Fri. Apr 26th, 2024

അമിത്‌ ഷായുടെ പരാമർശം ലോക്സഭയില്‍ പ്രതിപക്ഷ വാക്കൗട്ട്; നെഹ്‌റുവിന്റെ തെറ്റ് കാശ്‌മീരിനെ കഷ്‌ടപ്പെടുത്തിയെന്ന് അമിത് ഷാ

By admin Dec 7, 2023 #bjp #congress
Keralanewz.com

ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ രണ്ട് വലിയ തെറ്റുകള്‍ ജമ്മു കാശ്‌മീരിനെ വര്‍ഷങ്ങളോളം കഷ്‌ടപ്പെടുത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍.

പ്രസ്താവനയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം വാക്കൗട്ട് നടത്തി.

ജമ്മു കാശ്മീര്‍ സംവരണ ഭേദഗതി, ജമ്മു കാശ്മീര്‍ പുനഃസംഘടനാ ബില്ലുകളുടെ ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് അമിത് ഷായുടെ പരാമര്‍ശങ്ങള്‍. ബില്ലുകള്‍ പിന്നീട് ലോക്‌സഭ പാസാക്കി.

പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ നമ്മുടെ സൈന്യം മുന്നേറുമ്ബോഴാണ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മൂന്നു ദിവസം കാത്തെങ്കില്‍ പാക് അധിനിവേശ കാശ്‌മീര്‍ ഇന്ന് ഇന്ത്യയിലുണ്ടാകുമായിരുന്നു. നമ്മുടെ ആഭ്യന്തര പ്രശ്‌നം ഐക്യരാഷ്‌ട്രസഭയില്‍ എത്തിച്ചതാണ് നെഹ്‌റുവിന്റെ രണ്ടാമത്തെ തെറ്റായ തീരുമാനമെന്നും അമിത് ഷാ പറഞ്ഞു. നെഹ്‌റുവിന്റെ തീരുമാനങ്ങളെ ചരിത്രപരമായ മണ്ടത്തരം എന്ന് വിശേഷിപ്പിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റ് ബഹളം തുടങ്ങി. തുടര്‍ന്ന് വാക്കൗട്ട് നടത്തി.

രണ്ട് ബില്ലുകളും 70 വര്‍ഷമായി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി നല്‍കുമെന്ന് അമിത് ഷാ പറഞ്ഞു. ഭീകരതയുടെ പേരില്‍ കാശ്മീര്‍ വിട്ടവര്‍ക്ക് ബില്ലുകള്‍ പ്രാതിനിധ്യം ഉറപ്പാക്കും. ജമ്മു കാശ്മീരിലെ ഭീകരത അവസാനിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഒ.ബി.സി വിഭാഗങ്ങളുടെ പുരോഗതി കോണ്‍ഗ്രസ് തടസ്സപ്പെടുത്തുന്നു. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച്‌ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് പിന്നാക്ക വിഭാഗങ്ങളുടെയും പാവപ്പെട്ടവരുടെയും വേദന അറിയാം. 2024ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും 2026ല്‍ ജമ്മു കാശ്മീരില്‍ ഭീകരാക്രമണം ഉണ്ടാകില്ലെന്നും അമിത്ഷാ പ്രഖ്യാപിച്ചു.

ജമ്മു കാശ്മീര്‍ സംവരണ ഭേദഗതി ബില്‍

ജമ്മുകാശ്‌മീര്‍ സര്‍ക്കാര്‍ നിയമനത്തിലും പ്രൊഫഷണല്‍ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിലും ഒ.ബി.സിക്കും സാമ്ബത്തികമായി പിന്നാക്കം വിഭാഗങ്ങള്‍ക്കും സംവരണം ഉറപ്പാക്കും
 ജമ്മു കാശ്മീര്‍ പുനഃസംഘടനാ നിയമം

ജമ്മു കാശ്മീര്‍ സംസ്ഥാനത്തെ ജമ്മു കാശ്‌മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നു.
 ജമ്മു കാശ്‌മീര്‍ നിയമസഭ

അംഗബലം 107 ല്‍ നിന്ന് 114 ആയി ഉയര്‍ത്തും. ഏഴ് സീറ്റ് പട്ടികജാതിക്കും ഒമ്ബത് സീറ്റ് പട്ടികവര്‍ഗത്തിനും സംവരണം. ജമ്മുവിലെ സംവരണ സീറ്റുകള്‍ 37ല്‍ നിന്ന് 43 ആക്കും. കാശ്മീരില്‍ സംവരണ സീറ്റുകള്‍ 46ല്‍ നിന്ന് 47 ആക്കും. പാക് അധിനിവേശ കാശ്മീരിന് 24 സീറ്റുകള്‍. ഒരു സീറ്റ് അധിനിവേശ കാശ്മീരില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് സംവരണം ചെയ്യും.ഒരു വനിത ഉള്‍പ്പെടെ കാശ്മീരി കുടിയേറ്റ വിഭാഗത്തിലെ രണ്ടുപേരെ നാമനിര്‍ദ്ദേശം ചെയ്യും.

ഫാറൂഖ് അബ്ദുള്ള (മുൻ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി, നാഷണല്‍ കോണ്‍ഫറൻസ് പ്രസിഡന്റ് )

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്

പൂഞ്ചും രജൗരിയും സംരക്ഷിക്കാൻ. അല്ലെങ്കില്‍ ആ പ്രദേശങ്ങള്‍ പാകിസ്ഥാനിലേക്ക് പോകുമായിരുന്നു. ജമ്മുകാശ്‌മീര്‍ വിഷയം ഐക്യരാഷ്‌ട്രസഭയില്‍ ഉന്നയിക്കാൻ മൌണ്ട് ബാറ്റണ്‍ പ്രഭുവും സര്‍ദാര്‍ വല്ലഭായ് പട്ടേലും പിന്തുണച്ചിരുന്നു.

Facebook Comments Box

By admin

Related Post