Fri. Mar 29th, 2024

യുപിഎ സര്‍ക്കാരിനെ താഴെയിറക്കാൻ അവസാന ആണിയടിച്ചത് രാഹുല്‍ ഗാന്ധി; വെളിപ്പെടുത്തലുമായി പുതിയ പുസ്തകം

Keralanewz.com

ന്യൂഡല്‍ഹി: 2014ല്‍ യുപിഎയ്ക്ക് ഭരണം നഷ്ടമാകാനുള്ള പ്രധാന കാരണം രാഹുല്‍ ഗാന്ധിയാണെന്ന വെളിപ്പെടുത്തലുമായി പ്രണാബ് മുഖര്‍ജിയുടെ മകളുടെ പുസ്തകം.

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച പല കാരണങ്ങളില്‍ ‘അവസാനത്തെ ആണി’ രാഹുല്‍ ഗാന്ധി പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തിയ കലാപമാണെന്നാണ് പ്രണബ് മുഖർജി പറഞ്ഞതെന്ന് പ്രണാബിന്റെ മകൾ ശര്‍മിഷ്ഠ മുഖർജി വെളിപ്പെടുത്തി.

മുൻ രാഷ്ട്രപതിയെപ്പറ്റിയുള്ള ‘പ്രണബ് , മൈ ഫാദര്‍’ എന്ന പുസ്തകത്തിലാണ് ശര്‍മിഷ്ഠ ഈ വെളിപ്പെടുത്തല്‍ നടത്തിയത്

ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി ഉത്തരവു മറികടക്കാനായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനൻസ് പരസ്യമായി കീറിയതുള്‍പ്പെടെ രാഹുല്‍ ഉയര്‍ത്തിയ മണ്ടൻ പ്രതിഷേധങ്ങളെയാണ് പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സ്വന്തം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതോടെ രാഹുലിനോടുള്ള വിശ്വാസം പ്രണാബിനു നഷ്ടമായെന്നും പുസ്തകത്തിലെഴുതിയിട്ടുണ്ട്.

ഷോ കാണിക്കുന്നതിനു പകരം ഓര്‍ഡിനൻസ് ഒഴിവാക്കാനായിരുന്നു രാഹുല്‍ ശ്രമിക്കേണ്ടിയിരുന്നത്. മന്ത്രിസഭാ തീരുമാനത്തെ പരസ്യമായി വെല്ലുവിളിക്കാൻ അയാള്‍ ആരാണെന്നായിരുന്നു പ്രണാബ് പ്രതികരിച്ചതെന്നും ശര്‍മിഷ്ഠയുടെ പുസ്തകത്തില്‍ പറയുന്നു.

രാഷ്ട്രീയ പക്വതയില്ലാത്ത അഭിപ്രായ പ്രകടനങ്ങള്‍ രാഹുലില്‍ നിന്നുണ്ടായി, രാഷ്ട്രീയം മുഴുവൻസമയ ജോലിയാണ് തുടങ്ങിയ നിരീക്ഷണങ്ങളും രാഹുലിനെക്കുറിച്ചു പ്രണബ് നടത്തി.

നിര്‍ണായക ഘട്ടങ്ങളില്‍ അവധിയെടുത്തു വിദേശ യാത്രക്ക് പോകുന്ന രാഹുലിന്‍റെ രീതിയിലും പ്രണബിന് എതിര്‍പ്പുണ്ടായിരുന്നു. രാഹുലിന്‍റെ ഓഫീസിൽ ഉള്‍പ്പെടെയുള്ള വിശ്വസ്തരെക്കുറിച്ചും പ്രണബിന് എതിര്‍പ്പുണ്ടായിരുന്നു.

അതേസമയം, മോദിയെക്കുറിച്ചു വലിയ മതിപ്പോടെയായിരുന്നു പ്രണബ് സംസാരിച്ചിരുന്നത്. ഇന്ദിരാ ഗാന്ധിക്ക് ശേഷം ആളുകളുടെ മിടിപ്പ് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞ ഏക പ്രധാനമന്ത്രി മോദിയാണെന്ന് പ്രണബ് തന്നോടു പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും ശര്‍മിഷ്ഠ തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

2004ല്‍ യുപിഎ അധികാരത്തിലെത്തിയപ്പോള്‍ പ്രണാബ് മുഖര്‍ജി പ്രധാനമന്ത്രിയാകുമെന്നായിരുന്നു ഒട്ടുമിക്കവരും കരുതിയിരുന്നത്. എന്നാല്‍ വിപരീതമായ കാര്യമാണ് സംഭവിച്ചത്.

ആദ്യ യുപിഎ മന്ത്രിസഭയില്‍ ആഗ്രഹിച്ച വകുപ്പുകളും പ്രണാബിനു കിട്ടിയില്ല. ഒരുനാള്‍ പ്രധാനമന്ത്രിയാകാൻ മോഹിച്ചിരുന്നുവെന്ന് പ്രണബ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശര്‍മിഷ്ഠയുടെ പുസ്തകത്തിലുണ്ട്.

പ്രണാബ് മുഖർജിയെ പ്രധാനമന്ത്രി പദം നൽകാതെ രാഷ്ട്രപതി പദവി നൽകി ഒതുക്കിയതോടെയാണ് കോൺഗ്രസിന്റെ ശനിദശ ആരംഭിച്ചത്. പിന്നീട് വന്ന മൻമോഹൻ സിംഗ് കോൺഗ്രസ് നേതൃത്വത്തിന് മുമ്പിൽ ഓച്ഛാനിച്ച് നിന്നതല്ലാതെ സ്വന്തമായി ഒരു നിലപാടും പറയാൻ ശേഷിയുള്ള നേതാവായിരുന്നില്ല.

Facebook Comments Box

By admin

Related Post