുന്നതിന് മുൻപ് നേരത്തെ പിൻവലിക്കാൻ സാധിക്കില്ല. 2023 നവംബര്‍ 10-ന് മുൻപ് ആരംഭിച്ച നിക്ഷേപങ്ങള്‍ക്ക് നേരത്തെയുള്ള നിബന്ധനകളാണ് ബാധകം.

നേരത്തെ പിൻവലിക്കുമ്ബോള്‍ ലഭിക്കുന്ന പലിശ

മറ്റു കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കും സമാന തരത്തിലുള്ള മാറ്റങ്ങളുണ്ട്. ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം നിക്ഷേപ തീയതി മുതല്‍ 6 മാസത്തിനും ഒരു വര്‍ഷത്തിനും ഇടയില്‍ പിൻവലിക്കുകയാണെങ്കില്‍ ആ കാലയളവില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് ബാധകമായ പലിശ മാത്രമാണ് ലഭിക്കുക.

രണ്ട് വര്‍ഷത്തെ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം ഒരു വര്‍ഷത്തിന് ശേഷം പിൻവലിക്കുമ്ബോള്‍ ഒരു വര്‍ഷത്തെ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പോസ്റ്റ് ഓഫീസിന് ബാധകമായ പലിശ നിരക്കില്‍ നിന്ന് രണ്ട് ശതമാനം പിഴ ഈടാക്കും.

അഞ്ച് വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡിപ്പോസിറ്റ് നാല് വര്‍ഷം കഴിഞ്ഞതിന് ശേഷം പിൻവലിക്കുകയാണെങ്കില്‍, നല്‍കേണ്ട പലിശ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് നിരക്കിനെ അടിസ്ഥാനമാക്കിയായിരിക്കും.

പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം

പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് എന്നറിയപ്പെടുന്ന പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ 4 വ്യത്യസ്ത കാലയളവിലാണ് ലഭിക്കുന്നത്. വ്യക്തിഗത അക്കൗണ്ടും മൂന്ന് പേര്‍ ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 6.9 ശതമാനം മുതല്‍ 7.5 ശതമാനം വരെ പലിശയാണ് ലഭിക്കുന്നത്. ത്രൈമാസത്തില്‍ പലിശ നിരക്ക് പുനരവലോകനം ചെയ്യും.

എസ്ബിഐയേക്കാള്‍ പലിശ നിരക്ക്

1 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് പോസ്റ്റ് ഓഫീസ് 6.90 ശതമാനം പലിശ നല്‍കും. 2 വര്‍ഷ, 3 വര്‍ഷ സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് നല്‍കുന്നത്. 5 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശയും ലഭിക്കും. എസ്ബിഐയില്‍ 5 വര്‍ഷത്തേക്ക് റെഗുലര്‍ നിക്ഷേപകന് നല്‍കുന്നത് 6.50 ശതമാനം പലിശയാണ്.

അക്കൗണ്ട് ആര്‍ക്കൊക്കെ

1,000 രൂപ മുതല്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും. 10 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരില്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് എടുക്കാം. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ അക്കൗണ്ടെടുക്കാം. ഒരാള്‍ക്ക് ഒന്നില്‍ കൂടതല്‍ അക്കൗണ്ടെടുക്കാനും സാധിക്കും.

Facebook Comments Box

By admin

Related Post